Site iconSite icon Janayugom Online

എയർബസ് 400ല്‍ പറന്നിറങ്ങി ബ്രിട്ടീഷ് സംഘം; ലക്ഷ്യം നിലത്തിറക്കിയ എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കൽ

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് നിലത്തിറക്കിയ ബ്രിട്ടന്റെ യുദ്ധവിമാനം എഫ് 35 ബി പരിശോധിക്കാനുള്ള സംഘം തിരുവനന്തപുരത്ത് എത്തി. ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനമായ എയർബസ് 400 വിമാനത്തിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12.45ന് എൻജിനീയർമാർ എത്തിയത്. വിമാനം ഇന്ന് തിരികെ പോകും. എൻജിനീയർമാർ ഇവിടെ തുടരും. 17 പേരാണ് സംഘത്തിലുള്ളത്. അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാർ സംഭവിച്ചു. വിമാനവാഹിനി കപ്പലിൽനിന്ന് 2 എൻജിനീയർമാർ ഹെലികോപ്റ്ററിൽ എത്തിയെങ്കിലും തകരാർ പരിഹരിക്കാനായില്ല. 

കഴിഞ്ഞമാസം 14നാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. തുടര്‍ന്നാണ് സാങ്കേതിക തകരാര്‍ പ്രകടമായത്. അറബിക്കടലിലുള്ള വിമാനവഹിനി കപ്പലായ എച്ചഎന്‍എസ് പ്രിൻസ് ഓഫ് വെയ്ൽസിലേ സാങ്കേതിക വിദഗ്ധര്‍ക്ക് പരിഹിരക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇംഗ്ലണ്ടില്‍ നിന്ന് തന്നെ വിദഗ്ധര്‍ എത്തിയത്. എഫ് 35 ബിയുടെ നിര്‍മ്മാണ കമ്പനിയില്‍ നിന്നുള്ള വിദഗ്ധരും സംഘത്തിലുണ്ട്. അറ്റകുറ്റപ്പണി നടത്തി തിരികെ കൊണ്ടുപോവുകയാണ് സംഘത്തിന്റെ ലക്ഷ്യം. 

ശത്രുവിന്റെ റഡാർ കണ്ണുകളെ വെട്ടിക്കാൻ കഴിവുള്ള സ്റ്റെൽത്ത് സാങ്കേതിക വിദ്യയുള്ളതാണ് എഫ് 35 വിമാനം. ഈ വിമാനങ്ങൾ ഇതുവരെ ഇരുപതിലധികം തവണ അപകടത്തിൽപ്പെട്ടിട്ടുണ്ട്. യുഎസിന്റെ വിമാനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെട്ടത്. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനായില്ലെങ്കില്‍ സൈനിക വിമാനം വഹിക്കുന്ന വിമാനത്തില്‍ എഫ് 35 ബി യുകെയിലേക്ക് കൊണ്ടുപോകുന്നത് ആലോചനയിലുണ്ട്.

Exit mobile version