Site iconSite icon Janayugom Online

ബ്രെയിന്‍ അനൂറിസവും പിന്‍-ഹോള്‍ ചികിത്സയും

എന്താണ് ബ്രെയിന്‍ അനൂറിസം അഥവാ മസ്തിഷ്‌ക അനൂറിസം? 

രക്തക്കുഴലുകളുടെ ദുര്‍ബലമായ ഭാഗങ്ങള്‍ ഒരു ബലൂണ്‍ പോലെ പുറത്തേയ്ക്ക് വീര്‍ക്കുന്ന രോഗമാണ് അനൂറിസം. രക്തക്കുഴല്‍ അതിന്റെ ശേഷിക്കപ്പുറം വികസിക്കുമ്പോള്‍, അവ പൊട്ടിപ്പോകുകയും തലച്ചോറിലേക്കും അല്ലെങ്കില്‍
ചുറ്റുമുള്ള ഇടഎലേയ്ക്കും രക്തസ്രാവമുണ്ടാക്കുകയും ചെയ്യുന്നു. ഇത് വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നു, ചിലപ്പോള്‍ ജീവനുതന്നെ അപകടമുണ്ടായേക്കാം.

മസ്തിഷ്‌ക അനൂറിസത്തിന്റെ കാരണമെന്ത്?

ചിലരില്‍ ജന്മനാ രക്തക്കുഴലുകള്‍ ദുര്‍ബലമാകുന്ന അവസ്ഥ ഉണ്ടായേക്കാം. പക്ഷേ ഇത് സാധാരണയായി സംഭവിക്കുന്നത് രക്തക്കുഴലുകളുടെ ദുര്‍ബലമായ ഭാഗങ്ങളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോഴാണ്, പ്രത്യേകിച്ച് രക്തക്കുഴലുകള്‍ രണ്ടായി വിഭജിക്കുന്ന ഭാഗങ്ങളില്‍. പ്രമേഹം, രക്താതിമര്‍ദ്ദം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ കാരണങ്ങളാലും രക്തക്കുഴലുകളുടെ പാളി ദുര്‍ബലമാകുന്നു. രക്തസമ്മര്‍ദ്ദം പെട്ടെന്ന് ഉയരുമ്പോള്‍ ഈ ഭാഗങ്ങളില്‍ അനൂറിസം രൂപപ്പെടുകയും പൊട്ടുകയും ചെയ്യുന്നു.

മസ്തിഷ്‌ക അനൂറിസം സാധാരണയായി കണ്ടുവരുന്ന രോഗമാണോ?

ജനസംഖ്യയുടെ ഏകദേശം 2% ആളുകളില്‍ ബ്രെയിന്‍ അനൂറിസം കാണപ്പെടുന്നു. ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരിലാണ് രോഗം കൂടുതലായി കാണുന്നത്.

മസ്തിഷ്‌ക അനൂറിസത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

സാധാരണയായി പൊട്ടിപ്പോകാത്ത ബ്രയിന്‍ അനൂറിസം പ്രത്യേക രോഗലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. അപൂര്‍വ്വമായി, സമീപ ഘടനകളിലുള്ള ഞരുക്കം മൂലം തലവേദനയോ കാഴ്ചക്കുറവോ ഉണ്ടാകാം. മറ്റു കാരണങ്ങളാല്‍ മസ്തിഷ്‌കത്തിന്റെ സ്‌കാനിംഗ് വേണ്ടിവരുന്ന സാഹചര്യങ്ങളില്‍ രക്തക്കുഴലുകള്‍ പൊട്ടിപ്പോകുന്നതിനു മുമ്പായി അനൂറിസം കണ്ടെത്താന്‍ സാധിക്കുന്നു.ഒരു അനൂറിസം പൊട്ടുമ്പോള്‍, പെട്ടെന്നുള്ള കടുത്ത തലവേദന, ഛര്‍ദ്ദി, കാഴ്ച വൈകല്യം, അപസ്മാരം, കൈകാലുകളുടെ ബലഹീനത അല്ലെങ്കില്‍ ബോധം
നഷ്ടമാവുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. പെട്ടെന്ന് തന്നെ അനുയോജ്യമായ ചികിത്സ ചെയ്തില്ലെങ്കില്‍ ഇത് ജീവനു തന്നെ ഭീഷണിയാണ്.

അനൂറിസം പൊട്ടിയാല്‍ എന്തൊക്കെ സംഭവിക്കാം?

അനൂറിസം പൊട്ടുമ്പോള്‍, രക്തക്കുഴലുകളില്‍ നിന്ന് തലച്ചോറിലേക്കോ തലച്ചോറിനു ചുറ്റുമുള്ള ദ്രാവകത്തിലേക്കോ രക്തം ഒഴുകുന്നു. പൊട്ടല്‍ ചെറുതാണെങ്കില്‍, രക്തസ്രാവം താല്‍ക്കാലികമായി നില്‍ക്കുകയും ജീവനു വെല്ലുവിളിയാകുന്ന രീതിയിലുള്ള രക്തസ്രാവം ഉണ്ടാകുന്നത് തടയാനുള്ള ചികിത്സ നല്‍കുവാനുള്ള സമയം ലഭിക്കുകയും ചെയ്യുന്നു. വലിയ രീതിയിലുള്ള പൊട്ടല്‍ ഉണ്ടായാല്‍ ചികിത്സ
നല്‍കുവാനുള്ള സമയം ലഭിക്കുന്നതിനു മുമ്പ് തന്നെ ഇതുമൂലമുണ്ടാകുന്ന സമ്മര്‍ദ്ദം തലച്ചോറിനെ തകരാറിലാക്കുകയും കോമ അല്ലെങ്കില്‍ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

അനൂറിസം പൊട്ടിയ അവസ്ഥയില്‍ ഉള്ളവരില്‍ ഏകദേശം 50% രോഗികളും 3 മാസത്തിനുള്ളില്‍ മരണപ്പെടുന്നു, അതില്‍ നാലിലൊന്നു പേര്‍ 24 മണിക്കൂറിനുള്ളലും. ഈ അവസ്ഥ അതിജീവിക്കുന്നവരില്‍ തലച്ചോറിന് കാര്യമായ ക്ഷതം സംഭവിച്ചേക്കാം. കൃത്യ സമയത്തുള്ള ചികിത്സ മരണ സാദ്ധ്യതയും മസ്തിഷ്‌ക ക്ഷതവും കുറയ്ക്കുന്നു.

അനൂറിസം പൊട്ടിപ്പോകാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്?

രക്തക്കുഴലിന്റെ ഭിത്തിയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ അനൂറിസം പൊട്ടാന്‍ കാരണമാകുന്നു. രക്തസമ്മര്‍ദ്ദം കൂടുന്നതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.അതിനാല്‍, രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന എല്ലാ സാഹചര്യങ്ങളും (മാനസിക സമ്മര്‍ദ്ദം കൂടുക, ഭാരിച്ച ജോലികള്‍ അല്ലെങ്കില്‍ ബിപി മരുന്നുകള്‍ പതിവായി കഴിക്കാത്തത് എന്നിവ) അനൂറിസം പൊട്ടാന്‍ കാരണമാകുന്നു. ഇതുകൂടാതെ,
അനൂറിസവുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍ — വലിപ്പം, ആകൃതി, സ്ഥാനം എന്നിവ, പൊട്ടാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.

രോഗനിര്‍ണ്ണയ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ?

സിടി ആന്‍ജിയോഗ്രാഫി, എംആര്‍ ആന്‍ജിയോഗ്രാഫി തുടങ്ങിയ സ്‌കാനിംഗ് രീതികള്‍ ഉപയോഗിച്ചാണ് അനൂറിസം നിര്‍ണ്ണയിക്കുന്നത്. ഈ പരിശോധനകള്‍ നെഗറ്റീവ് ആയിട്ടും അനൂറിസം ആണെന്നുള്ള സംശയം ഡോക്ടര്‍ക്ക് നിലനില്‍ക്കുകയാണെങ്കില്‍, ഡിജിറ്റല്‍ സബ്ട്രാക്ഷന്‍ ആന്‍ജിയോഗ്രാഫി ടെസ്റ്റ് (Dig­i­tal­Sub­trac­tion Angiog­ra­phy test) പോലുള്ള വിശദമായ പരിശോധനകള്‍
നടത്തേണ്ടതുണ്ട്.

ചികിത്സ തേടേണ്ടത് എപ്പോള്‍?

രോഗം സ്ഥിരീകരിച്ചാല്‍ എത്രയും വേഗം ചികിത്സ തേടണം, പ്രത്യേകിച്ച് അനൂറിസം പൊട്ടിയിട്ടുണ്ടെങ്കില്‍. ഒരിക്കല്‍ പൊട്ടി നിയന്ത്രണ വിധേയമായ അനൂറിസം വീണ്ടും പൊട്ടുകയാണെങ്കില്‍ തീവ്രമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും മരണത്തിലേക്ക്
നയിക്കുകയും ചെയ്യും.

ചികിത്സാ രീതികള്‍ എന്തൊക്കെ?

സാധാരണ ശസ്ത്രക്രിയയിലൂടെയോ രക്തക്കുഴലുകള്‍ വഴിയുള്ള പിന്‍ഹോള്‍ ശസ്ത്രക്രിയയിലൂടെയോ അനൂറിസം ചികിത്സിക്കാവുന്നതാണ്. അനൂറിസത്തിലേക്ക് ഒഴുകുന്ന രക്തത്തെ തടഞ്ഞാണ് രണ്ട് രീതികളിലും ചികിത്സിക്കുന്നത്. സാധാരണ ശസ്ത്രക്രിയ (Open surgery) ഒരു ന്യൂറോ സര്‍ജനും രക്തക്കുഴലിലൂടെയുള്ള പിന്‍ഹോള്‍ ചികിത്സ ഈ നടപടിക്രമങ്ങളില്‍ പ്രത്യേകം പരിശീലനം ലഭിച്ച ന്യൂറോ
ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുമാണ് ചെയ്യുന്നത്. രോഗിയുടെ പൊതുവായ അവസ്ഥയെയും അനൂറിസത്തിന്റെ സ്ഥിതിയും ആശ്രയിച്ചാണ് ചികിത്സാ രീതി തിരഞ്ഞെടുക്കുന്നത്.ഓപ്പണ്‍ സര്‍ജറിയില്‍, തലയോട്ടി തുറന്ന്, അനൂറിസത്തിന്റെ അടിഭാഗത്ത്
(രക്തക്കുഴലിനും അനൂറിസത്തിനും ഇടയില്‍) ഒരു മെറ്റല്‍ ക്ലിപ്പ് സ്ഥാപിച്ച് അനൂറിസത്തിലേക്ക് രക്തം ഒഴുകുന്നത് തടസ്സപ്പെടുത്തുന്നു.
പിന്‍ഹോള്‍ ശസ്ത്രക്രിയ ഉപയോഗിച്ച് മിക്ക അനൂറിസങ്ങളും ആന്‍ജിയോഗ്രാം ചെയ്യുന്നത് പോലെ ചികിത്സിക്കാം. ചെറിയ ട്യൂബുകളും ഉപകരണങ്ങളും രക്തക്കുഴലുകളിലൂടെ കടത്തിവിട്ട് എക്‌സ്-റേ പോലുള്ള സ്‌കാനിംഗ് സമ്പ്രദായങ്ങള്‍ ഉപയോഗിച്ച് ഉള്ളിലെ കാര്യങ്ങളൊക്കെ വ്യക്തമായി സ്‌ക്രീനിലൂടെ കണ്ടുകൊണ്ടാണ് ഇത് ചെയ്യുന്നത്. ഈ രീതിയിലും, കോയിലുകള്‍, സ്റ്റെന്റുകള്‍
തുടങ്ങിയവ ഉപയോഗിച്ച് അനൂറിസത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പടുത്തുന്നു.

ഇതില്‍ കോയിലിംഗ് ചികിത്സയാണ് സാധാരണയായി ഉപയോഗിക്കുന്നത്. ചെറിയ കത്തീറ്ററുകള്‍ വഴി കോയിലുകള്‍ ഉപയോഗിച്ച് അനൂറിസം നിറയ്ക്കുന്നു, അതിനാല്‍ രക്തം അനൂറിസത്തിലേയ്ക്ക് പ്രവേശിക്കുകയില്ല. കോയില്‍ രക്തക്കുഴലിലേക്ക് കയറുന്നത് തടയാനായി ചില സന്ദര്‍ഭങ്ങളില്‍ സ്റ്റെന്റോ ബലൂണോ കൂടി രക്തക്കുഴലില്‍ വയ്‌ക്കേണ്ടി വരാം. കോയിലുകള്‍ക്ക് പകരം മെഷ് / നെറ്റ് പോലുള്ള WEB എന്നറിയപ്പെടുന്ന ഉപകരണം അനൂറിസത്തിനുള്ളില്‍ വച്ചും ചികിത്സ ചെയ്യാറുണ്ട്.

ചില അനൂറിസങ്ങളില്‍ കോയിലിംഗ് സാധ്യമല്ല, ഈ സാഹചര്യത്തില്‍ പ്രത്യേക സാങ്കേതിക വിദ്യകളും ഫ്‌ളോ ഡൈവേര്‍ട്ടര്‍ പോലുള്ള ഉപകരണങ്ങളും ആവശ്യമായി വരും. ഇത് രക്തക്കുഴലില്‍ സ്ഥാപിക്കുന്നതു വഴി അനൂറിസത്തിലേയ്ക്ക് രക്തം ഒഴുകുന്നത് നിയന്ത്രിക്കുവാന്‍ സാധിക്കും. അപൂര്‍വ്വമായി മാത്രം, ജീവനു ഭീഷണിയാകുന്ന രക്തസ്രാവം തടയുന്നതിനായി അനൂറിസം ഉള്ള ധമനിയെ
അടയ്ക്കുക എന്നതാണ് ഏക മാര്‍ഗ്ഗം.

ഈ ചികിത്സകള്‍ളിലൂടെ രോഗമുക്തി നേടാന്‍ എത്രത്തോളം സമയമെടുക്കും?

പൊട്ടാത്ത അനൂറിസം ആണെങ്കില്‍ ആശുപത്രി വാസം കുറവായിരിക്കും. പിന്‍ഹോള്‍ ഇന്റര്‍വെന്‍ഷണല്‍ ചികിത്സയുടെ കാര്യത്തില്‍, രോഗികള്‍ക്ക് 2 ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ആകുവാനും സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനും സാധിക്കും. ശസ്ത്രക്രിയ മാര്‍ഗ്ഗമാണ് സ്വീകരിച്ചതെങ്കില്‍ സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് കൂടുതല്‍ സമയം വേണ്ടിവന്നേക്കാം. പൊട്ടിയ അനൂറിസങ്ങള്‍ക്ക് ആശുപത്രിവാസം നീണ്ടുനില്‍ക്കും.

അനൂറിസം പോട്ടുന്നതുമൂലം തലയോട്ടിക്കുള്ളിലെ രക്തസ്രാവം മറ്റ് സങ്കീര്‍ണ്ണതകളിലേയ്ക്ക് നയിക്കുന്നു, ഇതു കാരണം മസ്തിഷ്‌ക
ഘടനകള്‍ക്കുണ്ടാകുന്ന കേടുപാടുകളില്‍ നിന്നും രോഗമുക്തി നേടുന്നതിനാണ് സമയമെടുക്കുന്നത്. ഏതതൊരു അസുഖത്തെ പോലെയും രോഗം വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ ഒരു പരിധിവരെ അനൂറിസത്തെ അകറ്റി നിര്‍ത്താന്‍ സാധിക്കും.

ഡോ. പ്രവീൺ എ
സീനിയർ കൺസൾട്ടന്റ് — ന്യൂറോ ആൻഡ് വാസ്കുലർ ഇന്റർവെൻഷണൽ റേഡിയോളജി
SUT ഹോസ്പിറ്റൽ, പട്ടം

Exit mobile version