Site iconSite icon Janayugom Online

ബുള്‍ഡോസര്‍ രാജിന് സ്റ്റേ തുടരും

ബിജെപി സര്‍ക്കാരുകളുടെ ബുള്‍ഡോസര്‍ രാജിനെതിരെ വീണ്ടും സുപ്രീം കോടതി. കേസില്‍ പ്രതിയായ ആളുടെ എന്നല്ല, കുറ്റവാളി എന്നു കണ്ടെത്തിയവരുടെ പോലും കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ രാജ്യത്തിനു മുഴുവന്‍ ബാധകമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ഇടിച്ചു നിരത്തലുകള്‍ക്കു നേരത്തെ ഏര്‍പ്പെടുത്തിയ വിലക്ക് കേസില്‍ വിധി വരുന്നതു വരെ തുടരുമെന്നും ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളില്‍ കേസില്‍ പ്രതിയായ വ്യക്തികളുടെ വീടും മറ്റു സ്ഥാപനങ്ങളും ഇടിച്ചുനിരത്തുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കോടതി വിധി പറയാന്‍ മാറ്റി. ഇന്ത്യ മതേതര രാജ്യമാണെന്നും, ഇവിടെ എല്ലാവരും തുല്യരാണെന്നും കോടതി ഓർമിപ്പിച്ചു. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് മാത്രമായി വേറെ നിയമം കൊണ്ടുവരാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

അതേസമയം അനധികൃതമായ ഒരു നിര്‍മ്മാണ പ്രവര്‍ത്തനത്തെയും കോടതി സംരക്ഷിക്കില്ലെന്ന് ബെഞ്ച് എടുത്തു പറഞ്ഞു. അമ്പലമായാലും ദർഗയായാലും അത് ജനജീവിതത്തിന് തടസമാകരുതെന്നും മതസ്ഥാപനങ്ങളേക്കാൾ പ്രധാനം ജനങ്ങളുടെ സുരക്ഷയാണെന്നും കോടതി വ്യക്തമാക്കി. 

Exit mobile version