എംപി സ്ഥാനത്തുനിന്നുളള അയോഗ്യതക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ ഓഫിസിലെ സൗജന്യ ഫോണും ഇന്റർനെറ്റ് ബന്ധവും ബിഎസ്എൻഎൽ വിച്ഛേദിച്ചു. ഇന്ന് വൈകിട്ടോടെയാണ് 04936 209988 എന്ന നമ്പറും ഇതോടൊന്നിച്ചുള്ള ഇന്റർനെറ്റ് കണക്ഷനും റദ്ദായത്. കല്പറ്റ കൈനാട്ടിയിൽ പ്രവർത്തിക്കുന്ന എംപി ഓഫിസിൽ വിളിച്ച് ബിഎസ്എൻഎൽ അധികൃതർ കണക്ഷൻ ഒഴിവാക്കുമെന്ന് ചൊവ്വാഴ്ച അറിയിച്ചിരുന്നു. ബിഎസ്എൽഎൽ ഡൽഹി ഓഫിസിൽനിന്നുള്ള നിർദേശത്തെ തുടർന്നാണ് നടപടി.
മോഡിക്കെതിരായ പ്രസംഗം അപകീർത്തികരമാണെന്ന് കാണിച്ച് സൂററ്റ് കോടതി രാഹുൽഗാന്ധിയെ രണ്ടുവർഷം തടവിനു വിധിച്ചതിനുപിന്നാലെ മാർച്ച് 24നാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. തുടർന്ന് ഡൽഹിയിലെ എംപി ഓഫിസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അദ്ദേഹം ഒഴിവാക്കിയിരുന്നു. കേസിൽ മേൽക്കോടതിയിൽ അപ്പീൽ നൽകാനിരിക്കെയാണ് മണ്ഡലത്തിലെ ഓഫിസിലെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ കൂച്ചുവിലങ്ങിട്ടത്. ഇന്റർനെറ്റ് ഇല്ലാതായതോടെ ഓഫിസിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി.
സാധാരണ ഉപഭോക്താവ് ആവശ്യപ്പെടുകയോ ബിൽ അടയ്ക്കാതിരിക്കുകയോ ചെയ്താലാണ് കണക്ഷൻ ബിഎസ്എൻഎൽ റദ്ദാക്കുന്നത്. ഉപഭോക്താവ് ആവശ്യപ്പെട്ടാലും നടപടികൾ പൂർത്തീകരിച്ച് കണക്ഷൻ ഒഴിവാകാൻ മാസങ്ങളെടുക്കും. എന്നാൽ, രാഹുൽഗാന്ധിക്ക് പാർലമെന്റിൽനിന്ന് അയോഗ്യത കല്പിച്ച് പത്തുദിവസം പിന്നിടുമ്പോഴാണ് തിടുക്കപ്പെട്ട് ഇന്റർനെറ്റ് റദ്ദാക്കിയത്. ഇതിനുമുമ്പ് എം ഐ ഷാനവാസ് എംപിയുടെ നിര്യാണത്തെ തുടർന്ന് ഓഫീസ് ഒഴിവാക്കിയപ്പോൾ ഫോൺ, ഇന്റർനെറ്റ് സൗകര്യം റദ്ദാക്കാൻ ബിഎസ്എൻഎൽ അധികൃതർക്ക് അപേക്ഷ നൽകുകയായിരുന്നു. എന്നിട്ടും മാസങ്ങൾ എടുത്താണ് കണക്ഷൻ വിഛേദിച്ചത്.
അടുത്ത 11ന് രാഹുൽഗാന്ധി വയനാട്ടിൽ എത്തുന്നുണ്ട്. സംഘ്പരിവാർ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ എംപി ഓഫിസിനടുത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന ‘ജയ്ഭാരത് സത്യഗ്രഹം’ ഉദ്ഘാടനം ചെയ്യുന്നതിനാണ് അദ്ദേഹം വയനാട്ടിൽ എത്തുന്നത്.
English Summary: bsnl has cut the telephone and internet connections of rahul gandhi mp office
You may also like this video