കലിക്കറ്റ്, സംസ്കൃത സർവകലാശാല വെെസ് ചാൻസലർമാര്‍ സ്ഥാനമൊഴിയണമെന്ന് ഗവര്‍ണര്‍. കലിക്കറ്റ് വിസി ഡോ. എം കെ ജയരാജ്, സംസ്കൃത സർവകലാശാല വിസി ഡോ. എം വി നാരായണൻ എന്നിവര്‍ക്കാണ് ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്ത് നല്‍കിയത്. ഹൈക്കോടതി അനുവദിച്ച ആറാഴ്ച സമയം അവസാനിച്ച ദിവസമാണ് ഗവർണറുടെ നടപടി. അതേസമയം, വിസിമാർക്ക് ഹൈക്കോടതിയെ സമീപിക്കാൻ 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
കലിക്കറ്റ് സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും കാലടിയിൽ സെർച്ച് കമ്മിറ്റി ഒരാളെമാത്രം നിർദേശിച്ചതുമാണ് ഗവർണർ തടസമായി ഉന്നയിച്ചത്. ഹൈക്കോടതി നിർദേശത്തിൽ ഫെബ്രുവരി 24ന് നടന്ന ഹിയറിങ്ങിൽ മൂന്ന് വിസിമാര്‍ പങ്കെടുത്തു. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വിസി മുബാറക് പാഷ പങ്കെടുക്കാതെ രാജി സമർപ്പിച്ചു. എന്നാൽ, ഇദ്ദേഹത്തിന്റെ രാജി ഗവർണർ സ്വീകരിച്ചിട്ടില്ല. ഇതിനുപിന്നാലെയാണ് രണ്ടു പേരെ പുറത്താക്കുമെന്ന് രാജ്ഭവൻ അറിയിച്ചത്.
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്നിവയുടെ ആദ്യ വൈസ് ചാൻസലർമാരാണ് മുബാറക് പാഷയും സജി ഗോപിനാഥും. യുജിസി നടപടിക്രമങ്ങൾ ഇല്ലാതെ ഈ നിയമനങ്ങൾ നടത്താനുള്ള അവകാശം സർക്കാരിനുണ്ട്. ഡിജിറ്റൽ സർവകലാശാല വിസിയുടെ കാലാവധി ജൂലൈയിലും ഓപ്പൺ സർവകലാശാലയിലേത് ഒക്ടോബറിലും അവസാനിക്കും. ഇതിനുശേഷം യുജിസി നിർദിഷ്ട സെർച്ച് കമ്മിറ്റി രൂപീകരിച്ചാണ് വിസി നിയമനം നടത്തുക.
2022ൽ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് 11 വിസിമാർ അയോഗ്യരാണെന്ന വാദവുമായി ഗവർണർ രംഗത്തെത്തിയത്. പിന്നാലെ കാരണംകാണിക്കൽ നോട്ടീസും നൽകുകയായിരുന്നു. ഇതിനിടെ അഞ്ച് വിസിമാർ വിരമിച്ചു. രണ്ടുപേർ കോടതി വിധികളെത്തുടർന്ന് സ്ഥാനമൊഴിഞ്ഞു.
English Summary: Calicut, Sanskrit University VCs sacked by Governor
You may also like this video