നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത് നിരാശാജനകമായ ജനവിരുദ്ധമായ ബഡ്ജറ്റാണെന്നും അങ്ങേയറ്റം കേരള വിരുദ്ധമായ ബജറ്റാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. എൻഡിഎ സഖ്യത്തിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നും സംസ്ഥാനങ്ങൾക്ക് വേണ്ടി ഏറ്റവും ന്യായമായ കാര്യങ്ങൾ പോലും ചെയ്തിട്ടില്ലെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തെ സംബന്ധിച്ചും രാജ്യത്തെ സംബന്ധിച്ചും നിരാശാജനകമായ ബജറ്റാണ്. വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. അങ്ങേയറ്റം കേരള വിരുദ്ധമായ ബജറ്റാണിത്. കേരളത്തിന്റെ ഒരു ആവശ്യത്തെയും പരിഗണിച്ചില്ല. ജനങ്ങളുടെ പുരോഗതിയെക്കരുതിയാണ് ബജറ്റ് അവതരിപ്പിക്കേണ്ടത്. എന്നാൽ മോഡി സര്‍ക്കാരിന്റെ നിലനിൽപ്പിന് വേണ്ടി മാത്രം നടത്തിയ ഒരു രാഷ്ട്രീയ ഗിമ്മിക്കാണ് ബജറ്റെന്നും സംസ്ഥാനങ്ങളെ കരുതിയിട്ടില്ലെന്ന് മാത്രമല്ല, ഏറ്റവും ന്യായമായ കാര്യങ്ങൾ പോലും ചെയ്തിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു.
കോ ഓപ്പറേറ്റീവ് ഫെഡറലിസമെന്ന് ഒരു തരത്തിലും പറയാൻ മോഡി സര്‍ക്കാരിന് അർഹതയില്ലെന്ന് വ്യക്തമാക്കുന്ന ബജറ്റാണിത്. സംസ്ഥാനങ്ങളുടെ താൽപര്യങ്ങളെ ഒരു തരത്തിലും ബജറ്റ് സംരക്ഷിക്കുന്നില്ല. സ്വന്തം മുന്നണിയുടെ താൽപര്യങ്ങളെ സംരക്ഷിക്കാൻ വേണ്ടി ചില സംസ്ഥാനങ്ങൾക്ക് ആനുകൂല്യങ്ങൾ അനുവദിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു ബജറ്റ്. കണക്കുകൾ നോക്കുമ്പോൾ കഴിഞ്ഞ ബജറ്റും ഈ ബജറ്റും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്ന് കാണാം. വലിയ തോതിലുള്ള വെട്ടിച്ചുരുക്കൽ പല മേഖലയിലും വരുത്തിയിട്ടുണ്ട്. ഭക്ഷ്യസബ്സിഡി 2022- 23ൽ 2 ‚72, 000 കോടി ഉണ്ടായിരുന്നത് ഈ വർഷം 2,05,000 കോടിയായി ചുരുക്കി. 2, 51,000 കോടി ഉണ്ടായിരുന്ന വളത്തിന്റെ സബ്സിഡി 1, 64, 000 കോടിയായി വെട്ടിക്കുറച്ചു. ആരോഗ്യമേഖലയിലും വെട്ടിച്ചുരുക്കലുണ്ടായി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 90, 806 കോടി ചെലവഴിച്ചിരുന്നത് ഈ ബജറ്റിൽ 86,000 കോടിയായി. അംഗൻവാടി ഭക്ഷണപദ്ധതികളിലും കുറവ്. ദാരിദ്ര്യ നിർമാർജനത്തിന് വേണ്ടി പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിൽ 2, 72, 802 കോടിയാണ് 2, 05, 250 കോടിയായി മാറി.
തൊഴിലിനെപ്പറ്റിയാണ് ബജറ്റിൽ ഏറ്റവുമധികം പറഞ്ഞിരിക്കുന്നത്. എന്നാൽ പിഎം എംപ്ലോയ്മെന്റ് ജനറേഷൻ സ്കീം 2,300 കോടിയായി കുറച്ചു. ഓരോ വിവരങ്ങളെടുത്ത് പരിശോധിച്ചാലും ബജറ്റിൽ കുറവ് മാത്രമാണ് കാണുന്നത്. 10 ലക്ഷത്തിലധികം വേക്കൻസികൾ കാലിയായി കിടക്കുന്നു. പിഎസ്‌സി നിയമനം രാജ്യത്തെ 60 ശതമാനത്തോളം നടക്കുന്നത് കേരളത്തിലാണ്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്നില്ല. സ്വകാര്യ മേഖലയിൽ ജോലി അവസരങ്ങളുണ്ടാക്കാനുള്ള ശ്രമം മാത്രമാണ് നടക്കുന്നത്. അത് തന്നെ എത്രത്തോളം പ്രാവർത്തികമാക്കുമെന്ന് ഉറപ്പില്ല. ജനവിരുദ്ധവും നിരാശാജനകവും രാജ്യത്തിന്റെ പുരോഗതിക്ക് വഴി വെക്കാത്തതുമായ ഒരു ബജറ്റാണ് പ്രഖ്യാപിച്ചത്. വിവിധ പദ്ധതികളിൽ നിന്ന് വെട്ടിക്കുറയ്ക്കപ്പെട്ട പണം പാക്കേജായി നൽകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങൾക്ക് അവർ ആവശ്യപ്പെട്ട പാക്കേജ് നൽകിയെങ്കിലും കേരളത്തോട് പൂർണ അവഗണനയാണ് നേരിടേണ്ടി വന്നത്. വിഴിഞ്ഞം പദ്ധതിക്കായി ഒരു തുക പോലും അനുവദിച്ചില്ല. സ്ഥലമുൾപ്പെടെ മാറ്റിയിട്ടിട്ടും സംസ്ഥാനത്തിന് എയിംസ് നൽകിയില്ല.
കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറന്നാൽ ബജറ്റിൽ ധാരാളം പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ രണ്ട് കേന്ദ്രമന്ത്രിമാർ കേരളത്തിലുണ്ടായിട്ടു പോലും കേരളത്തിന് ഒന്നും ലഭിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. ഇവരും യുഡിഎഫ് എംപിമാരും ഇതിൽ അഭിപ്രായം പറയണം. സംയുക്തമായി കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കണമെന്നും ധനമന്ത്രി പറഞ്ഞു.
English Summary: Budget is extremely anti-Kerala: Finance Minister KN Balagopal
You may also like this video