Site iconSite icon Janayugom Online

ബ്രോസ്റ്റഡ് ചിക്കൻ, നഗ്ഗറ്റ്സ്, കട്ലറ്റ്, ജ്യൂസുകൾ- കുടുംബശ്രീ കേരള ചിക്കൻ സ്നാക്സ്ബാറുൾക്ക് തുടക്കം

കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി മൂല്യവർധിത ഉല്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന കേരള ചിക്കൻ സ്നാക്ക്സ് ബാറിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. കുടുംബശ്രീ അംഗങ്ങൾ നേരിട്ട് നടത്തുന്ന ഈ സ്നാക്സ് ബാറുകളിലൂടെ ബ്രോസ്റ്റഡ് ചിക്കൻ, സമൂസ, ചിക്കൻ നഗ്ഗറ്റ്സ്, കട്ലറ്റ്, മോമോസ് തുടങ്ങിയ വിഭവങ്ങളും ജ്യൂസുകളും ലഭിക്കും. കൂടാതെ ഈ സ്നാക്സ് ബാറുകളിൽ നിന്ന് കേരള ചിക്കൻ ഫാമുകളിലെ കോഴിയിറച്ചി ഫ്രോസണായി നൽകാനുള്ള സംവിധാനവുമുണ്ട്. തിരുവനന്തപുരം വട്ടിയൂർക്കാവ് അറപ്പുര റോഡിൽ ഐസിഐസിഐ ബാങ്കിന് സമീപമാണ് സംസ്ഥാനത്തെ ആദ്യ കേരള ചിക്കൻ സ്നാക്സ് ബാർ ഇന്നലെ പൊതുജനങ്ങൾക്കായി മന്ത്രി തുറന്ന് നൽകിയത്. തിരുവനന്തപുരം കോർപറേഷൻ സിഡിഎസ് 3ലെ ലോട്ടസ് അയൽക്കൂട്ടാംഗമായ ഷഹീന എം ആണ് ഈ സ്നാക്സ് ബാറിന്റെ ഉടമ. ഈ വർഷം തന്നെ എല്ലാ ജില്ലകളിലും സ്നാക്സ് ബാറുകൾ ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. 

ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, പബ്ലിക് റിലേഷൻസ് ഓഫിസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ, പ്രോഗ്രാം ഓഫിസർ ഡോ. ഷാനവാസ്, തിരുവനന്തപുരം ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി, കേരള ചിക്കൻ പദ്ധതി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി (കെബിഎഫ്പിസിഎൽ) മുഖേനയാണ് കുടുംബശ്രീ കേരള ചിക്കൻ പ്രവർത്തനങ്ങൾ നടത്തുന്നത്. നിലവിൽ കേരളത്തിലെ ആഭ്യന്തര ഇറച്ചി കോഴി ഉല്പാദനത്തിന്റെ 10 ശതമാനം ഇപ്പോൾ കുടുംബശ്രീ കേരള ചിക്കൻ വഴിയാണ് നടക്കുന്നത്.

Exit mobile version