Site iconSite icon Janayugom Online

ബുൾഡോസർരാജും ഏറ്റുമുട്ടൽ കൊലയും

രാജ്യത്ത് അടുത്തകാലത്ത് കുപ്രസിദ്ധമായ ബുള്‍ഡോസര്‍രാജിന് താല്‍ക്കാലികമായെങ്കിലും സുപ്രീം കോടതി തടയിട്ടിരി‌ക്കുന്നു. ഒക്ടോബര്‍ ഒന്ന് വരെ കോടതി അനുമതിയില്ലാതെ പൊളിക്കല്‍ നടപടി സ്വീകരിക്കാന്‍ പാടില്ലെന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ വസതിയും മറ്റ് സ്ഥാപനങ്ങളും ഇടിച്ചുനിരത്തുന്ന രീതി കാടന്‍ വ്യവസ്ഥയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. പൊളിക്കല്‍ നിര്‍ത്തിവച്ചാല്‍ ആകാശം ഇടി‍ഞ്ഞ് വീഴില്ലെന്ന രൂക്ഷമായ വിമര്‍ശനവും കോടതിയില്‍ നിന്നുണ്ടായി. ബിജെപി അധികാരത്തിലെത്തിയതിനുശേഷം രാജ്യത്തിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ കുപ്രസിദ്ധമായ രണ്ട് സംജ്ഞകളാണ് എൻകൗണ്ടർ (ഏറ്റുമുട്ടൽ) കൊല, ബുൾഡോസർ രാജ് (ഇടിച്ചുനിരത്തൽ) എന്നിവ. വിചാരണയില്ലാതെ ശിക്ഷ വിധിക്കുന്ന ഭരണകൂട നടപടിയായാണ് അവ വ്യാപകമായത്. നേരത്തെ അപൂർവമായി ഏറ്റുമുട്ടൽ കൊലകളെക്കുറിച്ച് നാം കേട്ടിരുന്നുവെങ്കിലും അതിന് സംഘടിത രൂപവും വൈപുല്യവുമുണ്ടായത് ബിജെപിയുടെ അധികാരാരോഹണത്തോടെയായിരുന്നു. 

കേന്ദ്രത്തിലെ അധികാരം കയ്യേൽക്കുന്നതിന് മുമ്പ് ഉത്തർപ്രദേശിലും ഗുജറാത്തിലുമെല്ലാം എത്രയോ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംഭവിച്ചു. പിടികൂടപ്പെടുന്ന പ്രതികളെ തെളിവെടുപ്പിനെന്ന പേരിൽ കൊണ്ടുപോയി, രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന കള്ളക്കഥ മെനഞ്ഞ് വെടിവച്ചോ അല്ലാതെയോ കൊല്ലുക എന്ന പ്രാകൃതമായ രീതിയാണ് ഇവിടങ്ങളിൽ അവലംബിച്ചത്. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും അതേ വകുപ്പും കൈകാര്യം ചെയ്ത് ഭരിച്ച ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾ പത്തിവിടർത്തിയാടിയ കാലത്താണ് ഏറ്റുമുട്ടൽ കൊലകൾ നാം കൂടുതൽ കേട്ടത്. അവയിൽ ഏറ്റവും കുപ്രസിദ്ധമായതാണ് സാദിഖ് ജമാൽ, ഇസ്രത്ത് ജഹാൻ, സൊറാബുദ്ദീൻ ഷേഖ്, തുളസീറാം പ്രജാപതി എന്നിവരുടെ കേസുകൾ.
2002നും 2006നുമിടയിൽ 22 ഏറ്റുമുട്ടൽ കൊലപാതകങ്ങളാണ് ഗുജറാത്തിൽ മോഡി — അമിത് ഷാ ദ്വയങ്ങളുടെ പൊലീസ് നടത്തിയത്. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ കണക്കനുസരിച്ച് 2002നും 2008നുമിടയിൽ 440 കേസുകളാണ് ഇതുസംബന്ധിച്ചുണ്ടായത്. ഉത്തർപ്രദേശ് — 231, രാജസ്ഥാൻ — 33, മഹാരാഷ്ട്ര – 31, ഡൽഹി — 26, ഉത്തരാഖണ്ഡ് — 19 കേസുകളുണ്ടായി. 2009 മുതൽ 13 വരെ 555 കൊലപാതകങ്ങളുമുണ്ടായി. 2016മുതൽ 22വരെ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ കണക്ക് പ്രകാരം 813 കേസുകളാണ് രാജ്യത്തുണ്ടായത്. 

1985 ഫെബ്രുവരിയിൽ വ്യാജ പൊലീസ് ഏറ്റുമുട്ടലിൽ രാജാ മാൻ സിങ്ങും രണ്ട് അനുയായികളും കൊല്ലപ്പെട്ട സംഭവത്തിൽ 2020 ജൂലൈ 20ന് മഥുരയിലെ പ്രത്യേക സിബിഐ മുൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കാൻ സിങ് ഭാട്ടി ഉൾപ്പെടെ 11 പൊലീസുകാരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഈവിധത്തിൽ നിരവധി ശിക്ഷാ നടപടികൾ കോടതികളിൽ നിന്നുണ്ടായെങ്കിലും കുറ്റവാളികൾ ഒന്നുകിൽ ജയിലിൽ അടയ്ക്കപ്പെടും അല്ലെങ്കിൽ ഏറ്റുമുട്ടലിൽ കൊല എന്ന പ്രഖ്യാപനം നടത്തി ആദിത്യനാഥിനെ പോലുള്ള മുഖ്യമന്ത്രിമാർ ഇത് നിർബാധം തുടരുകയാണ്. ബിജെപി ഭരിക്കുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ആദിത്യനാഥിന്റെ പാത പിന്തുടർന്നുള്ള കൊലപാതകങ്ങൾ തുടരുകയാണ്. ഓഗസ്റ്റ് 22നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് കുളത്തിൽ ചാടി മരിച്ചെന്ന വാർത്ത വായിച്ചത്. അസമിലെ നഗാവോൺ ജില്ലയിലെ ധിങ്ങിലായിരുന്നു ഇതുണ്ടായത്. പൊലീസ് കെട്ടിച്ചമച്ച കഥയും പ്രതിയുടെ പേരും കേൾക്കുമ്പോൾതന്നെ സംഭവം വ്യാജമാണെന്ന് വ്യക്തമാകും. പുലർച്ചെ 3.30ഓടെ തെളിവെടുപ്പിനായി എത്തിച്ച പ്രതി രക്ഷപ്പെട്ട് കുളത്തിൽ ചാടിയെന്നും തിരച്ചിൽ ആരംഭിച്ചുവെങ്കിലും രണ്ട് മണിക്കൂറിന് ശേഷം മൃതദേഹം കണ്ടെടുത്തെന്നുമായിരുന്നു പൊലീസ് ഭാഷ്യം. പ്രതിയുടെ പേര് തഫാസുൽ ഇസ്ലാം എന്നതും ഇതോടൊപ്പം പ്രസക്തമാകുന്നു.
ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും നക്സലുകളെ നേരിടാനെന്ന പേരിൽ നടക്കുന്നതും വ്യാജ ഏറ്റുമുട്ടലുകളാണ്. മരിക്കുന്നതാകട്ടെ സാധാരണ മനുഷ്യർ, പ്രത്യേകിച്ച് ദളിത് വിഭാഗത്തിൽപ്പെട്ടവർ. നികൃഷ്ടവും നിയമവിരുദ്ധവുമായ ഏറ്റുമുട്ടൽ കൊലകൾ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അസമിലെ വ്യാജ ഏറ്റുമുട്ടലിനെതിരെ സുപ്രീം കോടതിയിൽ നിന്നുണ്ടായ പരാമർശങ്ങൾ ശ്രദ്ധേയമാകുന്നത്. പ്രതികളായതുകൊണ്ടുമാത്രം അവർക്ക് ജീവൻ നഷ്ടപ്പെടുന്നത് നിയമവാഴ്ചയ്ക്ക് യോജിച്ചതല്ലെന്നായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. ആരിഫ് ജവാദർ എന്നയാൾ അസമിൽ ഹിമന്ത ബിശ്വ ശർമ അധികാരത്തിലെത്തിയതിനുശേഷം നടന്ന ഏറ്റുമുട്ടൽ കൊലകൾക്കെതിരെ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു പരമോന്നത കോടതി. 

ഹിമന്ത ബിശ്വ ശർമ മുഖ്യമന്ത്രിയായ 2021 മേയ് മാസത്തിന് ശേഷം 80ലധികം വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംസ്ഥാനത്ത് നടന്നെന്നും 28 പേർ കൊല്ലപ്പെട്ടെന്നും 48 ആളുകൾക്ക് പരിക്ക് പറ്റിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഗുവാഹട്ടി ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് ജവാദർ സുപ്രീം കോടതിയെ സമീപിച്ചത്. അസമിൽ ഇത്തരം സംഭവങ്ങളിൽ പരിക്കേറ്റതും കൊല്ലപ്പെട്ടതും ബഹുഭൂരിപക്ഷവും ന്യൂനപക്ഷങ്ങളിലുള്ളവരാണ്. രക്ഷപ്പെടാൻ ശ്രമിക്കുകയോ, ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിക്കുകയോ ചെയ്തെന്നും അപ്പോഴാണ് വെടിവച്ച് കൊന്നതെന്നുമാണ് പൊലീസ് അവകാശപ്പെടുന്നത്. എന്നാൽ 2021ൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട ഒരാളെ ഇത്തരത്തിൽ കൊലപ്പെടുത്തിയ കേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് 2023 ഫെബ്രുവരിയിൽ അസം മനുഷ്യാവകാശ കമ്മിഷൻ കണ്ടെത്തിയിരുന്നുവെന്ന് ഹർജിയിൽ വിശദീകരിക്കുന്നു. ഈ ഹർജിയിലാണ് ഇത്തരം കൊലപാതകങ്ങൾക്കെതിരെ സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.
കോടതിക്ക് പുറത്തുള്ള ശിക്ഷാവിധിയുടെ ഭാഗമായി വ്യാജ ഏറ്റുമുട്ടലുകൾക്കു സമാനമായി നടപ്പിലാക്കുന്ന മറ്റൊരു രീതിയാണ് ബുൾഡോസർരാജ് (ഇടിച്ചുനിരത്തൽ). ആഗോളതലത്തിൽതന്നെ രാജ്യത്തിന്റെ കീർത്തി ചോദ്യം ചെയ്യപ്പെട്ടതായിരുന്നു ഇത്. ആംനെസ്റ്റി ഇന്റർനാഷണൽ പോലുള്ള സംഘടനകളുടെ അന്താരാഷ്ട്ര റിപ്പോർട്ടുകളിൽ പോലും ഇന്ത്യയിലെ ഏകപക്ഷീയമായ ഇടിച്ചുനിരത്തൽ അപലപിക്കപ്പെട്ടതാണ്. കഴിഞ്ഞ മാർച്ചിൽ പുറത്തുവന്ന ആംനെസ്റ്റി റിപ്പോർട്ടിൽ 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ബുൾഡോസർരാജിലൂടെ ഇടിച്ചു നിരത്തിയത് 128 വീടുകളും കെട്ടിടങ്ങളുമാണെന്ന് വ്യക്തമാക്കുന്നു. 

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലാണ് കൂടുതൽ വീടുകൾ തകർത്തത്- 56. ഗുജറാത്ത് — 36, ഡൽഹി — 25, അസം — എട്ട്, ഉത്തർപ്രദേശ് — മൂന്ന് വീടുകളാണ് ഇടിച്ചുനിരത്തിയത്. മുസ്ലിം വിഭാഗം പ്രക്ഷോഭങ്ങളോ പ്രതിഷേധങ്ങളോ സംഘടിപ്പിച്ചിരുന്നതിന്റെ പ്രതികാരമായാണ് ഇടിച്ചുനിരത്തൽ നടത്തുന്നത്. അനധികൃത നിർമ്മാണമെന്ന പേരിൽ മുസ്ലിം കേന്ദ്രീകൃത പ്രദേശങ്ങൾ ലക്ഷ്യമിടുന്നു. കൃത്യമായ നിയമനടപടികളോ മുൻകൂർ നോട്ടീസോ മാറ്റിപ്പാർപ്പിക്കാൻ ഇടമോ നൽകാതെയായിരുന്നു നടപടിയെന്നും സംഘടന റിപ്പോർട്ടിൽ എടുത്തുപറയുന്നു. ബുൾഡോസർ രാജിനെതിരെയും സുപ്രീം കോടതിയിൽ നിന്ന് നടപടിയുണ്ടായിട്ടുണ്ട്. കേസിൽ പ്രതിയായതുകൊണ്ടു മാത്രം ഒരാളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തരുതെന്ന് ഓഗസ്റ്റ് അവസാനം സുപ്രീം കോടതി നിർദേശിച്ചിരുന്നു. വർധിച്ചുവരുന്ന ബുൾഡോസർ രാജിനെതിരെ അഖിലേന്ത്യാ തലത്തിൽ മാർഗനിർദേശം രൂപീകരിക്കുമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കുറ്റകൃത്യങ്ങളിൽ ആരോപിക്കപ്പെടുന്ന പങ്കാളിത്തം വസ്തുവകകൾ പൊളിക്കുന്നതിനുള്ള അടിസ്ഥാനമല്ലെന്ന് സുപ്രീം കോടതി അടുത്തിടെ മറ്റൊരു വിധിയിലും പറഞ്ഞിട്ടുണ്ട്. ഇത്തരം നടപടികൾ രാജ്യത്തെ നിയമങ്ങൾക്ക് മേൽ ബുൾഡോസർ ഓടിക്കുന്നതിന് സമാനമാണെന്ന് ഗുജറാത്തിലെ ഖേഡ ജില്ലയിൽ നിന്നുള്ള ജാവേദലി മഹ്ബൂബ്മിയ സയ്യിദ് എന്നയാൾ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോൾ കോടതി പരാമർശിച്ചു. തനിക്കെതിരെയുള്ള അതിക്രമിച്ചുകയറൽ കുറ്റംചുമത്തി മുനിസിപ്പൽ അധികാരികൾ തന്റെ വീട് പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി സയ്യിദ് ഹർജിയിൽ പറയുന്നു. നിയമം പരമോന്നതമായ ഒരു രാജ്യത്ത് ഇത്തരം പൊളിക്കൽ ഭീഷണികളെ കോടതിക്ക് അവഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. 

എന്നാൽ സുപ്രീം കോടതിയെ അവഹേളിക്കുന്ന സമീപനമാണ് യുപിയിലെ ബിജെപി നേതാക്കളിൽ നിന്നും മന്ത്രിമാരിൽ നിന്നുമൊക്കെ ഉണ്ടാകുന്നത്. മുഖ്യമന്ത്രി ആദിത്യനാഥ് തന്നെ നടപടിയെ ന്യായീകരിച്ചെങ്കിൽ സംസ്ഥാനത്ത് നടപടികൾ തുടരുമെന്ന സൂചനയാണ് ഊർജ വകുപ്പ് മന്ത്രി എ കെ ശർമയുടെ പ്രസ്താവന. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ ബുൾഡോസർ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെന്നും അവയുടെ ഉപയോഗം തുടരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. കോടതിക്കു പുറത്തുള്ള നീതി നടപ്പിലാക്കലും നിയമവിരുദ്ധവുമാണ് ഇടിച്ചുനിരത്തലും വ്യാജ ഏറ്റുമുട്ടൽ കൊലകളുമെന്നാണ് പരമോന്നത കോടതിപോലും നിരീക്ഷിക്കുന്നതെങ്കിലും അത് അംഗീകരിക്കാതെ മുന്നോട്ടുപോകുകയാണ് ബിജെപി സർക്കാരുകൾ.
ഈ മാസം രണ്ടിന് പൊളിക്കല്‍ നടപടിക്ക് മാര്‍ഗനിര്‍ദേശം രൂപീകരിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന പൊളിക്കല്‍ നടപ‍ടി അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. കോടതിയുത്തരവ് ഇല്ലാതെയുള്ള ഇടിച്ചുനിരത്തല്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ഭരണഘടനാ വിരുദ്ധമായ പൊളിക്കല്‍ കോടതി അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ഗനിര്‍ദേശം രൂപീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇടിച്ചുനിരത്തല്‍ നടക്കുന്നത് കോടതിവിധിയോടുള്ള അവഹേളനമാണ്. സുപ്രീം കോടതി നിര്‍ദേശ പ്രകാരം മാനദണ്ഡം നിശ്ചയിച്ചശേഷമേ ഇനി രാജ്യത്ത് ഇടിച്ചുനിരത്തല്‍ പാടുള്ളുവെന്നും ബെഞ്ച് നിര്‍ദേശിച്ചു.

Exit mobile version