Site icon Janayugom Online

ബ്രേക്ക്ത്രു രോഗബാധകള്‍ നാമമാത്രം; വാക്സിനെടുത്തവരില്‍ 2.6 ലക്ഷം പേര്‍ക്ക് കോവിഡ്

വാക്സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് ബാധ കുറവെന്ന് കണക്കുകള്‍. 53 കോടി പേര്‍ വാക്സിന്‍ സ്വീകരിച്ചതില്‍ 2.6 ലക്ഷം പേര്‍ക്കാണ് ബ്രേക്ക്ത്രു രോഗബാധകള്‍ സ്ഥിരീകരിച്ചതെന്നും ഇത് 0.05 ശതമാനം മാത്രമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇവരില്‍ 1,71,511 പേര്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണ്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരില്‍ 87,049 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് ഉപയോഗത്തിലുള്ള കോവിഷീല്‍ഡ്, കോവാക്സിന്‍, സ്പുട്നിക് എന്നീ മൂന്ന് വാക്സിനുകളും മികച്ച ഫലം നല്‍കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.

86 ശതമാനം ബ്രേക്ക്ത്രു ഇന്‍ഫെക്ഷനുകളിലും തീവ്രവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വകഭേദമാണ് കാരണമെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ആദ്യമായി ഇന്ത്യയില്‍ കണ്ടെത്തുകയും പിന്നീട് ലോകമൊട്ടാകെ വ്യാപിക്കുകയും ചെയ്ത മാരക ശേഷിയുള്ള വകഭേദമാണ് ഡെല്‍റ്റ. കേരളത്തില്‍ പൂര്‍ണമായും കോവിഡ് വാക്‌സിന്‍ എടുത്ത 40,000ലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്.ഏറ്റവും കൂടുതല്‍ ബ്രേക്ക്ത്രൂ കോവിഡ് കേസുകള്‍ പത്തനംതിട്ട ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ ആദ്യ ഡോസ് വാക്‌സിനെടുത്ത 14,947 പേര്‍ക്കും രണ്ട് ഡോസ് വാക്‌സിനെടുത്ത 5042 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വാക്സിന്‍ പ്രതിരോധം മറികടന്നുള്ള കോവിഡ് ബാധകള്‍ ആശങ്കയാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. എന്നാല്‍ രാജ്യത്ത് കുറഞ്ഞ അളവില്‍ മാത്രമാണ് ഇത്തരം കേസുകള്‍ ഉണ്ടായിരിക്കുന്നതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

Eng­lish Sum­ma­ry: Break­through infec­tions are nom­i­nal; covid vac­ci­nat­ed 2.6 lakh people

You may like this video also

Exit mobile version