Site iconSite icon Janayugom Online

ബുള്‍ഡോസര്‍ രാജ്: രണ്ടുവര്‍ഷംകൊണ്ട് ഒന്നരലക്ഷം വീടുകള്‍ ഇടിച്ചുനിരത്തി

bulldozerbulldozer

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി രാജ്യത്ത് ഒന്നരലക്ഷത്തിലധികം വീടുകള്‍ ഇടിച്ചുനിരത്തി. തദ്ദേശിയ, സംസ്ഥാന, കേന്ദ്രതലത്തില്‍ 1,53,820 വീടുകള്‍ ഇടിച്ചുനിരത്തിയതായി ലാന്‍ഡ് റൈറ്റ്സ് നെറ്റ്‌വര്‍ക്ക് (എച്ച്എല്‍ആര്‍എന്‍) കണക്കുകള്‍ പുറത്തുവിട്ടു. ഇതോടെ രാജ്യത്തെ ഗ്രാമീണ‑നഗര മേഖലകളിലെ 7,38,438 പേര്‍ വീട് നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടി വന്നു.
2017 മുതല്‍ ഇത്തരം പുറത്താക്കലുകള്‍ വര്‍ധിച്ചുവരുന്നതായാണ് എച്ച്എല്‍ആര്‍എന്നിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏതാണ്ട് 17 ലക്ഷത്തോളം പേരെയാണ് ഇത് ബാധിച്ചിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ വര്‍ഷം കഴിയുന്തോറും ഇത്തരത്തില്‍ കുടിയിറക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 2019ല്‍ മാത്രം 1,07,625 പേരുടെ വീടുകള്‍ ഇടിച്ചുനിരത്ത്. 2022ല്‍ ഇത് 2,22,686 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മാത്രം 5,15,752 പേര്‍ കുടിയിറപ്പെട്ടുവെന്നു എച്ച്എല്‍ആര്‍എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 

ചേരി പ്രദേശങ്ങളുടെ മുഖം മിനുക്കല്‍, അനധികൃത ഭൂമി കയ്യേറ്റം ഒഴിപ്പിക്കല്‍, നഗര സൗന്ദര്യവല്ക്കരണം തുടങ്ങിയ പേരുകളിലാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്നുവരുന്ന ഇടിച്ചുനിരത്തലുകളില്‍ 59 ശതമാനവും നടത്തിയിരിക്കുന്നത്. ഇതിലൂടെ 2023 ല്‍ 2,90,330 പേരും 2022ല്‍ 1,43,034 പേരും തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരായി. സ്മാര്‍ട്ട് സിറ്റി, പരിസ്ഥിതി, വന, വന്യ ജീവി സംരക്ഷണം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, ദുരന്ത നിവാരണം തുടങ്ങിയവയാണ് നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിലേക്ക് നയിച്ച മറ്റ് കാരണങ്ങള്‍.
സര്‍ക്കാരിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ക്കുള്ള പ്രതികാര നടപടിയായാണ് മോഡി സര്‍ക്കാരിന്റെ കാലത്ത് നഗരവല്കരണം, സൗന്ദര്യവല്ക്കണം എന്നീ പേരുകളിലെ കുടിയൊഴിപ്പിക്കലുകള്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രത്യേക വിഭാഗങ്ങളോടുള്ള പ്രതികാരത്തിന്റെ ഭാഗമായും പൊളിച്ചുനീക്കലുകള്‍ നടന്നിട്ടുണ്ട്. മധ്യപ്രദേശിലെ ജിരാപൂര്‍ ഗ്രാമം, ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ്, സഹാറന്‍പൂര്‍, ഹരിയാനയിലെ നൂറ്, ഡല്‍ഹിയിലെ ജഹാന്‍ഗിര്‍പുരി തുടങ്ങിയ സ്ഥലങ്ങളെല്ലാം ശത്രുതാപരമായ ഇടിച്ചുനിരത്തലുകള്‍ക്ക് കഴിഞ്ഞവര്‍ഷം സാക്ഷിയായിരുന്നു. അനധികൃത കുടിയേറ്റമൊഴിപ്പിക്കല്‍, പൊതുസ്ഥലത്തെ അധനികൃത നിര്‍മ്മാണങ്ങള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ കാരണങ്ങളാണ് ന്യായവാദമായി ഉന്നയിക്കുന്നതെങ്കിലും ശത്രുതതന്നെയാണ് കാരണമെന്ന് സൂഷ്മനിരീക്ഷണത്തില്‍ മനസിലാകും.
ഫെബ്രുവരിയില്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മുസ്ലിങ്ങളെ ലക്ഷ്യമിട്ട് 128 ഇടിച്ചുനിരത്തലുകള്‍ നടത്തിയതായി പറഞ്ഞിരുന്നു. 617 പേരെയാണ് ഇത് ബാധിച്ചത്. ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങിലെ ഹിന്ദുക്കളുടെ സ്ഥലങ്ങളോട് ചേര്‍ന്നുകിടക്കുന്ന മുസ്ലിങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
രാജ്യത്ത് 17 ദശലക്ഷം ആളുകള്‍ ബുള്‍ഡോസര്‍ ഭീഷണിയിലാണ്. നിയമാനുസൃതമായ പ്രക്രിയകളിലൂടെയല്ല ഇത്തരം പൊളിച്ചുനീക്കലുകള്‍ നടത്തുന്നതെന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്.

Eng­lish Sum­ma­ry: Bull­doz­er Raj: One and a half lakh hous­es were demol­ished in two years

You may also like this video

Exit mobile version