Site iconSite icon Janayugom Online

നാമജപ യാത്രയോടെ വീട്ടിലെത്തിച്ചു; നെയ്യാറ്റിൻകര ഗോപന് പുതിയ കല്ലറയിൽ അന്ത്യനിദ്ര

നെയ്യാറ്റിൻകര ഗോപന് പുതിയ കല്ലറയിൽ അന്ത്യനിദ്ര. കല്ലറ തുറന്നു പുറത്തെടുത്ത ഗോപന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷമാണ് വീണ്ടും സംസ്കരിച്ചത് . നാമജപയാത്രയോടെയാണ് നെയ്യാ​റ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് മൃതദേഹം വീട്ടിൽ എത്തിച്ചത്. തുടർന്ന് മതാചാര്യന്മാരുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ഇതിനായി പുതിയ സമാധി സ്ഥലം ഒരുക്കിയിയിരുന്നു. മൃതദേഹം പുറത്തെടുക്കാനായി പൊളിച്ച കല്ലറക്ക് സമീപം ഇഷ്ടിക കൊണ്ടാണ് ‘ഋഷിപീഠം’ എന്ന പേരിൽ പുതിയ സംസ്കാര സ്ഥലം ഒരുക്കിയത്. 

സംസ്കാര ചടങ്ങിനായി വീടിനു മുന്നിൽ പന്തൽ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. നിരവധി പേരാണ് എത്തിച്ചേർന്നത്. പിതാവിനെ മക്കൾ സമാധിയിരുത്തിയ സംഭവം വിവാദമായതോടെയാണ് ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്. മരണകാരണം പൂർണമായും വ്യക്തമായിട്ടില്ലെന്നാണ് റിപ്പോർട്ട്. ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലേ മരണകാരണം അറിയാൻ കഴിയൂ എന്നാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം പൊലീസിനെ അറിയിച്ചത്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. 

Exit mobile version