Site iconSite icon Janayugom Online

സാമ്പത്തിക മാന്ദ്യം: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി പ്രഖ്യാപിച്ചു. ജനാഭിലാഷം പാലിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളാണ് ലിസ് ട്രസിന്റെ രാജിയില്‍ കലാശിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനവും ലിസ് ഒഴിഞ്ഞു. ഏറ്റവും കുറവ് കാലം ബ്രിട്ടീഷ് പ്രധാനമന്ത്രി പദം വഹിച്ചെന്ന റെക്കോഡോടെയാണ് ലിസിന്റെ പിന്‍വാങ്ങല്‍. പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതുവരെ സ്ഥാനത്ത് തുടരും. 45 ദിവസം മാത്രമാണ് ലിസ് അധികാരത്തിലിരുന്നത്. ഇതിനോടകമുണ്ടായ തുടര്‍ച്ചയായ രാജികളും ആരോപണങ്ങളും സാമ്പത്തികപ്രതിസന്ധിയും സര്‍ക്കാരിനെ ഏറെ ഉലച്ചു. അധികാരത്തിലെത്തിയതിനു പിന്നാലെ അവതരിപ്പിച്ച ഇടക്കാല ബജറ്റിനു ശേഷമാണ് ലിസ് ട്രസിന്റെ വിശ്വാസ്യതയില്‍ ഇടിവുതട്ടിയത്. ധനമന്ത്രി ക്വാസി ക്വാര്‍ട്ടെങ്ങിന്റെ ഇടക്കാല ബജറ്റ് ആഭ്യന്തര സാമ്പത്തിക പ്രതിസന്ധിക്കും ദശലക്ഷക്കണക്കിന് പൗണ്ടിന്റെ അധികചെലവുകൾക്കും കാരണമായി. ഇതോടൊപ്പം ക്വാസി ക്വാർട്ടെങ്ങിനെ മാറ്റി കൺസർവേറ്റിവ് നേതാവ് ജെറമി ഹണ്ടിനെ ധനകാര്യ മന്ത്രിയാക്കുകയും ചെയ്‌തു.

ഇടക്കാല ബജറ്റിനു പിന്നാലെ നികുതി ഇളവുകള്‍ കൂടി പ്രഖ്യാപിച്ചതോടെ പതനം പൂര്‍ത്തിയായി. 1972 ന് ശേഷമുള്ള ഏറ്റവും വലിയ നികുതി ഇളവുകളാണ് ലിസ് ട്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നികുതി ഇളവിനെതിരെ ഗോൾഡ്‌മാൻ സാഷെ, ബാങ്ക് ഓഫ് അമേരിക്ക, അന്താരാഷ്ട്ര നാണയ നിധി ഉള്‍പ്പെടെയുള്ള വിദഗ്‍ധ സംഘം രംഗത്തെത്തിയിരുന്നു. 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക്, സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകൾ, ഉയർന്ന കടമെടുപ്പ് ചെലവുകൾ എന്നിവയ്ക്കിടയില്‍ ചൂതാട്ടത്തിനു സമാനമാണ് ലിസ് ട്രസിന്റെ തീരുമാനമെന്നും വിദഗ്‍ധര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ താൻ ഒരു പോരാളിയാണെന്നും രാജിവയ്ക്കില്ലെന്നും ട്രസ് കഴിഞ്ഞദിവസം പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് വിപരീതമായാണ് ഇന്നലെ രാജി പ്രഖ്യാപിച്ചത്. 

ഡോളറിനെതിരെ പൗണ്ട് അതിന്റെ എക്കാലത്തെയും താഴ്ന്ന നിലയിലാണ്. 1956 ലെ സൂയസ് പ്രതിസന്ധിയോടാണ് ബ്രിട്ടന്റെ നിലവിലെ സ്ഥിതിയെ ആഗോള സമൂഹം ഉപമിച്ചത്. ഇടക്കാല ബജറ്റിനു പിന്നാലെ പലിശ നിരക്ക് ഉയര്‍ത്തിയതിന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെതിരെയും വിമര്‍ശനമുയര്‍ന്നു. സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കാന്‍ ഭരണപക്ഷത്തെ മുതിര്‍ന്ന അംഗങ്ങളും രംഗത്തെത്തിയതോടെ സ്ഥാനമൊഴിയാന്‍ ലിസ് ട്രസിന് സമ്മര്‍ദ്ദമേറുകയായിരുന്നു. ഗ്യാസ് ഫ്രാക്കിങ് പദ്ധതിയുടെ പേരില്‍ കഴിഞ്ഞദിവസം പാര്‍ലമെന്റിലുണ്ടായ പ്രതിഷേധവും ഇതിന് ആക്കംകൂട്ടി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിനായിരുന്നു ബ്രിട്ടന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റത്. 

ആറ് വര്‍ഷത്തിനിടെ ബ്രിട്ടന്‍ ഭരിച്ചത് നാല് പ്രധാനമന്ത്രിമാര്‍

യുകെയില്‍ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തി എന്ന വിശേഷണത്തോടെ ലിസ് ട്രസിന് ‍ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയില്‍ നിന്ന് പടിയിറക്കം. പ്രധാനമന്ത്രിയെ തെരഞ്ഞടുക്കാന്‍ എടുത്ത സമയം പോലും ട്രസിന് അധികാരത്തില്‍ തുടരാന്‍ സാധിച്ചില്ലെന്നതാണ് വസ്തുത. ഏത് സാഹചര്യത്തെയും സധെെര്യം നേരിടുമെന്നും രാജിവയ്ക്കില്ലെന്നും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കൂള്ളില്‍ ട്രസിന് സ്ഥാനം ഒഴിയേണ്ടി വന്നു. ജൂനിയര്‍ മാര്‍ഗരറ്റ് താച്ചറെന്ന വിശേഷണവും അവരെ തുണച്ചില്ല.

അടിയന്തര ബജറ്റും നികുതി പരിഷ്കരണവും ഉള്‍പ്പെടെ സമ്പദ്‍വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന വാഗ്‍ദാനങ്ങളില്‍ തുടക്കത്തിലെ ലിസ് ട്രസിന് കാലിടറി. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധി കാലത്താണ് ലിസ് ട്രസ് പ്രധാനമന്ത്രിയാകുന്നത്. ആറ് വര്‍ഷത്തിനിടെ നാല് പ്രധാനമന്ത്രിമാരാണ് ബ്രിട്ടന്‍ ഭരിച്ചത്. എങ്കിലും 45 ദിവസത്തിനുള്ളില്‍ സ്ഥാനം ഒഴിയേണ്ടി വന്നെന്ന ഖ്യാതി ലിസ് ട്രസിന് സ്വന്തം.

ഏറെ ആകാംക്ഷ നിറഞ്ഞ തെരഞ്ഞെടുപ്പിനൊടുവിലായിരുന്നു ഇന്ത്യന്‍ വംശജനായ റിഷി സുനകിനെ പിന്തള്ളി ലിസ് ട്രസ് വിജയിക്കുന്നത്. ത­െ­ര‍ഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ചിത്രത്തിലില്ലാതിരുന്ന ട്രസ് അപ്രതീക്ഷിതമായി റിഷി സുനകിനെ പിന്തള്ളി അവസാനഘട്ടത്തില്‍ മുന്നേറി. എന്നാല്‍ വിവാദമായ ഇടക്കാല ബജറ്റിനു പിന്നാലെ നികുതി ഇളവുകള്‍ കൂടി പ്രഖ്യാപിച്ചതേ­ാടെ പതനം പൂര്‍ത്തിയായി. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ തന്റെ തീരുമാനങ്ങള്‍ തെറ്റായിരുന്നുവെന്ന തിരിച്ചറിവോടെയാണ് ലിസ് ട്രസ് രാജി സമര്‍പ്പിക്കുന്നത്. ജനാഭിലാഷം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം നടത്തിയ രാജി പ്രസംഗത്തിലും ഇത് വ്യക്തമായിരുന്നു.

പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍

ഗ്യാസ് ഫ്രാക്കിങ് പുനഃരാരംഭിക്കാനുള്ള പ്രധാനമന്ത്രിയുടെ വിവാദ പദ്ധതിക്കെതിരെ കഴി‍­ഞ്ഞദിവസം പാര്‍ലമെന്റില്‍ ന­ട­ന്ന ചര്‍ച്ചയില്‍ 40 ഭരണപക്ഷ അംഗങ്ങള്‍ വോട്ട് ചെയ്തിരുന്നു. 230നെതിരെ 326 വോട്ടുകള്‍ നേ­ടി പദ്ധതി പാസായി. ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവര്‍മാന്റെ രാജിക്ക് തൊട്ടു മുമ്പായി, ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സില്‍ നടന്നത് ഒന്നര മണിക്കൂറോളം നീണ്ട വാക് പോരുകളും കയ്യാങ്കളിയോടടുത്ത ബഹളങ്ങളുമായിരുന്നു. അതിനിടെ ചീഫ് വിപ്പ് വെന്‍ഡി മോര്‍ട്ടനും ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രെയ്ഗ് വിറ്റ്ക്കറും രാജി പ്രഖ്യാപിച്ചു. പിന്നീട് ഇവര്‍ തുടരുമെന്ന് ട്രസിന്റെ ഓ­ഫീസ് അറിയിക്കുകയായിരുന്നു.
രാജിവച്ച ആഭ്യന്തര സെക്രട്ടറി ബ്രേവര്‍മാന്‍ ലിസ് ട്രസിനു നേരെ വാഗ്ദാന ലംഘനം അ­ടക്കമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഇ­റങ്ങിപ്പോയത്. ‘ഞങ്ങള്‍ തെ­റ്റുകള്‍ ചെ­­യ്തിട്ടില്ലെന്ന് നടിക്കുക, ചെയ്ത തെറ്റ് ആര്‍ക്കും കാണാന്‍ കഴിയില്ലെന്ന മ­ട്ടില്‍ തുടരുക, കാര്യങ്ങള്‍ മാന്ത്രികമായി ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നത് ശരിയാ­യ രാഷ്ട്രീയമല്ല’ അവര്‍ പറഞ്ഞു.

അതേസമയം, സര്‍ക്കാരിനനുകൂലമായി വോട്ടു ചെയ്യാന്‍ എംപിമാരെ ഭീഷണി​പ്പെടുത്തുകയും ക­യ്യേറ്റം ചെയ്യുകയും ഉ­ണ്ടായെന്ന് ലേബര്‍ എംപി ക്രിസ് ബ്രയന്റ് ആരോപിച്ചു. മന്ത്രിമാരായ തെരേസ് കോഫിയെയും ജേക്കബ് റീസ്-മോഗിനെയും ആക്രമിച്ചത് താന്‍ കണ്ടുവെന്നായിരുന്നു ആ​​രോപണം. എന്നാല്‍ ആരോപണങ്ങളെ തള്ളി റീസ്-മോഗ് രംഗത്തെത്തി. തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

പൊതു തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷം

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ രാജി പ്രഖ്യാപനത്തിനു പിന്നാലെ പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ലേബര്‍ പാര്‍ട്ടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയില്ലെന്ന് തെളിയിച്ചതായി യുകെ പ്രതിപക്ഷ നേതാവ് കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. അടുത്ത ആഴ്ച അവസാനത്തോടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുമെന്നാണ് ലിസ് ട്രസ് പ്രഖ്യാപിച്ചത്.
മുന്‍ ധനമന്ത്രിയും ട്രസിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന റിഷി സുനക്, മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ആഭ്യന്തര സെക്രട്ടറി ആയിരുന്ന സുവെല്ല ബ്രാവര്‍മാന്‍, ഹൗസ് ഓഫ് കോമൺസ് നേതാവ് പെന്നി മൊര്‍ഡോണ്ട്, പ്രതിരോധ സെക്രട്ടറി ബെൻ വാലസ് എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് വീണ്ടും നടത്തിയാല്‍ ഇന്ത്യന്‍ വംശജനും ലിസ് ട്രസിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന റിഷി സുനക് വിജയിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ലിസ് ട്രസിന് വോട്ട് ചെയ്തതില്‍ ടോറി അംഗങ്ങള്‍ക്ക് പശ്ചാത്താപമുണ്ടെന്നാണ് സര്‍വേയിലെ ക­ണ്ടെത്തല്‍. 55 ശതമാനം ടോറി അംഗങ്ങളുടെ പിന്തുണയാണ് ഇ­പ്പേ­ാള്‍ റിഷി സുനകിനുള്ളത്.

Eng­lish Summary:British Prime Min­is­ter Liz Truss has resigned
You may also like this video

Exit mobile version