Site iconSite icon Janayugom Online

സിഎഎ: കേന്ദ്രത്തിന് നോട്ടീസ്

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ നിയമസാധുത ചോദ്യംചെയ്ത് സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി സന്തോഷ് കുമാര്‍ എം പി സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസയക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടങ്ങളാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. 2019ല്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം മതേതരം ആക്കാന്‍ സന്തോഷ് കുമാര്‍ രാജ്യസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. സ്വകാര്യ ബില്ലിലെ വിവരങ്ങള്‍കൂടി ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും 2014 ഡിസംബറിന് മുമ്പ് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജയിന്‍, പാര്‍സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ലക്ഷ്യമിടുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഇതില്‍ നിന്നും മുസ്ലിം വിഭാഗത്തെ ഒഴിവാക്കിയത് മതേതരത്വത്തിന് എതിരെന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു രാജ്യസഭയില്‍ അവതരിപ്പിച്ച ബില്‍.
ഭരണഘടന 14-ാം അനുച്ഛേദം ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനമാണ് പൗരത്വം അനുവദിക്കുന്നതിലെ മതപരമായ വേര്‍തിരിവെന്നും ഹര്‍ജിയില്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ക്കൊപ്പം ഈ ഹര്‍ജിയും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

Exit mobile version