Site iconSite icon Janayugom Online

ബിജെപിക്ക് വോട്ട് മറിക്കാന്‍ ആഹ്വാനം; മൗനം പാലിച്ച് കോണ്‍ഗ്രസ് നേതൃത്വം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് മറിക്കാന്‍ കോണ്‍ഗ്രസ് നേതാവിന്റെ ആഹ്വാനം പുറത്ത് വന്നിട്ടും പ്രതികരിക്കാതെ പാര്‍ട്ടി നേതൃത്വം. ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി വി മുരളീധരന് വോട്ടുചെയ്യാനായിരുന്നു എൻജിഒ അസോസിയേഷൻ മുൻ സംസ്ഥാന നേതാവും കോൺഗ്രസിന്റെ രണ്ട് സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമായ മുണ്ടേല മോഹനന്റെ ആഹ്വാനം. ഒരു തവണ കൂടി മോ‍ഡി ഭരണം വരട്ടെയെന്നും അതാണ് നമുക്ക് നല്ലതെന്നും മുണ്ടേല മോഹനന്‍ പ്രവര്‍ത്തകനോട് പറയുന്ന ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് പ്രതികരണമോ നടപടിയോ ഉണ്ടായിട്ടില്ല.

അതേസമയം ശബ്ദസന്ദേശം പുറത്തുവന്നതിനെ തുടര്‍ന്ന് കോൺഗ്രസ് പ്രവര്‍ത്തകന്‍ ശരത്തിന് ഇന്ന് മർദനമേറ്റു. മുണ്ടേല മോഹനന്റെ ഫോൺ സംഭാഷണം ശരത് പുറത്തുവിട്ടെന്ന് പറഞ്ഞായിരുന്നു മര്‍ദനം. മോഹനന്റെ അനുയായികളാണ് മർദനത്തിന് പിന്നിലെന്ന് ശരത് ആരോപിച്ചു. പരാതിയിൽ നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജെപിക്ക് വോട്ട് മറിക്കാൻ മുണ്ടേല മോഹനൻ ആവശ്യപ്പെടുന്ന ഓഡിയോ താൻ പാർട്ടി ഗ്രൂപ്പിലാണ് ഇട്ടതെന്നും വാർത്ത വന്നശേഷം തനിക്ക് ഭീഷണി ഉണ്ടായിരുന്നുവെന്നും ശരത് പറയുന്നു.

ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ വിശ്വസ്തനാണ് മുണ്ടേല മോഹനന്‍. പാർട്ടി പുനഃസംഘടനയിൽ പാലോട് രവി ഡിസിസി ട്രഷററായി നിർദേശിച്ചയാളാണ്. വി എസ് ശിവകുമാർ ഉൾപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇടപെട്ട സംഭവത്തിലും മുണ്ടേല മോഹനൻ ഉൾപ്പെട്ടിരുന്നു. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേരുന്നതിന് പിന്നാലെയാണ് മറുവശത്ത് ഒരു വിഭാഗം നേതാക്കൾ കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിക്കാന്‍ നേതൃത്വം നല്‍കുന്നത്.

Eng­lish Sum­ma­ry: Call to change vote for BJP; Con­gress lead­er­ship kept silent
You may also like this video

Exit mobile version