Site iconSite icon Janayugom Online

തൊണ്ണൂറുകളെ തിരികെത്തന്ന് ഓണപ്പാട്ട് “ചിങ്ങപ്പൂ”

തൊണ്ണൂറുകളിലെ ഗൃഹാതുരമായ ഓണക്കാലം തിരികെ കൊണ്ട് വരികയാണ് ചിങ്ങപ്പൂ എന്ന ഓണപ്പാട്ട്. തൊണ്ണൂറുകളിൽ നമ്മൾ ദൂരദർശനിൽ കണ്ട ലളിതഗാനങ്ങളെ അനുസ്മരിപ്പിക്കുന്ന വരികളും ‚സംഗീതവും,ദൃശ്യാവിഷ്കാരവും ഒത്തിണക്കിയാണ് ചിങ്ങപ്പൂ അണിയറ പ്രവർത്തകർ പുറത്തിറക്കുന്നത്.

“കഴിഞ്ഞ് പോയകാലം കാറ്റിനക്കാരെ” എന്ന് തുടങ്ങുന്ന മലയാളികളുടെ ഗൃഹാതുര ഗാനത്തിൻ്റെ സൃഷ്ടാവ് ഇ.വി.വത്സൻ മാഷും, പുതു തലമുറ എഴുത്തുകാരൻ ജി.കണ്ണനുണ്ണിയും ഒന്നിക്കുന്ന ഓണപ്പാട്ടാണ് ചിങ്ങപ്പൂ . ഉത്രാട നാളിൽ മലയാളത്തിലെ ഒട്ടനവധി യുവ എഴുത്തുകാരുടെയും, ഉൽസവഗാന പ്രേമികളുടെയും ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഗാനം പുറത്തിറങ്ങുന്നത്. ജി.കണ്ണനുണ്ണിയുടെ വരികൾക്ക് വത്സൻ മാഷ് ഈണം പകർന്ന് വൈഷ്ണവി ആലപിച്ച ഗാനം മൊബൈൽ ഫോണിൽ എഡിറ്റ് ചെയ്ത് ദൃശവത്കരിച്ചത് രാജൻ സോമസുന്ദരമാണ്. ഒരു പഴയകാല ടെലിവിഷൻ കാഴ്ചയിലൂടെ ഗാനം ഗൃഹാതുരമായ ഓർമ്മകൾ ഉണർത്തി ചുരുങ്ങിയ സമയംകൊണ്ട് തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടും എന്നുറപ്പ്.

‘ചിങ്ങപ്പൂ ചിരിവിതറി
ഓണനിലാവൊളി ചിതറി
ആഘോഷകൊടി കയറി
ഹൃദയങ്ങളിൽ’

എന്ന് തുടങ്ങുന്ന ഗാനം ഓണത്തിൻ്റെ ഉത്സവ പ്രതീതി വരികളിലൂടെ കൊണ്ട് വരുന്നു. അത്തപ്പൂക്കളവും, തിരുവോണക്കോടിയും,സദ്യവട്ടവും ഒക്കെ ഒരുക്കി മലയാളി മാവേലിമന്നനെ വരവേൽക്കാൻ ഒരുങ്ങുന്ന ഉൽസവഗാനം ഏറെ ഹൃദ്യമാണ്. ആറു പതിറ്റാണ്ട് കാലത്തെ സംഗീത ജീവിതത്തിൽ ആയിരത്തോളം സുന്ദര ലളിതഗാനങ്ങൾ സമ്മാനിച്ചു വടകര സ്വദേശി ഇ.വി.വത്സൻ മാഷ്. വത്സൻ മാഷ് നാലര പതിറ്റാണ്ടുമുമ്പ് പ്രതീക്ഷ എന്ന നാടകത്തിന് വേണ്ടി എഴുതിയ കഴിഞ്ഞ്പോയ കാലം കാറ്റിനക്കാരെ എന്ന ഗാനം ഇന്നും കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യമാണ്.വത്സൻമാഷിൻ്റെ സംഗീത സംവിധാനത്തിലാണ് ചിങ്ങപൂ പുറത്തിറങ്ങിയത്.മുപ്പത്തഞ്ച് വർഷത്തെ അധ്യാപക ജീവിതത്തിന് ശേഷവും കലയിൽ മുഴുകുകയാണ് ഇ.വി.വത്സൻ മാഷ്.

ചിങ്ങപൂ വരികൾ എഴുതിയിരിക്കുന്നത് ആലപ്പുഴ സ്വദേശി ജി.കണ്ണനുണ്ണിയാണ്. മലയാളത്തിലെ ആദ്യത്തെ അക്കാപ്പെല്ല രീതിയിലുള്ള ഭക്തിഗാനം ആളൊഴിഞ്ഞ സന്നിധാനം എന്ന പേരിൽ ഒരുക്കി റെക്കോർഡ് ഇട്ടിരുന്നു മുൻപ് കണ്ണനുണ്ണി. കഴിഞ്ഞ ഓണക്കാലത്ത് ഓണക്കനി എന്ന പേരിൽ മോഷൻ പിക്ചർ അനിമേഷൻ ഗാനമൊരുക്കി ശ്രദ്ധനേടിയിരുന്നു കണ്ണനുണ്ണിയും രാജൻ സോമസുന്ദരവും. ബാലസാഹിത്യകാരനും, റേഡിയോ അവതാരകനും,മിമിക്രി കലാകാരനും കൂടിയാണ് ആലപ്പുഴ സ്വദേശിയായ ജി. കണ്ണനുണ്ണി.

 

Exit mobile version