Site iconSite icon Janayugom Online

ബഫർസോൺ: വിദഗ്ധ സമിതിയുടെ കാലാവധി നീട്ടി

bufferzonebufferzone

ബഫർസോൺ സംബന്ധിച്ച് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി ദീർഘിപ്പിച്ചു. ഡിസംബർ 30 വരെയായിരുന്നു അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള കാലാവധി. കൂടുതൽ സമയം ആവശ്യമാണെന്ന് കണ്ട പശ്ചാത്തലത്തിലാണ് കാലാവധി നീട്ടുന്നതെന്നും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഇതുസംബന്ധിച്ച് ധാരണയായതായും വനംവകുപ്പുമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
ബഫർ സോൺ വിഷയത്തിൽ കെസിബിസി സമരം ദൗർഭാഗ്യകരമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കെസിബിസിയുടെ ആവശ്യങ്ങൾ അംഗീകരിച്ചതാണ്. രാഷ്ട്രീയ മുതലെടുപ്പിനുള്ള ചിലരുടെ ശ്രമങ്ങൾക്ക് കെസിബിസി കൂട്ടു നിൽക്കരുത്. കർഷക താല്പര്യത്തിന് അനുസരിച്ചുള്ള നിലപാടുകളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. നേതൃത്വം ഇത് മനസിലാക്കണം. സമരത്തിൽ നിന്ന് പിന്മാറാൻ കർഷക സംഘടനകൾ ഉൾപ്പെടെ തയ്യാറാകണം. രാഷ്ട്രീയ സമരങ്ങൾക്ക് കൂട്ടുനിൽക്കരുത്. വിഷയത്തിൽ കോൺഗ്രസ് പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണ്. മലയോര ജനതയെ അവർ തെറ്റിദ്ധരിപ്പിക്കുകയാണ്. ജോസ് കെ മാണി ഉയർത്തിയ ആവശ്യം അംഗീകരിച്ചതാണെന്നും ശശീന്ദ്രൻ പറഞ്ഞു.
ബഫർ സോൺ വിഷയത്തിൽ പ്രത്യക്ഷസമരം തുടങ്ങാനാണ് കെസിബിസി തീരുമാനം. താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ തിങ്കളാഴ്ച ജനജാഗ്രത യാത്ര ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം യുഡിഎഫ് സമരത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള നീക്കങ്ങള്‍ക്കും തുടക്കംകുറിച്ചിട്ടുണ്ട്. 

ഹെൽപ്പ് ഡെസ്‌ക്ക് ആരംഭിക്കും

തിരുവനന്തപുരം: പാരിസ്ഥിതിക സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമ്മിതികൾ സംബന്ധിച്ച റിപ്പോർട്ടിനെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുംവിധം പ്രദർശിപ്പിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഈ നടപടികൾ സംബന്ധിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ബഫർ സോൺ ഉൾപ്പെടുന്ന വാർഡ് അടിസ്ഥാനത്തിൽ പ്രചാരണം നടത്തണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. പൊതുജനങ്ങൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ ഹെൽപ്പ് ഡെസ്‌ക്ക് ആരംഭിക്കും. വിട്ടു പോയ നിർമ്മിതികളെ കുറിച്ച് വിവരം നൽകാനുള്ള സഹായം ഹെൽപ്പ് ഡെസ്‌ക്കിൽ ലഭിക്കും.
കൂടാതെ ജനങ്ങൾക്ക് തങ്ങളുടെ പ്രദേശത്തെ ഇക്കോ സെൻസിറ്റീവ് സോണിൽ ഏതെല്ലാം പ്രദേശങ്ങൾ ഉൾപ്പെടുന്നു എന്ന വിവരം ഹെൽപ്പ് ഡെസ്‌ക്കിൽ നിന്ന് മനസിലാക്കാം.
കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആന്റ് എൻവയോൺമെന്റ് സെന്റർ തയ്യാറാക്കിയപ്രാഥമിക റിപ്പോർട്ടിൽ ഉൾപ്പെടാതെ പോയ നിർമ്മിതികൾ ഉണ്ടെങ്കിൽ അവയുടെ വിവരം നിർദ്ദിഷ്ട പ്രൊഫോർമയിൽ 23നകം eszexpertcommittee@gmail.com ലേക്ക് അറിയിക്കാം. 

Eng­lish Sum­ma­ry: Buffer­zone: The tenure of the expert com­mit­tee has been extended

You may like this video

Exit mobile version