Site icon Janayugom Online

സിപിഐ കൊല്ലം ജില്ലാസമ്മേളനത്തിന് ഉജ്ജ്വലതുടക്കം: ‘ഹര്‍ ഘര്‍ തിരംഗ’ മോഡിയുടെ നാടകം: അമര്‍ജീത് കൗര്‍

Kour

സിപിഐ കൊല്ലം ജില്ലാസമ്മേളനത്തിന് ഉജ്ജ്വലതുടക്കം. സമ്മേളനം നടന്ന വെളിയം രാജന്‍ നഗറിലേക്കും (കന്റോണ്‍മെന്റ് മൈതാനം) പ്രതിനിധിസമ്മേളനം നടക്കുന്ന സമീപത്തെ വെളിയം ഭാര്‍ഗവന്‍ നഗറിലേക്കും (ടൗണ്‍ ഹാള്‍) ഉച്ച തിരിഞ്ഞതോടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് സഖാക്കളുടെ ഒഴുക്കായിരുന്നു.
പാര്‍ട്ടിനേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ നിന്ന് വിവിധ നേതാക്കള്‍ കൈമാറിയ പതാകകള്‍ വഹിച്ചുകൊണ്ട് 24 ജാഥകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പ്രതിനിധിസമ്മേളന നഗറിലെത്തി. അവിടെ സ്ഥാപിച്ച 24 കൊടിമരങ്ങളിലും നേതാക്കള്‍ 24ാം പാര്‍ട്ടികോണ്‍ഗ്രസിന്റെ സന്ദേശമുയര്‍ത്തി പതാക ഉയര്‍ത്തി. തുടര്‍ന്ന് ജില്ലയിലെ വിപ്ലവമണ്ണില്‍ നിന്നും ആദ്യകാലനേതാക്കളുടെ സ്മൃതിമണ്ഡപങ്ങളില്‍ നിന്നും കൊണ്ടുവന്ന ബാനര്‍, രക്തപതാക, കൊടിമരം, ദീപശിഖ ജാഥകള്‍ സമ്മേളനനഗറിലെത്തിച്ചു. ഇരുചക്രവാഹനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് ഇവ കൊണ്ടുവന്നത്. ബാനര്‍ ജെ ചിഞ്ചുറാണിയും രക്തപതാക ആര്‍ രാമചന്ദ്രനും കൊടിമരം കെ രാജുവും ദീപശിഖ പി എസ് സുപാലും അത്യാവേശകരമായ അന്തരീക്ഷത്തില്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് എന്‍ അനിരുദ്ധന്‍ പതാക ഉയര്‍ത്തി. ചുവപ്പ് വോളന്റിയര്‍മാര്‍ ചെങ്കൊടിക്ക് അഭിവാദ്യമരുളി. കൊല്ലം ഇപ്റ്റ അവതരിപ്പിച്ച കലാപരിപാടിയും നടന്നു. തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനം ദേശീയ സെക്രട്ടേറിയറ്റ് അംഗം അമര്‍ജീത് കൗര്‍ ഉദ്ഘാടനം ചെയ്തു.
ദേശീയപതാകയെ ചവിട്ടിത്താഴ്ത്തിയവരാണ് സ്വാതന്ത്ര്യദിനത്തില്‍ ‘ഹര്‍ ഘര്‍ തിരംഗ’ എന്ന നാടകവുമായി രംഗത്തെത്തിയതെന്ന് അമര്‍ജീത് കൗര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ത്രിവര്‍ണ പതാക ഓരോ ഇന്ത്യക്കാരന്റെയും മനസിലാണുള്ളത്.
ഇന്ത്യയിലെ ദരിദ്ര ജനകോടികള്‍ക്ക് വേണ്ടത് തലചായ്ക്കാനൊരു വീടും കുട്ടികള്‍ക്ക് വിദ്യാഭ്യാസവും മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യസംരക്ഷണ പദ്ധതികളുമാണ്. രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കുന്ന നരേന്ദ്രമോഡി ഫാസിസത്തിന്റെയും നാസിസത്തിന്റെയും കൗശലങ്ങളാണ് അടിച്ചേല്‍പ്പിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്ററി ജനാധിപത്യത്തെ പാര്‍ലമെന്ററി ഏകാധിപത്യമാക്കി മാറ്റുകയാണ് മോഡി ചെയ്യുന്നത്. അതിനായി രാജ്യത്ത് നിലവിലുള്ള നിയമങ്ങളെയെല്ലാം ചവിട്ടി അരയ്ക്കുന്നു. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമെതിരെ കരിനിയമങ്ങള്‍ കൊണ്ടുവരുന്നതിലാണ് ഭരണകൂടം ശ്രദ്ധപതിപ്പിക്കുന്നത്. അതിഥിത്തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി സമൂഹ അടുക്കളയും മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും അവര്‍ പറഞ്ഞു.
ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരന്‍ അധ്യക്ഷത വഹിച്ചു. കെ പ്രകാശ് ബാബു, കെ ആര്‍ ചന്ദ്രമോഹനന്‍, ജെ ചിഞ്ചുറാണി, അഡ്വ. ജി ലാലു എന്നിവര്‍ സംസാരിച്ചു. ആര്‍ വിജയകുമാര്‍ സ്വാഗതവും കൊല്ലം മധു നന്ദിയും പറഞ്ഞു.
ഇന്ന് വെളിയം ഭാര്‍ഗവന്‍ നഗറില്‍ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് ‘കൊല്ലത്തിന്റെ സമഗ്രവികസനം’ എന്ന വിഷയത്തെകുറിച്ചുള്ള സെമിനാര്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 20ന് പ്രതിനിധിസമ്മേളനം സമാപിക്കും. 

Eng­lish Sum­ma­ry: Bright start to CPI Kol­lam Dis­trict Con­fer­ence: ‘Har Ghar Tiran­ga’ Mod­i’s play: Amar­jeet Kaur

You may like this video also

Exit mobile version