ഹിന്ദുത്വ തേർവാഴ്ചയിൽ രാജ്യം നിയമവാഴ്ചയുടെയും നീതിനിർവഹണത്തിന്റെയും പുതിയ രീതികളും തലങ്ങളും ഞെട്ടലോടെയും ഉത്കണ്ഠയോടെയുമാണ് അനുഭവിച്ചറിയുന്നത്. തത്സമയ നീതി, നീതിന്യായ കോടതികളെയും നീതിനിർവഹണ സംവിധാനങ്ങളെയും നോക്കുകുത്തികളാക്കി, നിയമനടപടികൾ, വിചാരണ, വിധിപ്രസ്താവം എന്നിവയൊന്നും കൂടാതെ ഭരണകൂടം നേരിട്ട് നടപ്പിലാക്കുന്നതിലേക്ക് രാജ്യം എത്തിനിൽക്കുന്നു. അതാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ യുപിയിലെ പ്രയാഗ്‌രാജിലും ഡൽഹിയിലെ ജഹാംഗീർപുരിയിലും അതിനുമുൻപ് മധ്യപ്രദേശിലെ ഖർഗോണിലും അരങ്ങേറിയത്. എല്ലായിടത്തും ഭരണകൂടത്തിന്റെയും ഭരണകൂട പിന്തുണക്കാരുടെയും ആശയങ്ങളെ വിമർശിക്കുകയും അവരുടെ നയപരിപാടികളിലും നടപടികളിലും എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്യുന്നവരെ ശിക്ഷിക്കാൻ ഭരണകൂടവും അവർ നിയന്ത്രിക്കുന്ന പൊലീസും അർധസൈനിക വ്യൂഹങ്ങളും സർക്കാർ വകുപ്പുകളും ഏജൻസികളും തത്സമയം രംഗത്തുവരുന്നു. കോടതികളെയും നിയമവ്യവസ്ഥകളെയും നോക്കുകുത്തികളാക്കി അവർ ശിക്ഷ തൽക്ഷണം നടപ്പാക്കുന്നു. ഇരകൾക്കു പ്രതിഷേധിക്കാനോ നിയമ പരിരക്ഷ നേടാനോ അവസരംപോലും നൽകാത്ത കിരാത ശിക്ഷാരീതിയെ പ്രധാനമന്ത്രിയടക്കം പ്രകീർത്തിക്കുകയും ഉത്തമ ഭരണനിർവഹണമായി കൊണ്ടാടുകയും ചെയ്യുന്നു. അത് എല്ലാ കുറ്റവാളികൾക്കും പൊതുവിൽ ബാധകമായ തത്സമയ ശിക്ഷാരീതിയല്ല. മറിച്ചു, ഹിന്ദുത്വ രാഷ്ട്രീയം രാഷ്ട്രശത്രുക്കളായി മുദ്രകുത്തിയ മതന്യൂനപക്ഷങ്ങൾക്കുള്ള പ്രഖ്യാപിത ശിക്ഷാനടപടിയാണ്. മുഖ്യമന്ത്രിമാരും, മന്ത്രിമാരും മറ്റ് ഹിന്ദുത്വ വാദ്യമേളക്കാരും ഭയചകിതരും നിരാശ്രയരുമായ ന്യൂനപക്ഷങ്ങൾക്കെതിരെ അത്തരം ക്രൂരനടപടികളെ ആഘോഷപൂർവം കൊണ്ടാടുന്നു. കേന്ദ്ര, സംസ്ഥാന ബിജെപി ഭരണകൂടങ്ങളുടെ ബുൾഡോസർ രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ പതിപ്പ് അരങ്ങേറിയത് യുപിയിലെ പ്രയാഗ്‌രാജിലാണ്. ബുൾഡോസർ രാഷ്ട്രീയത്തിന് രാജ്യത്ത് തുടക്കംകുറിച്ചത് പൗരത്വ ഭേദഗതി സമരത്തിനെതിരെ ഇടിച്ചുനിരത്തൽ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കി യുപിയിൽ മുഖ്യമന്ത്രി ആദിത്യനാഥിന്റെ മുഖ്യ കാർമികത്വത്തിൽ ആയിരുന്നു എന്നത് യാദൃച്ഛികമല്ല. രാജ്യത്ത് ഏറ്റവുമധികം മുസ്‌ലിം മതന്യൂനപക്ഷങ്ങൾ അധിവസിക്കുന്ന സംസ്ഥാനം തന്നെ ഹിന്ദുത്വ വിദ്വേഷ രാഷ്ട്രീയത്തിന്റെ പരീക്ഷണശാല ആവുകയെന്നത് അവരെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണല്ലോ.
ഇതുകൂടി വായിക്കാം; ബുൾഡോസറുകളുടെ കാലമല്ലിത്; പാർപ്പിടം ഒരുക്കി നൽകൂ
വിദ്വേഷ രാഷ്ട്രീയ നടപടികൾക്കെതിരെ പ്രതിഷേധം ഉയരുമ്പോളാണ് ബുൾഡോസർ രാഷ്ട്രീയം തലഉയർത്തുന്നത് എന്നതിൽ അതിന്റെ പ്രയോക്താക്കൾ യാതൊരു അസാധാരണത്വവും കാണുന്നില്ല. അനധികൃത നിർമ്മാണങ്ങളാണ് തകർത്തതെന്നും, അത് പ്രയാഗ്‌രാജിൽ അവിടത്തെ വികസന അതോറിറ്റി നിയമാനുസൃതം അറിയിപ്പുനല്കി സ്വീകരിച്ച നടപടിയാണെന്നുമുള്ള ന്യായീകരണവും കൃത്യതയോടെ പുറത്തുവന്നു. വിദ്വേഷ രാഷ്ട്രീയത്തിൽ അധിഷ്ഠിതമായ പ്രതികാരനടപടികൾക്കു മുതിരുന്നവർ പുരാതനങ്ങളായ പ്രയാഗ്‌രാജ്, ലഖ്നൗ തുടങ്ങിയ നഗരങ്ങളിലെല്ലാം കയ്യേറ്റം നടത്തുന്നവരും അനധികൃത കെട്ടിടനിർമ്മാണം നടത്തുന്നവരും ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ടവർ മാത്രമാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നത്. പ്രയാഗ്‌രാജിൽ തകർക്കപ്പെട്ട അമ്പതു വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടം ബുൾഡോസർ ഉപയോഗിച്ചു പൊളിക്കാൻ ബിജെപി വക്താക്കളുടെ പ്രവാചക നിന്ദയും അതിനെതിരെ മതന്യൂനപക്ഷത്തിന്റെ പ്രതിഷേധവും വേണ്ടിവന്നു എന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഭൂരിപക്ഷ മതത്തില്‍പ്പെട്ട ആരുടേയും ഭവനങ്ങളോ കെട്ടിടങ്ങളോ ഈവിധം തകർക്കപ്പെട്ടതായി കേട്ടുകേൾവിപോലും ഇല്ല. പ്രവാചക നിന്ദക്കെതിരെ രാജ്യത്തിനകത്തും പുറത്തും വ്യാപകമായ പ്രതിഷേധം ഉയർന്നത് സ്വാഭാവിക പ്രതികരണമാണ്. ബിജെപി തന്നെ അതിന്റെ പ്രമുഖ വക്താക്കളെ പുറത്താക്കുകയും സസ്പെൻഡ് ചെയ്യുകയുംവഴി പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊള്ളുകയും, ചേതപരിഹാര നടപടികൾക്ക് തയാറാവുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും അത്തരം ഹീനശ്രമങ്ങളെ അപലപിക്കാൻ മുതിരുകയോ ന്യൂനപക്ഷ സമുദായത്തിന്റെ വികാര വിക്ഷോഭങ്ങളെ തണുപ്പിക്കാൻ തയാറാവുകയോ ചെയ്തില്ലെന്നത് ഖേദകരമാണ്. പകരം അവർക്കുനേരെ ഭരണകൂട ഭീകരത അഴിച്ചുവിട്ട് രാജ്യത്ത് നിയമവാഴ്ച തകർക്കാനും അരാജകത്വം സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടംതന്നെ ജീവന് ഭീഷണി ഉയർത്തുന്നതും സ്വത്തുക്കൾ നേരിട്ടുനശിപ്പിക്കുന്നതും ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും ഭരണഘടനയുടെ തന്നെയും തകർച്ചയെയാണ് അടയാളപ്പെടുത്തുന്നത്. രാജ്യത്തെയും ജനങ്ങളുടെ ഐക്യത്തെയും സംരക്ഷിക്കാൻ മുഴുവൻ പ്രതിപക്ഷത്തെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള സത്വര നടപടികൾക്ക് കേന്ദ്രസർക്കാർ തയാറാവണം.
You may also like this video;