Site icon Janayugom Online

ബുള്ളി ബായ് ആപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍

ബു​ള്ളി ബാ​യ്​ എ​ന്ന ആപ്പ് രൂപീകരിച്ച് മുസ്​ലിം സ്ത്രീകളെ ലേലത്തിനുവച്ച കേസിൽ ഒരാള്‍ക്കൂടി അറസ്റ്റില്‍. മായങ്ക് റാവൽ എന്ന 21 വയസുള്ള വിദ്യാർത്ഥിയെയാണ് ഉത്തരാഖണ്ഡിൽ നിന്ന് മുംബൈ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട മൂന്നാമത്തെ അറസ്റ്റാണിത്.

ഉത്തരാഖണ്ഡിൽ നിന്ന് മുഖ്യപ്രതി ശ്വേത സിങ് (18), ബംഗളുരുവിലെ എൻജിനീയറിങ് വിദ്യാർത്ഥി വിശാൽ കുമാർ ഝാ (21) എന്നിവരെ മുംബൈ സൈബർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സാ​ൻ​ഫ്രാ​ൻ​സി​സ്​​കോ ആ​സ്ഥാ​ന​മാ​യി പ്രവർത്തിക്കുന്ന കോ​ഡി​ങ്​ പ്ലാ​റ്റ്​​ഫോമാ​യ ഗി​റ്റ്​ ഹ​ബി​ൽ ബുള്ളി ബായ് എന്ന ആപ്പിലൂടെ നൂറുകണക്കിന് മുസ്​ലിം സ്ത്രീകളെ ചിത്രസഹിതം ലേലത്തിന് വച്ചിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് മുംബൈ പൊലീസ് ഇവർക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഉത്തരാഘണ്ഡിലെ ഉദ്ദം സിങ് നഗർ ജില്ലയിൽ നിന്നാണ് ശ്വേത സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബംഗളുരുവിൽ അറസ്റ്റിലായ വിശാൽ കുമാറാണ് യുവതിയുടെ പേര് വെളിപ്പെടുത്തിയത്. ബുള്ളി ബായ് ആപ്പിലെ പോസ്റ്റുകളും പ്രവർത്തനങ്ങളും നിയന്ത്രിച്ചിരുന്നതും ആളുകളുമായി ബന്ധപ്പെട്ടിരുന്നതും യുവതിയാണെന്നാണ് വിശാൽ വെളിപ്പെടുത്തിയത്. ബു​ള്ളി ബായ് ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യു​വ​തി​ക്ക് മൂ​ന്ന്​ അ​ക്കൗ​ണ്ടു​ക​ളാ​ണ്​ ​ഗി​റ്റ്​ ഹ​ബി​ൽ ഉ​ണ്ടാ​യി​രുന്നത്. ശ്വേത സിങ്ങിനെ ജനുവരി അഞ്ച് വരെ ട്രാൻസിറ്റ് റിമാൻഡിൽ നൽകണമെന്ന് മുംബൈ പൊലീസ് ഉ​ത്ത​രാ​ഖ​ണ്ഡ് കോ​ട​തി​യി​ൽ ആവശ്യപ്പെട്ടിട്ടുണ്ട്.

eng­lish sum­ma­ry; Bul­ly Bai App; Anoth­er arrested

you may also like this video;

Exit mobile version