Site iconSite icon Janayugom Online

പെലെയെ വായിക്കാനായി മാത്രം എഴുത്തും വായനയും പഠിച്ച ബ്രസീലിയൻ ജനത

ഭാഗം:2

സാവോ പോളോയിലെ ബൗറു സംസ്ഥാനത്ത് ദാരിദ്ര്യത്തിലായിരുന്നു പെലെയുടെ ബാല്യകാലം. ചായക്കടകളില്‍ ജോലി ചെയ്തും ഷൂ പോളിഷ് ചെയ്തും അദ്ദേഹം ദാരിദ്ര്യത്തെ പ്രതിരോധിച്ചു. അച്ഛന് കീഴില്‍ ഫുട്ബോള്‍ പരിശീലിച്ചു. സോക്സിനുള്ളില്‍ ന്യൂസ് പേപ്പര്‍ തിരുകി നൂല് കൊണ്ട് കെട്ടി തട്ടിയായിരുന്നു കളി. കൂടാതെ മാമ്പഴം തട്ടി അതിന്റെ കട്ടികുറച്ച് പന്തിന്മേലുള്ള കാലടക്കം നന്നേ ചെറുപ്പത്തില്‍ തന്നെ നേടാനും പെലെയ്ക്ക് സാധിച്ചു. ഏഴ് വയസ്സുള്ളപ്പോള്‍ മുതല്‍ കുട്ടികള്‍ക്കായുള്ള പല ടീമുകള്‍ക്കും വേണ്ടി കളിച്ചു തുടങ്ങി. ബൗറു അത്ലറ്റിക് ക്ലബ്ബിന് വേണ്ടി രണ്ട് സാവോ പോളോ സ്റ്റേറ്റ് യൂത്ത് ചാമ്പ്യൻഷിപ്പില്‍ ക‍ളിച്ചു. ഏതാണ്ട് ഇതേകാലത്ത് ഇൻഡോര്‍ ഫുട്ബോള്‍ ടീമായ റേഡിയത്തിന് വേണ്ടി കളിച്ചുതുടങ്ങി. പെലെ കളിക്കാൻ തുടങ്ങിയ കാലത്താണ് ബൗറുവില്‍ ഫുട്സാല്‍ എന്നറിയപ്പെടുന്ന ഇൻഡോര്‍ ഫുട്ബോളിന് ജനപ്രീതിയുണ്ടായത്. ഇരു ടീമിലെയും അഞ്ച് വീതം കളിക്കാര്‍ താരതമ്യേനെ ചെറിയ കോര്‍ട്ടില്‍ അടുത്തടുത്ത് നില്‍ക്കുന്നതിനാല്‍ കളിക്കാര്‍ വളരെ വേഗത്തില്‍ തീരുമാനമെടുക്കേണ്ട കളിയാണ് ഫുട്സാല്‍. ഗ്രൗണ്ടില്‍ വളരെ പെട്ടെന്ന് തീരുമാനമെടുക്കാൻ ഫുട്സാല്‍ തന്നെ പ്രാപ്തനാക്കിയെന്ന് പെലെ തന്നെ പറയുന്നു. എന്തിനെയും നേരിടാനുള്ള ധൈര്യമാണ് അതിലൂടെ ലഭിച്ചത്.

1956ല്‍ ബൗറു കോച്ച് ആയിരുന്ന വാള്‍ഡെമാര്‍ ഡെ ബ്രിട്ടോ പെലെയെ സാന്റോസ് എഫ്.സിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറാണ് ഈ 15 വയസ്സുകാരൻ എന്നാണ് അദ്ദേഹം ടീം മാനേജ്മെന്റിനോട് പറഞ്ഞത്. തന്റെ പരിശീലന മത്സരത്തില്‍ സാന്റോസ് കോച്ച് ലുലയെ പ്രീതിപ്പെടുത്താൻ പെലെയ്ക്ക് സാധിക്കുകയും ക്ലബ്ബുമായി കരാര്‍ ഒപ്പിടുകയും ചെയ്തു. അങ്ങനെ 15-ാം വയസ്സില്‍ പെലെ തന്റെ സീനിയര്‍ ടീം അരങ്ങേറ്റം നടത്തി. സെപ്തംബര്‍ ഏഴിന് നടന്ന മത്സരത്തില്‍ സാന്റോസ് കോറിന്ത്യൻസിനെ 7–1ന് പരാജയപ്പെടുത്തുകയും പെലെ തന്റെ അതിഗംഭീര കരിയറിലെ ആദ്യ ഗോള്‍ നേടുകയും ചെയ്തു. പ്രൊഫഷണല്‍ കരാര്‍ ഒപ്പിട്ട് പത്ത് മാസത്തിന് ശേഷം ദേശീയ ടീമില്‍ നിന്നും വിളിയെത്തി. അര്‍ജന്റീനയ്ക്കെതിരായ ആ മത്സരം ബ്രസീല്‍ 1–2ന് തോറ്റെങ്കിലും ബ്രസീലിന്റെ ഏക ഗോള്‍ നേടിയത് പെലെ ആയിരുന്നു. 16 വയസ്സും ഒമ്പത് മാസവുമായിരുന്നു അദ്ദേഹത്തിന് അപ്പോള്‍ പ്രായം.

1958ലെ ലോകകപ്പിന് ശേഷം റിയല്‍ മാഡ്രിഡ്, യുവന്റസ്, ഇന്റര്‍ മിലാൻ തുടങ്ങിയ സമ്പന്നമായ പല യൂറോപ്യൻ ക്ലബ്ബുകളും പെലെയെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും ബ്രസീല്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ദേശീയ സ്വത്തായി പ്രഖ്യാപിച്ച് രാജ്യത്തിന് പുറത്തേക്കുള്ള അദ്ദേഹത്തിന്റെ ട്രാൻസ്ഫര്‍ തടഞ്ഞു. പെലെയുടെ ശൈലി ട്രിബ്ലിംഗില്‍ അടിസ്ഥിതമാണ്. എതിരാളികളെ അമ്പരപ്പിച്ചുകൊണ്ട് അവര്‍ക്കിടയിലൂടെ പന്ത് ട്രിബിള്‍ ചെയ്ത് അദ്ദേഹം ഗോള്‍ വല ചലിപ്പിക്കുന്നു. വൈകുന്നേരങ്ങളില്‍ സഹകളിക്കാരെല്ലാം ഗ്രൗണ്ട് വിട്ടാലും പെലെ ഗ്രൗണ്ടിലുണ്ടാകും. ട്രിബ്ലിംഗ് പരിശീലിച്ചും വ്യത്യസ്ത കോണുകളില്‍ നിന്നം വ്യത്യസ്ത അകലങ്ങളില്‍ നിന്നും ഗോള്‍ പോസ്റ്റിലേക്ക് ഷോട്ടുകള്‍ പായിച്ചും അദ്ദേഹം അവിടെ തുടരും. പ്രതിഭയ്ക്കൊപ്പം കഠിനാധ്വാനം കൂടിയായപ്പോള്‍ ലോകത്തിന് പെലെയെ ലഭിച്ചുവെന്ന് പറയാം.

1971ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചതിന് ശേഷവും സാന്റോസുമായുള്ള കരാര്‍ തുടര്‍ന്നു. 1974ല്‍ ബ്രസീലിയൻ ക്ലബ്ബ് ഫുട്ബോളില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും സുപ്രധാന മത്സരങ്ങളില്‍ അവര്‍ക്ക് വേണ്ടി ബുട്ടണിയാൻ പെലെ എത്തുമായിരുന്നു. 1975ല്‍ ന്യൂയോര്‍ക്ക് കോസ്മോസുമായി കരിയര്‍ ഒപ്പിട്ട് ലോകത്തിലേറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്ബോളറായി. ബേസ്ബോളിന് മാത്രം ജനപ്രീതിയുള്ള അമേരിക്കയില്‍ പെലെ എത്തിയതോടെ ഫുട്ബോളിനും ആരാധകരായി. 1977 ഒക്ടോബര്‍ 1ന് തന്റെ ക്ലബ്ബുകളായ ന്യൂയോര്‍ക്ക് കോസ്മോസും സാന്റോസും തമ്മിലുള്ള മത്സരം കളിച്ച് പെലെ തന്റെ സ്ട്രൈക്കര്‍ കരിയര്‍ അവസാനിപ്പിച്ചു. പെലെ കളത്തിലിറങ്ങിയില്ലെങ്കില്‍ ക്ലബ്ബിന്റെ ഫീസ് രണ്ട് മടങ്ങ് കുറയ്ക്കുമെന്ന് സാന്റോസ് ഫുട്ബോള്‍ മത്സരങ്ങളുടെ സംഘാടകരുമായി കരാര്‍ ഉണ്ടാക്കിയിരുന്നുവെന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തെ അന്നേ ഫുട്ബോള്‍ ലോകം എത്രമാത്രം വിലമതിച്ചിരുന്നുവെന്ന് മനസ്സിലാക്കാം.

വിരമിക്കലിന് ശേഷവും പെലെയുടെ വളര്‍ച്ച തുടര്‍ന്നു. ‘ഞാൻ പെലെ’ എന്ന പുസ്തകം എഴുതിയത് അതിനുശേഷമാണ്. ആ ഇതിഹാസത്തിന് പറയാനുള്ളത് വായിക്കാനായി മാത്രം ലക്ഷക്കണക്കിന് നിരക്ഷരരായ ബ്രസീലുകാര്‍ എഴുതാനും വായിക്കാനും പഠിച്ചു. ഇതിന് പെലെയ്ക്ക് ബ്രസീലിയൻ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക ആദരം നല്‍കുകയും ചെയ്തു. ഇതോടെ മികച്ച ഫുട്ബോളര്‍ എന്നതുപോലെ നല്ല മനുഷ്യസ്നേഹിയായും അദ്ദേഹം അറിയപ്പെട്ടു. പെലെയെക്കുറിച്ച് പറഞ്ഞാല്‍ ഇവിടെയൊന്നും തീരില്ല. അതിനാല്‍ തല്‍ക്കാലം നിര്‍ത്തുന്നു.

Eng­lish Sum­mery: Brazil­ian Peo­ple Who Learn Read­ing and Writ­ing Only For Read Pele’s Book

You May Also Like This Video

Exit mobile version