കുടുംബവഴക്കിനിടെ യുവതി അമ്മായിയമ്മയെ തല ചുവരിലിടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ജൽനയിലാണ് സംഭവം. സവിത ശിംഗാരെയാണ്(45) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മരുമകള്‍ പ്രതീക്ഷയെ(22) പൊലീസ് കസ്റ്റഡിയിലെടുത്തു.
ആറുമാസത്തിന് മുന്‍പായിരുന്നു പ്രതീക്ഷയുടെ വിവാഹം. ചൊവ്വാഴ്ച രാത്രിയാണ് അമ്മായിയമ്മയും മരുമകളും തമ്മിൽ വഴക്കുണ്ടായത്. ഇതിനിടയില്‍ അമ്മായിയമ്മയുടെ തല പ്രതീക്ഷ ചുവരിൽപിടിച്ച് ഇടിക്കുകയായിരുന്നു. പിന്നീട് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കൊലനടത്തിയശേഷം മൃതദേഹം ബാഗിലാക്കി ഉപേക്ഷിക്കാനായിരുന്നു പ്രതീക്ഷയുടെ തീരുമാനം. എന്നാല്‍ ഇത് സാധിക്കാതെ വന്നതോടെ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. രാവിലെ വീട്ടുടമ എത്തിയപ്പോഴാണ് സവിതയുടെ മൃതദേഹം കാണുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. തലക്കേറ്റ പരിക്കിനെ തുടർന്നാണ് സവിതയുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതീക്ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

