Site iconSite icon Janayugom Online

സി അച്യുതമേനോൻ സ്മൃതിയാത്ര പര്യടനം തുടങ്ങി

c achuthamenonc achuthamenon

രാജ്യം കണ്ട പ്രഗത്ഭനായ ഭരണാധികാരിയും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ശക്തനായ പ്രതിനിധിയുമായിരുന്നു സി അച്യുതമേനോനെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവംഗം കെ പ്രകാശ് ബാബു. കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് നായകത്വം നൽകിയ ഭരണാധികാരിയും മികച്ച സംഘാടകനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയവ്യക്തതയുള്ള നേതാവുമായിരുന്നു അച്യുതമേനോനെന്ന് അദ്ദേഹം പറഞ്ഞു. സി അച്യുതമേനോൻ സ്മൃതിയാത്ര പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ പ്രകാശ് ബാബു. നവകേരള സൃഷ്ടിക്കായി അച്യുതമേനോൻ എന്ന വലിയ മനുഷ്യൻ നൽകിയ സംഭാവനകളാണ് കേരളം ഇപ്പോഴും അനുഭവിക്കുന്ന നന്മകളില്‍ ഏറെയെന്ന് ഓർക്കുമ്പോൾ ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയിൽ അഭിമാനമുണ്ട്.

കമ്മ്യൂണിസ്റ്റ് പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. തികഞ്ഞ ഒരു ജനാധിപത്യവാദിയായിരുന്നു. അത് വ്യക്തമാക്കുന്ന ഒട്ടേറെ സന്ദർഭങ്ങളുമുണ്ടായിരുന്നു. തന്റെ കൺമുന്നിൽ ജനാധിപത്യ വിരുദ്ധത നടക്കുന്നുണ്ടെന്നത് മനസിലാക്കിയപ്പോൾ പലതവണ പ്രതിഷേധമെന്ന നിലയിൽ അദ്ദേഹം രാജിവയ്ക്കാനൊരുങ്ങിയിരുന്നു. അദ്ദേഹത്തെ ഏറ്റവും വേദനിപ്പിച്ചത് രാജൻ സംഭവമായിരുന്നു. പൊലീസ് നടപടികളുടെയും ഈച്ചരവാര്യരുടെ കണ്ണീരിന്റെയും ഇടയ്ക്ക് വലിയ ആത്മസംഘർഷം അനുഭവിച്ച മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിക്കുമ്പോൾ അദ്ദേഹത്തിന് 64 വയസായിരുന്നു പ്രായം. രാഷ്ട്രീയത്തിൽ അത് ചെറിയ പ്രായം തന്നെയായിരുന്നു. ഇന്ന് അധികാരത്തിന് വേണ്ടി പലരും മല്ലിടുമ്പോൾ ആ പ്രായത്തിൽ അത്തരമൊരു ആർജവം അദ്ദേഹം കാണിച്ചു. 

അധികാരികൾ ഒരിക്കലും വരേണ്യവർഗത്തിന്റെ വക്താക്കളാകരുതെന്നും അവർ എന്നും ജനതയുടെ സേവകരായിരിക്കണമെന്നും അദ്ദേഹം എന്നും ഓർമപ്പെടുത്തി. ലാളിത്യം, മൂല്യാധിഷ്ഠിത രാഷ്ട്രീയം, നൈതികത, അടിയുറച്ച ജനാധിപത്യവിശ്വാസം തുടങ്ങിയവ മുറുകെ പിടിച്ച അച്യുതമേനോൻ എന്ന നേതാവ് നമുക്കുണ്ടായിരുന്നുവെന്ന ബോധം ഉണർത്തുന്നതാണ് ഈ സ്മൃതിയാത്രയുടെ വിജയമെന്നും പ്രകാശ് ബാബു പറഞ്ഞു.
ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ, സ്മൃതി യാത്രാ ലീഡര്‍ കെ പി രാജേന്ദ്രൻ, ഡയറക്ടര്‍ സത്യൻ മൊകേരി, കാസർകോട് ജില്ലാ സെക്രട്ടറി സി പി ബാബു എന്നിവർ സംസാരിച്ചു. ശില്പി ഉണ്ണി കാനായിയെ ആദരിച്ചു. സംഘാടക സമിതി ചെയർമാൻ കെ വി ബാബു സ്വാഗതവും കെ വി പത്മനാഭൻ നന്ദിയും പറഞ്ഞു. 

Eng­lish Sum­ma­ry: C Achyu­ta­menon- Smri­ti Yatra started

You may also like this video

Exit mobile version