Site icon Janayugom Online

സിഎഎ: 232 ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നല്‍കിയ 232 ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിഎഎയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളും ഇതില്‍ ഉള്‍പ്പെടുന്നു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി എന്നവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ഇതില്‍ ഭൂരിപക്ഷവും പൊതുതാല്പര്യ ഹര്‍ജികളാണ്. ഒമ്പത് ദിവസത്തെ ദീപാവലി അവധിക്കു ശേഷമാണ് സുപ്രീം കോടതി ഇന്ന് വീണ്ടും തുറക്കുന്നത്. ചീഫ് ജസ്റ്റിസ് നവംബര്‍ എട്ടിന് വിരമിക്കുന്നതിനാല്‍ ഇപിഎഫ് പെന്‍ഷന്‍, സാമ്പത്തിക സംവരണം തുടങ്ങിയ നിരവധി നിര്‍ണായക കേസുകളിലും ഒരാഴ്ചയ്ക്കുള്ളില്‍ വിധിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യന്‍, ജൈന, പാഴ്‌സി സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ഇളവ് നല്‍കുന്നതാണ് സിഎഎ. ഇതിനെതിരെ സിപിഐ, സിപിഐ(എം) അടക്കമുള്ള ഇടത് രാഷ്ട്രീയ പാര്‍ട്ടികളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്, ആര്‍ജെഡി നേതാവ് മനോജ് ഝാ, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി എന്നിവരും നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
നിയമം തുല്യതയ്ക്കുള്ള മൗലികാവകാശത്തെ ലംഘിക്കുന്നുവെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കല്‍ നടത്തി അനധികൃത കുടിയേറ്റക്കാരില്‍ ഒരു വിഭാഗത്തിന് പൗരത്വം നല്‍കാന്‍ ഉദ്ദേശിക്കുന്നുവെന്നും ഹര്‍ജികള്‍ ആരോപിക്കുന്നു.

അതേസമയം സുപ്രീം കോടതിയില്‍ കേന്ദ്രം ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സിഎഎ കൃത്യമായ കാഴ്ചപ്പാടോടെ തയാറാക്കിയ നിയമമാണെന്നും രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം തടയുമെന്നും അവകാശപ്പെടുന്നു. 2014 ഡിസംബര്‍ 31 ന് മുമ്പ് കുടിയേറിയവര്‍ക്കാണ് നിയമം ബാധകമാവുക. ഇവര്‍ നിലവില്‍ ഇന്ത്യയില്‍ കഴിയുന്നവരാണെന്നം കേന്ദ്രസര്‍ക്കാര്‍ പറയുന്നു. നിയമത്തിനെരായ ഹര്‍ജികള്‍ തള്ളണമെന്നും കേന്ദ്രസര്‍ക്കാര്‍ 150 പേജുള്ള സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

Eng­lish sum­ma­ry; CAA: Supreme Court to hear 232 peti­tions today

You may also like this video;

Exit mobile version