Site iconSite icon Janayugom Online

ബഫർസോൺ: റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

ബഫർസോൺ ഉപഗ്രഹസർവേയിൽ അപാകതകളുണ്ടാകുമെന്നാണ് സർക്കാരിന്റെ നിലപാടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ജനവാസമേഖല ഏതെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതിയെ സമീപിക്കുകയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കാനേ പോകുന്നില്ല. ജനങ്ങളുടെ പരാതി പരിശോധിച്ച് മാറ്റം വരുത്തുന്ന പുതിയ റിപ്പോർട്ടാണ് സമർപ്പിക്കുക. പരാതി സമർപ്പിക്കാനുള്ള സമയം നീട്ടും. ഇതിനായാണ് കമ്മീഷന്റെ കാലാവധി നീട്ടിയത്. അവ്യക്തമായ മാപ്പ് സാധാരണക്കാരന് മനസ്സിലാക്കാൻ പഞ്ചായത്തുകളുടെ സഹകരണം തേടും. റിപ്പോർട്ട് നൽകാൻ സമയപരിധി നീട്ടണമെന്ന് കോടതിയോട് അപേക്ഷിക്കും. റവന്യു വകുപ്പിന്റെ സഹായം രേഖാമൂലം ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

കേന്ദ്രത്തിന് സമർപ്പിക്കാൻ പറ്റിയ റിപ്പോർട്ടല്ല ഇതന്ന് വ്യക്തമായതാണ്. ബഫർ സോണായി പ്രഖ്യാപിക്കരുതെന്നാണ് സർക്കാരിന്റെ ആവശ്യം. ജനവാസ മേഖലയാണെന്ന് കോടതിയെ ബോധിപ്പിക്കാനാണ് ശ്രമം നടത്തുന്നത്. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ഏജൻസിയെ വച്ച് ഉപഗ്രഹമാപ്പിങ് നടത്തിയത്. ചിലര്‍ വിമർശിക്കാൻ വേണ്ടി ഒരു വിമർശനം നടത്തുകയാണ്. ഇതിൽ യുക്തിയുണ്ടെന്ന് തോന്നുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുള്ള സമരത്തിൽ നിന്ന് എല്ലാവരും പിന്മാറണം. പരിശോധന നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരല്ല. എന്നിട്ടും വനംവകുപ്പാണ് ഇത് ചെയ്തത് എന്ന് പ്രചരിപ്പിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. 

ഇതിനടെ ബഫർസോൺ നിർണയത്തിൽ സർക്കാറിനെതിരെ സമരം നടത്തുമെന്ന് താമരശ്ശേരി അതിരൂപത വ്യക്തമാക്കി. നിലവിലെ ഉപഗ്രഹ സർവേ മാപ്പ് പിൻവലിച്ച് നേരിട്ടുള്ള സർവേ നടത്തണമെന്ന് താമരശ്ശേരി അതിരൂപതാ അധ്യക്ഷൻ റെമജിയോസ് ഇഞ്ചനാനിയിൽ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സർവേ റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വനം മന്ത്രി ഉറക്കം നടിക്കുകയാണെന്നും ഇഞ്ചനാനിയിൽ കുറ്റപ്പെടുത്തി. ബഫർ സോൺ വിഷയത്തിൽ ഉപഗ്രഹ സർവേ റിപ്പോർട്ട് പിൻവലിച്ച് ഫീൽഡ് സർവേയിലൂടെ അതിർത്തി നിർണയം നടത്തണമെന്ന ആവശ്യമാണ് താമരശേരി അതിരൂപത മുന്നോട്ട് വെക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ പൂർണമായും ഒഴിവാക്കി രണ്ടു മന്ത്രിമാരുടെ നേതൃത്വത്തിൽ വേണം ഫീൽഡ് സർവേ നടത്താനെന്നും കർഷകരുടെ വിഷമം മനസ്സിലാക്കാതെ മാപ്പ് പ്രസിദ്ധീകരിച്ചവർക്ക് മാപ്പ് നൽകാനാവില്ലെന്നും ഇഞ്ചനാനിയിൽ പറഞ്ഞു. വിഷയത്തിൽ കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് രൂപതയുടെ തീരുമാനം. ഇന്ന് കോഴിക്കോട് ചക്കിട്ടപ്പാറയിൽ ജനജാഗ്രത യാത്രയോടെ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിക്കുമെന്നും താമരശ്ശേരി അതിരൂപതാ അധ്യക്ഷൻ വ്യക്തമാക്കി.

Eng­lish Sum­ma­ry: Buffer Zone: Report will not be sub­mit­ted to Supreme Court; Min­is­ter AK Saseendran

You may also like this video 

Exit mobile version