Site iconSite icon Janayugom Online

തുര്‍ക്കിയില്‍ കെട്ടിട പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ഭൂകമ്പത്തില്‍ ഭവനരഹിതായ 15 ലക്ഷം ആളുകള്‍ക്ക് വീടുകള്‍ പുനര്‍നിര്‍മ്മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി തുര്‍ക്കി. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തില്‍ 5,20,000 അപ്പാര്‍ട്ട്മെന്റുകള്‍ അടങ്ങുന്ന 1,60,000 കെട്ടിടങ്ങള്‍ തകരുകയോ സാരമായ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തുവെന്നാണ് സര്‍ക്കാര്‍ കണക്ക്. മാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന തുർക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ ഒരു വർഷത്തിനുള്ളിൽ വീടുകൾ പുനർനിർമ്മിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കെട്ടിട നിര്‍മ്മാണങ്ങള്‍ക്കായുള്ള ടെന്‍ഡറുകളും കരാറുകളും പൂര്‍ത്തിയായതാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. 15 ദശലക്ഷം ഡോളര്‍ ചെലവില്‍ 2,00,000 അപ്പാർട്ടുമെന്റുകളും 7000 വീടുകളും നിര്‍മ്മിച്ചുനല്‍കാനാണ് സര്‍ക്കാരിന്റെ പ്രാരംഭ പദ്ധതി. വീടുകളും അടിസ്ഥാന സൗകര്യങ്ങളും പുനർനിർമ്മിക്കുന്നതിന് 25 ബില്യൺ ഡോളർ ചെലവ് വരുമെന്ന് യുഎസ് ബാങ്ക് ജെപി മോർഗൻ കണക്കാക്കിയിരുന്നു.
ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച 100 കോടി ഡോളര്‍ ഫണ്ടില്‍ നിന്ന് 11.35 കോടി ഡോളറിനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ തുക ഉപയോഗിക്കുമെന്നും യുഎൻഡിപി അറിയിച്ചു. 11.6 കോടി മുതൽ 21 കോടി ടൺ വരെ അവശിഷ്ടങ്ങൾ ഭൂകമ്പത്തിലുണ്ടായതായാണ് യുഎന്‍ഡിപിയുടെ കണക്ക്. 

കമ്പനികൾക്കും ചാരിറ്റികൾക്കും വീടുകളും ജോലിസ്ഥലങ്ങളും നിർമ്മിക്കാനും നഗരവല്‍ക്കരണ മന്ത്രാലയത്തിന്റെ സഹായത്തോടെ അവ ആവശ്യക്കാർക്ക് കൈമാറാനും കഴിയുന്ന തരത്തില്‍ പുതിയ നിയമനിർമ്മാണവും പ്രാബല്യത്തില്‍ വരുത്തിയിരുന്നു. വനരഹിതരായവര്‍ താല്‍ക്കാലിക ടെന്റുകളിലാണ് ഇപ്പോഴുള്ളത്. ഭൂകമ്പത്തെ അതിജീവിച്ച സ്കൂളുകളും ദുരിതാശ്വാസകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ടെന്റുകളുടെ അഭാവമാണ് ഏറ്റവും വലിയ പ്രശ്‌നമായി നിലനിൽക്കുന്നതെന്ന് സന്നദ്ധപ്രവർത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ ടെന്റുകള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നാണ് ആരോപണം. കെട്ടിട പുനര്‍നിര്‍മ്മാണത്തില്‍ വേഗതയെക്കാളുപരി സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

ഭൂചലനത്തെ നേരിടാനുതകുന്ന തരത്തില്‍ നിർമ്മിച്ച ഏറ്റവും പുതിയ ചില കെട്ടിടങ്ങൾ പോലും ഭൂകമ്പത്തിൽ തകർന്ന പശ്ചാത്തലത്തിലാണ് ഈ ആശങ്ക.
അതേ സമയം, ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞു. തുര്‍ക്കിയില്‍ 44,000 ത്തിലധികം പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.മരിച്ചവരുടെ എണ്ണം 44,218 ആയി ഉയർന്നതായി ഡിസാസ്റ്റർ ആന്റ് എമർജൻസി മാനേജ്‌മെന്റ് അതോറിട്ടി (എഎഫ്എഡി) അറിയിച്ചു. സിറിയയുടെ ഏറ്റവും പുതിയ മരണസംഖ്യ 5,914 ആയും സ്ഥിരീകരിച്ചിട്ടുണ്ട്. 

Eng­lish Summary;Building recon­struc­tion works have start­ed in Turkey

You may also like this video

Exit mobile version