Site iconSite icon Janayugom Online

ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സാമ്പത്തിക സര്‍വേ ഇന്ന് പാര്‍ലമെന്റില്‍

ബജറ്റ് സമ്മേളനവും സര്‍ക്കാര്‍-പ്രതിപക്ഷ ഏറ്റുമുട്ടലിന് വേദിയാകും. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും ബിജെപി ഇതര സര്‍ക്കാരുകളില്‍ ഗവര്‍ണര്‍മാരുടെ ഇടപെടലുംസഭ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. സിപിഐയെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായ പി സന്തോഷ് കുമാര്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തു.

സഭ ചര്‍ച്ചയ്ക്കായി എടുക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് പൊതുധാരണ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബജറ്റ് സമ്മേളനവും പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങുമെന്നത് ഉറപ്പായി. വളഞ്ഞ വഴിയില്‍ ഭരണത്തില്‍ ഇടപെടല്‍ നടത്താന്‍ ഗവര്‍ണര്‍മാരെ കേന്ദ്രം ഉപയോഗപ്പെടുത്തുന്നത് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ ആവശ്യം ഉന്നയിച്ചിരുന്നു,
ജാതി തിരിച്ചുള്ള സാമ്പത്തിക സര്‍വ്വേ, അഡാനി കമ്പനികളുടെ ഓഹരി വിലത്തകര്‍ച്ച, ബിബിസി ഡോക്യുമെന്ററി, വിലക്കയറ്റം, തൊഴിലില്ലായ്മ, വനിതാ സംവരണ ബില്‍, ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്‍ പുനരുജ്ജീവിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സഭയിലെ ചര്‍ച്ചയാകണമെന്ന് പ്രതിപക്ഷം ആവശ്യമുയര്‍ത്തി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വ്യക്തമായ മറുപടികളൊന്നും യോഗത്തില്‍ ഉണ്ടായില്ല.

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയും പങ്കെടുത്തു. യോഗത്തില്‍ 27 പാര്‍ട്ടികളുടെ 37 നേതാക്കള്‍ പങ്കെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

Eng­lish Sum­ma­ry: bud­get ses­sion begins today
You may also like this video

Exit mobile version