Site iconSite icon Janayugom Online

ബ്രിക്സ് ഉച്ചകോടി ജൂണില്‍ ; ഇന്ത്യ പങ്കെടുക്കും

ഉക്രെയ്‍നിലെ റഷ്യന്‍ സെെനിക നടപടിക്ക് ശേഷമുള്ള ആദ്യ ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കും. വിര്‍ച്വലായി നടക്കുന്ന ഉച്ചകോടിയുടെ തീയതി വ്യക്തമാക്കിയിട്ടില്ല. ജൂൺ 23, 24 തീയതിയാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ഉച്ചകോടിക്ക് ഇന്ത്യയാണ് ആതിഥേയത്യം വഹിച്ചത്. ഇന്ത്യയുമായുള്ള അതിര്‍ത്തി സംഘര്‍ഷം ആരംഭിച്ചതിനു ശേഷം ചെെന ആതിഥേയത്വം വഹിക്കുന്ന ആദ്യ ഉച്ചകോടിയാണിത്.

ഉക്രെയ്ൻ സംഘർഷം, റഷ്യയ്‌ക്കെതിരായ ഉപരോധം കൈകാര്യം ചെയ്യുന്നതിനുള്ള സാമ്പത്തിക പദ്ധതികളുള്‍പ്പെടെയുള്ളവ ഉച്ചകോടിക്ക് മുന്നോടിയായുള്ള അനുബന്ധ യോഗങ്ങളില്‍ അംഗരാജ്യങ്ങളുടെ ഉന്നതതല ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഉക്രെയ്്‍ന്‍ വിഷയത്തില്‍ ഏകീകൃത നിലപാടാണ് രാജ്യങ്ങള്‍ സ്വീകരിച്ചതെന്ന് വിദേശകാര്യ വക്താക്കളുടെ ചര്‍ച്ചയ്ക്ക് ശേഷം ചെെനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

ഈ മാസമാദ്യം നടന്ന ബ്രിക്‌സ് ധനമന്ത്രിമാരുടെ യോഗത്തിൽ റഷ്യൻ ധനമന്ത്രി ആന്റൺ സിലുവാനോവ്, ബ്രിക്‌സ് രാജ്യങ്ങൾക്കായി ദേശീയ കറൻസികളുടെ ഉപയോഗം, പേയ്‌മെന്റ് സംവിധാനങ്ങളുടെയും കാർഡുകളുടെയും സംയോജനം, ഫിനാന്‍ഷ്യല്‍ മെസേജിങ്ങ് സംവിധാനം, ഒരു സ്വതന്ത്ര ബ്രിക്‌സ് റേറ്റിങ് ഏജൻസി രൂപീകരണം എന്നീ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. യുഎസും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ മറിക്കടക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. യോഗത്തില്‍ നിര്‍ദേശങ്ങള്‍ സംബന്ധിച്ച തീരുമാനമായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish summary;BRICS sum­mit in June; India will participate

You may also like this video;

Exit mobile version