Site iconSite icon Janayugom Online

ബജറ്റ്: പാലങ്ങള്‍ക്കും, റോഡുകള്‍ക്കുമായി 3061 കോടി

ഗതാഗതം ഏറ്റവും വേഗത്തിലും എളുപ്പത്തിലുമാക്കാനും നഗരങ്ങളുടെ മുഖച്ഛായ മാറ്റാനുമുള്ള പദ്ധതികളാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റിലുള്ളതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊച്ചി മെട്രോയുടെ വികസനം തുടരുന്നതിനൊപ്പം തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കോഴിക്കോടും മെട്രോ പരിഗണനയിലുണ്ട്. 

കേരളത്തില്‍ അതിവേഗ റെയില്‍പാതയ്ക്കായുള്ള ശ്രമം തുടരുമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിന് മെട്രോപൊളിറ്റന്‍ പ്ലാന്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്. പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപയാണ് അനുവദിച്ചത്. തീരദേശപാതയും യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

ഇതിനായി ഓരോ 25 കിലോമീറ്ററിനും ഭൂമി ഏറ്റെടുക്കും. ലാന്‍ഡ് പൂളിങ്ങിലൂടെയാണ് സ്ഥലം കണ്ടെത്തുക. ഇതിനൊപ്പം ഉള്‍നാടന്‍ ജലഗതാഗതത്തിന് 500 കോടി രൂപയും പ്രധാനമന്ത്രി റോഡ് പദ്ധതിക്ക് 80 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആറു വരി ദേശീയപാത നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും. ഈ വര്‍ഷം അവസാനം പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി അറിയിച്ചു. ദേശീയപാതാ വികസനം യാഥാര്‍ഥ്യമായെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 100 കോടിയും ബജറ്റില്‍ അനുവദിച്ചു. കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ മാറ്റുമെന്നും മന്ത്രി അറിയിച്ചു. 

Exit mobile version