Site iconSite icon Janayugom Online

നിയമങ്ങൾ കാറ്റിൽ പറത്തി അപകടരമായ യാത്ര

നിയമങ്ങൾ കാറ്റിൽ പറത്തി കൊണ്ട് വെങ്ങരയിലെ റെയില്‍വേ ട്രാക്കുകളിലൂടെ വിദ്യാർത്ഥികളുടെ അപകടരമായ യാത്ര പതിവ് കാഴ്ചയാകുകയാണ്. വെങ്ങര റെയില്‍വേ ഗേറ്റിനും, ഗവ.വെല്‍ഫെയര്‍ യു.പി.സ്കൂള്‍ ഭാഗത്തേയ്ക്കുള്ള നടപ്പാതയ്ക്കുമിടയിലെ കാല്‍നട യാത്രക്കാരായ വിദ്യാര്‍ത്ഥികളും, സ്ത്രീകള്‍ അടക്കമുള്ള മുതിര്‍ന്നവരും റെയില്‍വേ ട്രാക്കുകളെയാണ് ആശ്രയിക്കുന്നത്. ഇത്തരം യാത്ര ദുരന്തങ്ങളിലേയ്ക്കുള്ള സാഹസിക യാത്രയാണെന്ന് റെയില്‍വേ ജീവനക്കാർ ചൂണ്ടിക്കാട്ടിയിട്ടും യാതൊരു ഫലവുമുണ്ടാകുന്നില്ല. മിനുട്ടുകളുടെ വ്യത്യാസത്തില്‍ ഇരുട്രാക്കുകളിലൂടെയും ട്രെയിനുകള്‍ കുതിച്ചുപാഞ്ഞു വരാമെന്നിരിക്കെ, കൂട്ടംചേര്‍ന്നുള്ളതും, മൊബൈല്‍ ഫോണുകളില്‍ സംസാരിച്ചുമുള്ള വിദ്യാര്‍ത്ഥികളുടെയും മറ്റും അശ്രദ്ധമായ സഞ്ചാരങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതാണ്.

വിലക്കപ്പെട്ട ഇത്തരം സഞ്ചാരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ട്രെയിൻ പൈലറ്റുമാർ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിയമവ്യവസ്ഥ. അശ്രദ്ധമായ രീതിയിൽ ട്രാക്കിലൂടെയുള്ള സഞ്ചാരമധ്യേ ചിലര്‍ ട്രെയിൻതട്ടി മരണത്തിന് ഇടയായ സംഭവങ്ങളും നേരത്തെ ഈ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഒറ്റപ്പാത മാത്രമായിരുന്ന കാലത്ത് കാല്‍നട യാത്രയ്ക്ക് വശങ്ങളില്‍ സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ഇരട്ടപ്പാത വന്നതോടെ സൗകര്യങ്ങള്‍ പൂര്‍ണ്ണമായും നിലച്ചു എന്ന് മാത്രമല്ല ട്രെയിൻ വരുമ്പോ ഒഴിഞ്ഞ് മാറി നിൽക്കാനും പറ്റുന്നില്ല. വെങ്ങര റെയില്‍വേ ഗേറ്റിനും, വെല്‍ഫെയര്‍ യു.പി.സ്കൂളിലേയ്ക്കുമുള്ള നടപ്പാതയ്ക്കും ഏകദേശം മധ്യേ, 50 മീറ്റര്‍ മാത്രം മാറിയുള്ള ചൈനാക്ലേ റോഡ് സുരക്ഷിത കാല്‍നട യാത്രയ്ക്കായി ഉണ്ട് എന്നിരിക്കെയാണ് ഈ പാളങ്ങളിലൂടെ യുള്ള ദുർഘട യാത്ര. ദുരന്തങ്ങള്‍ക്ക് സംഭവിച്ചതിന് ശേഷം വിലപിക്കാതെ, പ്രായോഗികമായി ചിന്തിച്ചാല്‍ റെയില്‍വേ ട്രാക്കുകളില്‍ ജീവനുകള്‍ പൊലിയാതെ സ്വയം സംരംക്ഷണം തീര്‍ക്കാവുന്നതേയുള്ളുവെന്നതാണ് റെയിൽവേ ജീവനക്കാരുടെ മുന്നറിയിപ്പ്. 

You may also like this video

Exit mobile version