ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിക്ക് (ബിഎസ്‍പി) കനത്ത തിരിച്ചടി. ബിഎസ്‍പി എംപി റിതേഷ് പാണ്ഡെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. അംബേദ്കറില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് റിതേഷ്. ബിഎസ്‍പിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക്കിന്റെ സാന്നിധ്യത്തിലാണ് ഇദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെ മോഡിയുടെ വികസിത ഇന്ത്യയെന്ന കാഴ്ചപ്പാട് തന്നെ വളരെയേറെ സ്വാദീനിച്ചതായി റിതേഷ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ലമെന്റ് ക്യാന്റീനില്‍ വച്ച് കൂടിക്കാഴ്ച നടത്തിയ ഏഴ് പ്രതിപക്ഷ എംപിമാരില്‍ ഒരാളായിരുന്നു അദ്ദേഹം.
ഞായറാഴ്ച രാവിലെയോടെയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച വിവരം റിതേഷ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തന്നെ പാര്‍ട്ടി യോഗങ്ങള്‍ക്ക് വിളിക്കുന്നില്ലെന്നും നേതൃപരമായ കാര്യങ്ങളില്‍ പങ്കെടുപ്പിക്കുന്നില്ലെന്നും ബിഎസ്‍പി അധ്യക്ഷയായ മായാവതിക്ക് അയച്ച രാജിക്കത്തില്‍ ഇദ്ദേഹം ആരോപിച്ചിരുന്നു. പാര്‍ട്ടിക്ക് തന്റെ സേവനം ആവശ്യമില്ലെന്ന് മനസിലാക്കിയതോടെയാണ് പാര്‍ട്ടിയില്‍ നിന്നുള്ള പ്രാഥമികാഗത്വം രാജിവയ്ക്കുന്നതെന്ന് അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം റിതേഷിന് മറുപടിയുമായി മായാവതി രംഗത്തെത്തി. സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കായി ചുറ്റിക്കറങ്ങുകയും നിഷേധാത്മക ചര്‍ച്ചകളുടെ ഭാഗമാകുകയും ചെയ്താല്‍ ലോക്‌സഭയിലേക്ക് ടിക്കറ്റ് നല്‍കാന്‍ സാധിക്കില്ലെന്ന് മായാവതി പറഞ്ഞു. ബിഎസ്‍പിയില്‍ തുടര്‍ന്നാലും ഇത്തവണ റിതേഷിനെ സിറ്റിങ് സീറ്റില്‍ നിന്നും മത്സരിപ്പിക്കില്ലെന്ന് വ്യക്തമായതിനാലാണ് രാജിയെന്നാണ് സൂചന. ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ബന്‍സാലുമായി ഇദ്ദേഹം നേരത്തെ ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ പ്രതിനിധീകരിക്കുന്ന സീറ്റില്‍ മത്സരിപ്പിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഇദ്ദേഹം ബിഎസ്‍പി വിട്ടതെന്നാണ് അഭ്യൂഹം.
English Summary: BSP MP Ritesh Pandey joins BJP
You may also like this video