Site iconSite icon Janayugom Online

ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ വിശാല ഐക്യനിര കെട്ടിപ്പടുക്കണം: ബിനോയ് വിശ്വം

കോര്‍പറേറ്റുകളുടെ ദാസ്യപ്പണി ചെയ്ത് ഫണ്ട് സമാഹരിച്ച് തടിച്ചുകൊഴുത്ത ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ വിശാല ഐക്യനിര കെട്ടിപ്പടുക്കുകയാണ് പ്രതിരോധ മാര്‍ഗമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച ‘കടന്നാക്രമിക്കപ്പെടുന്ന പാര്‍ലമെന്ററി വ്യവസ്ഥ, രാഷ്ട്രീയ ചട്ടുകമാവുന്ന ഗവര്‍ണര്‍മാര്‍’ എന്ന വിഷയത്തിലെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഭരണകൂടം അധികാരത്തിലെത്തിയപ്പോള്‍ തന്നെ അവര്‍ രാജ്യത്തുണ്ടാക്കാന്‍ പോകുന്ന അപകടത്തെ കുറിച്ച് സിപിഐ മുന്നറിയിപ്പ് നല്‍കിയതാണ്. അന്ന് അത് ഗൗരവമായി എടുക്കാത്ത പലര്‍ക്കും ഇപ്പോള്‍ തിരിച്ചറിവുണ്ടായിരിക്കുന്നു. അതിന്റെ ഭാഗമായാണ് ഇന്ത്യ സഖ്യം രൂപപ്പെട്ടത്. പക്ഷെ നിര്‍ണായക ഘട്ടങ്ങളില്‍ സഖ്യത്തിന്റെ പ്രധാന്യത്തെയും സാധ്യതയേയും വലിയ കക്ഷികള്‍ വിസ്മരിച്ചു പോകുന്നത് ബിജെപിക്ക് ഗുണം ചെയ്യുകയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഭരണത്തിലെത്താന്‍ ഇടയാക്കിയത് ഇന്ത്യ സഖ്യത്തിന്റെ രാഷ്ട്രീയ പ്രാധാന്യം കോണ്‍ഗ്രസ് ഉള്‍ക്കൊള്ളാതെ പോയതാണ്.

ഗവണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുശാഗ്രബുദ്ധിയുള്ള രാഷ്ട്രീയ കൗശലക്കാരനാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്ന ആരിഫ് ഖാന്‍മാര്‍ ഉണ്ടാകാനിടയുള്ളത് മുന്‍കൂട്ടി കണ്ടാണ് ഗവര്‍ണര്‍ സ്ഥാനം എടുത്തുകളയണമെന്ന നിലപാട് സിപിഐ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ അധ്യക്ഷത വഹിച്ചു. സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്, അഡ്വ. കേശവന്‍ നായര്‍, എഐടിയുസി സംസ്ഥാന ട്രഷറര്‍ പി സുബ്രഹ്മണ്യന്‍, സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

പാർട്ടിക്കകത്ത് കമ്മ്യൂണിസ്റ്റ് മൂല്യവും അച്ചടക്കവും നിർബന്ധമാണെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിൽ ഒരു അച്ചടക്ക നടപടിയും ഒരാളെയും ഇല്ലാതാക്കാനല്ല. തിരുത്തൽ ശക്തിയുടെ ഭാഗമായ നടപടി തെറ്റുതിരുത്താൻ സഹായിക്കുമെന്നും പി രാജുവിനെതിരായ നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Eng­lish Sum­ma­ry; Broad uni­ty should be built against fas­cist gov­ern­ment: Binoy Vishwam

You may also like this video

Exit mobile version