തമ്പാനൂർ മേൽപാലത്തിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുട്ടികളടക്കം 26 പേർക്ക് പരുക്കേറ്റു. തലക്കും മുഖത്തും സാരമായി പരിക്കുപറ്റിയ അഞ്ചുപേരെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. അലക്ഷ്യമായി വാഹനം ഓടിച്ചു അപകടം ഉണ്ടാക്കിയതിന് ഡ്രൈവർ അജിമോനെ പ്രതിയാക്കി പൊലീസ് കേസ് എടുത്തിട്ടുണ്ട്. രക്തസമ്മർദം, പ്രമേഹം എന്നിവക്ക് മരുന്നുകഴിച്ചതിനെ തുടർന്നു മയങ്ങിപ്പോയെന്നാണ് അജിമോന്റെ മൊഴിയെന്നു പൊലീസ് പറഞ്ഞു.
പരുക്കേറ്റവരിൽ കൂടുതലും കെഎസ്ആർടിസി ബസിലുണ്ടായിരുന്നവരാണ്. പലരുടെയും മുഖത്തും കഴുത്തിലും നെഞ്ചിലും ചില്ലുകൾ തറച്ചുകയറിയിരുന്നു. ഒരു
മണിക്കൂറോളം തൈക്കാട്, ചെന്തിട്ട, റെയിൽവേ സ്റ്റേഷൻ റോഡുകളിലെ ഗതാഗതം താറുമാറായി. ഫയർഫോഴ്സെത്തി സ്വകാര്യ ബസിന്റെ മുൻഭാഗം കട്ടർ ഉപയോഗിച്ച് നീക്കിയ ശേഷം കെഎസ്ആർടിസിയുടെ റിക്കവറി വാഹനം എത്തിച്ച് ബസുകൾ മാറ്റുകയായിരുന്നു.

