Site icon Janayugom Online

ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ ആയുധം

ഇന്ത്യയില്‍ മുസ്ലിങ്ങളെ ലക്ഷ്യമിടുന്ന ആയുധമായി ബുള്‍ഡോസര്‍ മാറിയതായി ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെകാലയളവില്‍ ബുള്‍ഡോസര്‍ രാജിലൂടെ ഇടിച്ചു നിരത്തിയത് 128 വീടുകളും കെട്ടിടങ്ങളുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലും ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിയിലുമാണ് മൂന്നുമാസത്തിനിടെ ഇത്രയേറെ വീടുകള്‍ തകര്‍ത്തതെന്ന് ആംനെസ്റ്റി റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ ‘ബുള്‍ഡോസര്‍ നീതി’ സംബന്ധിച്ച രണ്ട് റിപ്പോര്‍ട്ടുകളിലായിട്ടാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇക്കാര്യം പ്രതിപാദിക്കുന്നത്. മധ്യപ്രദേശിലാണ് കൂടുതല്‍ വീടുകള്‍ തകര്‍ത്തത്- 56. ഗുജറാത്ത്-36, ഡല്‍ഹി-25, അസം-എട്ട്, ഉത്തര്‍പ്രദേശ്-മൂന്ന് വീടുകളാണ് ഇക്കാലയളവില്‍ ഇടിച്ചുനിരത്തിയത്. 

അഞ്ചു സംസ്ഥാനങ്ങളിലും ചില വിഭാഗങ്ങളെ മാത്രം ലക്ഷ്യം വച്ചായിരുന്നു ബുള്‍ഡോസര്‍ നീങ്ങിയതെന്നും ബലപ്രയോഗത്തിലൂടെയാണ് ഒഴിപ്പിക്കലുകള്‍ നടന്നതെന്നും സംഘടന പറയുന്നു. ഇത്തരം ഒഴിപ്പിക്കല്‍ നടപടികള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്കും സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കുള്ള അന്താരാഷ്ട്ര ഉടമ്പടിക്കും എതിരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പൊളിച്ചുമാറ്റിയ 128 കെട്ടിടങ്ങളില്‍ 63 എണ്ണത്തിന്റെ ഉടമസ്ഥര്‍, നിയമ വിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുമായി ആംനെസ്റ്റി അഭിമുഖം നടത്തി. പൊളിച്ചുമാറ്റല്‍ നടപടികള്‍ക്ക് മുമ്പ് മുസ്ലിം വിഭാഗം പ്രക്ഷോഭങ്ങളോ പ്രതിഷേധങ്ങളോ സംഘടിപ്പിച്ചിരുന്നതായും പൊലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള മറുപടിയെന്നോണമാണ് കെട്ടിടങ്ങള്‍ക്കുമേല്‍ ബുള്‍ഡോസര്‍ ഉരുണ്ടത്. പൊളിക്കല്‍ നടപടികള്‍ക്ക് മുമ്പ് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നതായും കണ്ടെത്തി.

തങ്ങള്‍ നേരിടുന്ന അനീതികള്‍ക്കും വിവേചനങ്ങള്‍ക്കും എതിരെ സംസാരിക്കുന്ന മുസ്ലിങ്ങള്‍ക്കെതിരെയാണ് ഇത്തരം പ്രതികാര നടപടികള്‍ കൂടുതലും സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടുന്നു. അനധികൃത നിര്‍മ്മാണം നീക്കം ചെയ്യുന്നതിന്റെ മറവില്‍ മുസ്ലിം കേന്ദ്രീകൃത പ്രദേശങ്ങള്‍ ലക്ഷ്യമിടുന്നു. മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ തെരഞ്ഞെടുത്ത് പൊളിച്ചുമാറ്റി, സമീപത്തുള്ള ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ സ്പര്‍ശിക്കാതെ അവശേഷിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. കൃത്യമായ നിയമനടപടികളോ മുൻകൂര്‍ നോട്ടീസോ മാറ്റി പാര്‍പ്പിക്കാൻ ഇടമോ നല്‍കാതെയായിരുന്നു നടപടിയെന്നും സംഘടന ചൂണ്ടിക്കാട്ടി. വീട് ഇടിച്ചു നിരത്തിയതിന് പുറമേ ചോദ്യം ചെയ്ത നിരവധി മുസ്ലിം വിഭാഗക്കാരെ പൊലീസ് അധികൃതര്‍ പീഡിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Eng­lish Summary:Bulldozer weapon against Mus­lims in India
You may also like this video

Exit mobile version