ബുള്‍ഡോസര്‍ രാജ് കേസില്‍ ഐക്യരാഷ്ട്ര സഭയും സുപ്രീം കോടതിയിലേക്ക്. ബുൾഡോസർ രാജ് ഇല്ലാതാക്കുന്നതിന് കോടതി തയ്യാറാക്കുന്ന മാർഗരേഖയിൽ പങ്കാളിത്തം വഹിക്കാൻ അനുമതി തേടി യുഎന്‍ പ്രത്യേക പ്രതിനിധി പ്രൊഫ. ബാലകൃഷ്ണന്‍ രാജഗോപാല്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് സഹായിക്കാമെന്ന് റിപ്പോര്‍ട്ടര്‍ കോടതിയെ അറിയിച്ചു. യുഎന്നിന്റെ മനുഷ്യാവകാശ കൗൺസിലിന് കീഴിലുള്ള എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കുന്ന വിഭാഗത്തിന്റെ പ്രത്യേക പ്രതിനിധിയാണ് ബാലകൃഷ്ണൻ രാജഗോപാല്‍. കേസിൽ പ്രതിചേർക്കപ്പെടുന്ന വ്യക്തികളുടെ വീടുകൾ പ്രതികാര നടപടി എന്ന നിലയിൽ പൊളിച്ചുനീക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. എല്ലാവർക്കും വീടെന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം ഉറപ്പ് നൽകുന്നതാണ്. വീടുകൾ തകർക്കുന്നത് ഈ നിയമത്തിന്റെ ലംഘനമാണെന്നും അപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ശിക്ഷാ നടപടി എന്ന നിലയിൽ വീടുകൾ പൊളിച്ചുനീക്കുകയാണ്.
ക്രൂരവും മനുഷ്യത്വരഹിതവും നിന്ദ്യവുമായ ശിക്ഷാ നിയമത്തിന്റെ ലംഘനമാണിത്. വീടുകൾ കയ്യേറി നിര്‍മ്മിച്ചതാണെങ്കിലും നിയമപരമായ പരിഹാരമാർഗങ്ങൾ തേടിയ ശേഷമേ പൊളിച്ചുനീക്കാനാകുകയുള്ളൂ. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന് വിരുദ്ധമായാണ് പൊളിക്കലുകൾ നടക്കുന്നത്. ശിക്ഷാ നടപടിയായി വീടുകൾ പൊളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹര്‍ജിയിൽ പറയുന്നു. മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച യുഎന്‍ ചാര്‍ട്ടറില്‍ ഇന്ത്യ ഒപ്പിട്ടതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ യുഎന്നിന് അവകാശമുണ്ടെന്നും രാജഗോപാല്‍ വ്യക്തമാക്കി.
ഗുജറാത്തില്‍ മസ്ജിദും ദര്‍ഗയും ഇടിച്ച് നിരത്തി
ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ അഞ്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദും ദർഗയും കബറിടങ്ങളും ബുൾഡോസർ ഉപയോഗിച്ച് തകർത്തു. അനധികൃത കയ്യേറ്റം ആരോപിച്ചാണ് 45ഓളം വീടുകളും കെട്ടിടങ്ങളും ഇടിച്ച് നിരത്തിയത്. സുപ്രീം കോടതി ഉത്തരവ് പൂർണമായും ലംഘിച്ചാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി.
ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച പൊളിക്കല്‍ യജ്ഞം ആറ് മണിക്കൂറിലധികം നീണ്ടുനിന്നതായി ജില്ലാ കളക്ടര്‍ ഡി ഡി ജഡേജ അറിയിച്ചു. പൊളിച്ച് നീക്കിയ കെട്ടിടങ്ങള്‍ സോമനാഥ ക്ഷേത്ര ട്രസ്റ്റിന്റെ ഭൂമിയിലാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 60 കോടി രൂപ വിലമതിക്കുന്ന 15 ഹെക്ടർ ഭൂമിയിലെ കയ്യേറ്റങ്ങളാണ് നീക്കംചെയ്തതെന്നും ജഡേജ പറഞ്ഞു. പൊളിക്കല്‍ നടപടി തടഞ്ഞ നാട്ടുകാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് സ്ഥലത്ത് കർശന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി. നൂറ്റമ്പതോളം പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.
രാജ്യത്തുടനീളമുള്ള സ്വത്തുവകകള്‍ അനധികൃതമായി പൊളിച്ച് മാറ്റുന്നതിനെ സംബന്ധിച്ചുള്ള ഹർജികൾ പരിഗണിക്കവെ ഒക്ടോബര്‍ ഒന്നുവരെ ബുള്‍ഡോസര്‍ രാജ് നിര്‍ത്തിവയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കയ്യേറ്റങ്ങൾക്ക് ഉത്തരവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.