Site icon Janayugom Online

ഒല്ലൂരില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് കുട്ടി ഉള്‍പ്പെടെ രണ്ട് മരണം

ഒല്ലൂരിൽ നിന്നും വേളാങ്കണ്ണിയിലേക്ക് തീർത്ഥയാത്രയ്ക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് രണ്ട് മരണം. നെല്ലിക്കുന്ന് സ്വരാജ് നഗർ പുളിക്കൻ വീട്ടിൽ ലില്ലി വർഗീസ് (60), വരന്തരപ്പിള്ളി പള്ളിക്കുന്ന് താക്കോൽക്കാരൻ വീട്ടിൽ ജെറാർഡ് ജിമ്മി (9) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഒല്ലൂർ സെന്റ് ആന്റണീസ് ഫെറോന പളളി സമീപത്തുനിന്നും ഓശാന ഞായർ ശുശ്രൂഷകളിൽ പങ്കെടുക്കാൻ വേളാങ്കണ്ണിക്ക് പുറപ്പെട്ടതായിരുന്നു സംഘം. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ തഞ്ചാവൂർ മന്നാർക്കൊടിക്ക് സമീപം വളവ് തിരിയുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റുു. പരിക്കേറ്റവരിൽ 18 പേർ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും, ഏഴ് പേർ തഞ്ചാവൂർ മീനാക്ഷി ആശുപത്രിയിലും, രണ്ട് പേർ ട്രിച്ചി ആശുപത്രിയിലും ചികിത്സയിലുണ്ട്. നിസാര പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നല്‍കി.

സ്ഥിരം അപകടമേഖലയായ പ്രദേശത്താണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന വിവരം അറിഞ്ഞ ഉടൻ തൃശൂർ ജില്ലാ കലക്ടർ, തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ എന്നിവർ തഞ്ചാവൂർ ജില്ലാ ഭരണകൂടവുമായും ജില്ലാ പൊലീസുമായും ബന്ധപ്പെട്ട് രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും, പരിക്കേറ്റവർക്കും, മറ്റ് യാത്രികർക്കും ആവശ്യമായ എല്ലാ ചികിത്സാസൗകര്യങ്ങളും ഉറപ്പുുവരുത്തി.

നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനും പരിക്കേറ്റവർക്ക് മതിയായ ചികിത്സ കിട്ടാനുമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പരിക്കില്ലാത്തവർക്കും സ‍ഞ്ചരിക്കാനാകുന്നവർക്കും നാട്ടിലെത്താനുള്ള സൗകര്യം ഏർപ്പെടുത്തിയതായും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. മരിച്ച ലില്ലിയും കുടുംബവും എല്ലാ മാസവും വേളാങ്കണ്ണിക്ക് പോകുന്നവരാണ്. ലില്ലിയും ഭർത്താവ് വർഗ്ഗീസും മകളും മരുമകനും മരുമകന്റെ മാതാവും തീർത്ഥയാത്ര സംഘത്തിലുണ്ടായിരുന്നു. മക്കൾ: ലിൻസൻ, ജിൻസൻ. സംസ്കാരം തിങ്കളാഴ്ച നെല്ലിക്കുന്ന് പള്ളി സെമിത്തേരിയിൽ നടക്കും.

Eng­lish Sum­ma­ry: bus acci­dent in Thrissur

You may also like this video

Exit mobile version