Site iconSite icon Janayugom Online

31 തദ്ദേശവാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് ; വോട്ടെണ്ണല്‍ നാളെ

votingvoting

സംസ്ഥാനത്തെ 31 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ്, പതിനൊന്ന് ജില്ലകളിലായി നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, മൂന്നു മുനിസിപ്പാലിറ്റി വാര്‍ഡ്, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡ് എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 192 പോളിംങ് ബൂത്തുകളിലായി രാവിലെ ഏഴു മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറുമണിവരെ വോട്ട് ചെയ്യാം. ആകെ 102 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 50പേര്‍ സ്ത്രീകളാണ്.

ഇടതു കൈയിലെ നടുവിരലിലാണ് മഷി പുരട്ടുക. നവംബർ 13, 20 തീയതികളിൽ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണീ തീരുമാനം. വോട്ടു ചെയ്യാനെത്തുന്നവർക്ക് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ്‌ ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ദേശസാൽകൃത ബാങ്കിൽനിന്ന്‌ ആറു മാസംമുമ്പ്‌ ലഭിച്ച ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.

നാളെ രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടത്തും. ഫലം www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവു കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിക്ക് ജനുവരി 10നകം നൽകണം.

Exit mobile version