ചെക്ക് കേസിൽ പ്രതിയുടെ അറസ്റ്റ് ഒഴിവാക്കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങിയതിന് തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ പ്രദീപ് ജോസിനെയും ഏജന്റ് റഷീദിനെയും ഇടുക്കി വിജിലൻസ് പിടികൂടി. ‘ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്’ന്റെ ഭാഗമായി ഇടുക്കി വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് ഇരുവരും വീണത്. തൊടുപുഴ സ്വദേശിയായ പരാതിക്കാരന്റെ വിദേശത്തുള്ള സുഹൃത്തിന്റെ ഭാര്യയുടെ പേരിലുണ്ടായിരുന്ന ചെക്ക് കേസിൽ തൊടുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി 10,000 രൂപ ഗൂഗിൾ പേ വഴി നൽകണമെന്ന് പ്രദീപ് ജോസ് ആവശ്യപ്പെട്ടിരുന്നു.
പരാതിക്കാരൻ തൊട്ടടുത്ത ദിവസം പ്രദീപ് ജോസിനെ ഫോണിൽ വിളിച്ചപ്പോൾ ഏജന്റായ റഷീദിന്റെ ഗൂഗിൾപേ നമ്പർ അയച്ചു കൊടുത്തു. അതിലേക്ക് 10,000 രൂപ അയച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ടു. 17ന് എസ്ഐയെ വിളിച്ചപ്പോൾ പണം വൈകിട്ട് അയക്കണമെന്നും അയച്ച ശേഷം അറിയിക്കണമെന്നും നിര്‍ദേശിച്ചു. തുടർന്ന് പരാതിക്കാരൻ ഈ വിവരം ഇടുക്കി വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് സംഘം കെണിയൊരുക്കിയാണ് പ്രദീപ് ജോസിനെയും ഏജന്റ് റഷീദിനെയും പിടികൂടിയത്.

