Site iconSite icon Janayugom Online

ബസിൽനിന്ന് വിളിച്ചിറക്കി, യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി; സൈനികൻ കസ്റ്റഡിയിൽ

യുവതിയെ ബസിൽ നിന്ന് വിളിച്ചിറക്കി സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. വെള്ളരിക്കുണ്ട് സ്വദേശിയായ യുവതിയുടെ പരാതിയിൽ കൊടക്കാട് സ്വദേശിയും സൈനികനുമായ അനീഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലാണ് 29 കാരി പരാതി നൽകിയത്. എന്നാൽ സംഭവം നടന്നത് മേൽപ്പറമ്പ് സ്റ്റേഷൻ പരിധിയിലായതിനാൽ അങ്ങോട്ടേക്ക് കൈമാറുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. ചട്ടഞ്ചാലിന് സമീപത്ത് എത്തിയപ്പോൾ യുവതിയെ നിർബന്ധിച്ച് ബസിൽ നിന്ന് ഇറക്കുകയും സ്കൂട്ടറിൽ കയറ്റി പൊയ്നാച്ചിയിലെ വിജനമായ ക്വാറിക്ക് സമീപത്തെത്തിക്കുകയുമായിരുന്നു. തുടർന്ന് കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സ്ഥലത്തുനിന്നും രക്ഷപ്പെട്ട യുവതി രക്ഷിതാക്കളെ ബന്ധപ്പെട്ട ശേഷം ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി. യുവതിയെ പ്രതി ഇൻസ്റ്റഗ്രാം വഴി നിരന്തരം ശല്യം ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്. അനീഷും യുവതിയും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നും ബന്ധം വഷളായതിന് പിന്നാലെയാണ് ഇയാൾ യുവതിയെ ആക്രമിക്കാൻ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.

Exit mobile version