Site iconSite icon Janayugom Online

ബുൾഡോസർ രാജ്; അഞ്ച് വർഷത്തിനിടെ കുടിയൊഴിപ്പിക്കലിൽ 379 % വർധന

ഇന്ത്യയിൽ വികസനത്തിന്റെയോ നിയമലംഘനത്തിന്റെയോ പേരിൽ നടത്തുന്ന കുടിയൊഴിപ്പിക്കലുകളും വീട് പൊളിക്കലുകളും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഭയാനകമായ രീതിയിൽ വർധിച്ചതായി റിപ്പോർട്ട്. നിയമ അഭിഭാഷക സംഘടനയായ ഹൗസിങ് ആൻഡ് ലാൻഡ് റൈറ്റ്സ് നെറ്റ്‍വർക്ക് (എച്ച്എല്‍ആര്‍എന്‍) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2019 മുതൽ 2023 വരെയുള്ള കാലയളവിൽ ഇത്തരം നടപടികളിൽ 379 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി.
അനധികൃത കയ്യേറ്റം ഒഴിപ്പിക്കുക എന്നതിലുപരി, കുറ്റകൃത്യങ്ങളിൽ ആരോപണവിധേയരാകുന്നവർക്കുള്ള ശിക്ഷാ നടപടിയായി ബുൾഡോസർ പ്രയോഗം മാറിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് പ്രകാരം രാജ്യത്തെ കുടിയൊഴിപ്പിക്കലുകളുടെ എണ്ണം ഓരോ വർഷവും കുതിച്ചുയരുകയാണ്: 2017 മുതൽ 2023 വരെയുള്ള കാലയളവിൽ ഏകദേശം 16.8 ലക്ഷം പേർക്ക് തങ്ങളുടെ കിടപ്പാടം നഷ്ടമായി.
2019 ല്‍ 1,07,625 കുടിയൊഴിപ്പിക്കലുകളുണ്ടായി. ഇത് 2022 ആയപ്പോഴേക്കും 2,22,686 കുടിയൊഴിപ്പിക്കലുകളായി ഉയര്‍ന്നു. 2023 ല്‍ 5,15,752 കുടിയൊഴിപ്പിക്കലുകളുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ബുൾഡോസർ നടപടികളിൽ ഇരയാക്കപ്പെടുന്നവരിൽ ഭൂരിഭാഗവും മതന്യൂനപക്ഷങ്ങളും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022–23 കാലയളവിൽ പൊളിച്ചുനീക്കപ്പെട്ട കെട്ടിടങ്ങളിൽ 44 ശതമാനവും മുസ്ലിം വിഭാഗങ്ങളുടേതായിരുന്നു. ഇതേ കാലയളവിൽ നടപടിക്ക് വിധേയരായവരിൽ 89 % പേരും മുസ്ലിം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. വർഗീയ സംഘർഷങ്ങൾക്കോ പ്രതിഷേധങ്ങൾക്കോ പിന്നാലെ ഇത്തരം നടപടികൾ വ്യാപകമാകുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.
കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെട്ടവരുടെ വീടുകൾ തകർക്കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ഒരു വ്യക്തി കുറ്റവാളിയാണെങ്കിൽ പോലും അയാളുടെ വീട് പൊളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് 2024 നവംബറിൽ പുറപ്പെടുവിച്ച ചരിത്രപരമായ വിധിയിൽ കോടതി നിരീക്ഷിച്ചു. പൊളിച്ചുനീക്കലിന് മുൻപ് കൃത്യമായ നോട്ടീസ് നൽകണമെന്നും അപ്പീൽ നൽകാൻ സമയം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാൽ, ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പുറമെ അടുത്തിടെ കർണാടകയിലെ ബംഗളൂരുവിലും ഇത്തരത്തിൽ മുന്നറിയിപ്പില്ലാതെ വീടുകൾ പൊളിച്ചത് വലിയ വിവാദമായിരുന്നു. സ്മാർട്ട് സിറ്റി പദ്ധതിയോ റോഡ് വികസനമോ കാരണമായി പറയുമെങ്കിലും, പലപ്പോഴും ഇത് ഒരു ശിക്ഷാ നടപടിയായി മാറുന്നുവെന്നതാണ് മനുഷ്യാവകാശ പ്രവർത്തകർ ഉന്നയിക്കുന്ന പ്രധാന വിമർശനം. 

Exit mobile version