Site iconSite icon Janayugom Online

കൈക്കൂലി കേസ്: കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 147 കേസുകള്‍

അഴിമതി തടയുകയെന്ന സര്‍ക്കാര്‍ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സീറോ ടോളറന്‍സ് ടു കറപ്ഷന്‍ നയം നടപ്പിലാക്കുന്നതിന് വിവിധ ബോധവത്കരണ പരിപാടികള്‍ നടക്കുന്നുണ്ടെങ്കിലും ഓരോ വര്‍ഷവും സംസ്ഥാനത്ത് അഴിമതി/ കൈക്കൂലി കേസുകളില്‍ പിടിയിലാവുന്നത് നിരവധി സര്‍ക്കാര്‍ ജീവനക്കാരാണ്. 397 അഴിമതി കേസുകളും 147 ട്രാപ്പ് കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ കണ്ണൂരില്‍ 21 അഴിമതി കേസുകളും ട്രാപ്പ് കേസുകള്‍ 11 എണ്ണവുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ അഴിമതി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തദ്ദേശസ്വയംഭരണവകുപ്പിലെ ജീവനക്കാര്‍ക്കെതിരെയാണ്. കൈക്കൂലി കേസില്‍ പിടിയിലായാല്‍ ഉദ്യോഗസ്ഥന് വകുപ്പ് തല നടപടിയുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്യും. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ സസ്പെന്‍ഷന്‍ ഉണ്ടാകും. സസ്പെന്‍ഷന്‍ കാലത്ത് 35 ശതമാനം ശമ്പളം തടഞ്ഞുവെക്കുന്നതാണ് കിട്ടുന്ന ശിക്ഷ. സസ്പെന്‍ഷന്‍ ഒഴിവായാല്‍ മുഴുവന്‍ ശമ്പളവും കിട്ടും. കേസില്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ തടഞ്ഞുവെച്ച ശമ്പളവും ആനുകൂല്യങ്ങളും മുന്‍കാല പ്രാബല്യത്തടെ കിട്ടും. അതേ സമയം കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് ട്രാപ്പ് സംവിധാനത്തിലൂടെ കൈയ്യോടെ പിടികൂടുന്ന കേസില്‍ കോടതിയുടെ ശിക്ഷ ലഭിക്കും.ഫിനോഫ്തലിന്‍ പുരട്ടി നമ്പര്‍ മുന്‍കൂട്ടി രേഖപ്പെടുത്തി നല്‍കുന്ന കറന്‍സിനോട്ട് നല്‍കി വിജിലന്‍സ് കെണിവെച്ച് പിടികൂന്നതാണ് ട്രാപ്പ് കേസ്. 

അഴിമതിക്കും ക്രമകേടുകള്‍ക്കുമെതിരെ കര്‍ശനമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ വകുപ്പുകളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം നിലവിലുണ്ട്. സര്‍ക്കാര്‍ ഫണ്ടുകള്‍ തിരിമറി നടത്തുന്നതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആഭ്യന്തര‑വിജിലന്‍സ് സംവിധാനം ഉപയോഗിച്ച് പ്രാഥമികാന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് തെളിയിക്കുന്ന അവസരങ്ങളില്‍ ആയത് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് കൈമാറി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സ്കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, മറ്റ് പൊതുഇടങ്ങ്‍ എന്നിവിടങ്ങളില്‍ ക്ലാസുകള്‍, ബോധവത്കരണ റാലികള്‍, ലഘുനാടകങ്ങള്‍, സോഷ്യല്‍ മീഡിയ വഴിയുള്ള ബോധവത്കരണം എന്നിവയും നടപ്പിലാക്കി വരുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിനായി ട്രോള്‍ ഫ്രീ (1064, 8592900900), വാട്സ് ആപ്പ്(9447789100)എന്നീ നമ്പരുകളും നിലവിലുണ്ട്.

അതേ സമയം കൈക്കൂലി കേസിലകപ്പെട്ടാല്‍ ഭൂരിഭാഗം കേസുകളിലും ജീവനക്കാര്‍ക്ക് ജോലി നഷ്ടപെടില്ലെന്ന സാധ്യതയുള്ളത് കൊണ്ടാണ് എത്ര തന്നെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചാലും കൈക്കൂലി കേസുകളില്‍ സിറോ ശതമാനം ലക്ഷ്യത്തിലെത്താന്‍ സാധിക്കാതെന്ന ആക്ഷേപം ശക്തമായി ഉയരുന്നുണ്ട്.

Exit mobile version