Site iconSite icon Janayugom Online

തൃശൂര്‍ കണിമംഗലത്ത് ബസ് മറിഞ്ഞു; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

തൃശൂൂര്‍ കണിമംഗലത്ത് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബസില്‍ നിന്ന് പുറത്തേക്ക് ചാടിയ രണ്ട് സ്ത്രീകളുടെ പരിക്കാണ് ഗുരുതരം. ബസ് അധികവും സ്ത്രീകളും വിദ്യാര്‍ത്ഥികളുമായിരുന്നു. അമ്പതോളം പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് നിഗമനം.

രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്. തൃപ്രയാറില്‍ നിന്ന് തൃശൂരിലേക്ക് വരുന്ന ക്രൈസ്റ്റ് ബസ് കോണ്‍ക്രീറ്റ് നിര്‍മ്മാണം നടക്കുന്ന റോഡിലെ ഉയര്‍ന്ന ഭാഗത്തേക്ക് നിയന്ത്രണം വിട്ട് കയറി മറിയുകയായിരുന്നു. റോഡില്‍ തന്നെ ചരിഞ്ഞുവീണതിലാല്‍ വന്‍ ദുരന്തം ഒഴിവായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇരുവശവും വെള്ളം ഉള്‍പ്പെടയുള്ള വലിയ പാടശേഖരങ്ങളാണ്.

പതിവായി വെള്ളക്കെട്ടും വലിയ ഗട്ടറുകളുമുണ്ടാകുന്ന തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. റോഡ് ഉയര്‍ത്താന്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് നടക്കുന്നത്. മഴ മൂലം ഏതാനും നാളുകളായി പണികള്‍ നടന്നിരുന്നില്ല. ഒരു ഭാഗത്ത് കോണ്‍ക്രീറ്റ് നടക്കുന്നതിനൊപ്പം മറുഭാഗത്തികൂടി ഒറ്റവരി ഗതാഗതം അനുവദിച്ചിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ അപകടങ്ങളുണ്ടാക്കുന്നുവെന്ന പരാതികളെ തുടര്‍ന്ന് ഇന്നലെ മന്ത്രിയുള്‍പ്പെടെ ഇവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. അടുത്ത ദിവസം മുതല്‍ നിര്‍മ്മാണം ആരംഭിക്കാന്‍ തീരുമാനമെടുത്തിരുന്നു.

നെടുപുഴ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ മറ്റ് വാഹനങ്ങളിലെ യാത്രക്കാര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ബസ് നല്ല വേഗത്തിലായിരുന്നു എന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസ് റോഡില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ബസ് നീക്കാതെ ഗതാഗതം പുനഃസ്ഥാപിക്കാനാവാത്ത സ്ഥിതിയുണ്ട്.

Eng­lish Sam­mury: bus over­turned at Kan­i­man­galam, Thrissur

Exit mobile version