കാത്തിരിപ്പിന് അന്ത്യം. 13ന് നടന്ന വയനാട് ലോക്‌സഭ, ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെയും 20ന് നടന്ന പാലക്കാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെയും ഫലം ഇന്ന് പുറത്തുവരും.
എട്ട് വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് വയനാട് മണ്ഡലത്തിൽ സജ്ജമാക്കിയിരിക്കുന്നത്. മാനന്തവാടി നിയോജകമണ്ഡലത്തിലെ വോട്ടുകൾ കല്പറ്റ എസ്‌കെഎംജെ സ്കൂൾ ജൂബിലി ഹാളിലും സുൽത്താൻ ബത്തേരി മണ്ഡലത്തിലെ വോട്ടുകൾ കല്പറ്റ എസ്ഡിഎംഎൽപി സ്കൂളിലും, കല്പറ്റ മണ്ഡലത്തിലെ വോട്ടുകൾ എസ്‌കെഎംജെ സ്കൂളിലും തിരുവമ്പാടി മണ്ഡലത്തിലെ വോട്ടുകൾ കൂടത്തായി സെന്റ് മേരീസ് എൽപി സ്കൂളിലുമാണ് എണ്ണുക. ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലെ വോട്ടുകൾ അമൽ കോളജ് മൈലാടി സ്കിൽ ഡെവലപ്പ്മെന്റ് ബിൽഡിങ്ങില്‍ എണ്ണും. തപാൽ വോട്ടുകൾ എണ്ണുന്നത് കല്പറ്റ എസ്‌കെഎംജെ ഹൈസ്കൂൾ താൽക്കാലിക കെട്ടിടത്തിലാണ്.
ചേലക്കരയിലെ വോട്ടെണ്ണലിനായി ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂൾ തയ്യാറായി. സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനവും ചേലക്കര നിയമസഭാ മണ്ഡലത്തിന്റെ വരണാധികാരിയായ സര്‍വേ ഡെപ്യൂട്ടി ഡയറക്ടറും, പൊലീസ് മേധാവിയും ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട വകുപ്പ് മേധാവികളും സംയുക്തമായി പരിശോധിച്ച് ഉറപ്പുവരുത്തി.
പാലക്കാട് മണ്ഡലത്തിൽ വോട്ടെണ്ണൽ വിക്ടോറിയ കോളജിലാണ് നടക്കുക. 14 റൗണ്ടുകളിലെ വോട്ടെണ്ണൽ എട്ടുമണിക്ക് ആരംഭിക്കും. 184 ബൂത്തുകളുള്ള പാലക്കാട് നഗരസഭയിലെ 104 ബൂത്തുകളാവും ആദ്യം എണ്ണുക. തുടർന്ന് മാത്തൂർ, പിരായിരി, കണ്ണാടി പഞ്ചായത്തുകളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. ഉച്ചയോടുകൂടി വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.