Site iconSite icon Janayugom Online

പ്ലസ്ടു ബയോളജി പഠിക്കാതെ നീറ്റ് പരീക്ഷ എഴുതാം; വാണിജ്യവല്‍ക്കരണമെന്ന് എഐഎസ്എഫ്

പ്ലസ്‍ടുവില്‍ ബയോളജി ഐച്ഛിക വിഷയമായി പഠിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഇനി നീറ്റ്-യുജി പരീക്ഷ എഴുതാമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷൻ. ഫിസിക്സും കെമിസ്ട്രിയും കണക്കും മാത്രം പഠിച്ചവര്‍ക്ക്, ബയോളജിയും ബയോ ടെക്നോളജിയും അധിക വിഷയമായി പഠിച്ചാല്‍ നീറ്റ് പരീക്ഷ എഴുതാമെന്ന മാനദണ്ഡം അടുത്ത മേയില്‍ നടക്കുന്ന നീറ്റ്-യുജിസി പരീക്ഷ മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് മെഡിക്കല്‍ വിദ്യാഭ്യാസത്തെ തകര്‍ക്കുമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

1997ലെ വ്യവസ്ഥകളനുസരിച്ച് ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങളില്‍ രണ്ടു വര്‍ഷം റെഗുലറായി 12-ാം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമായിരുന്നു നീറ്റ്-യുജി എഴുതാന്‍ അര്‍ഹത. പുതിയ നിര്‍ദേശമനുസരിച്ച് 12-ാം ക്ലാസിനു ശേഷം ബയോളജി/ബയോടെക്നോളജി അധികമായി പഠിച്ചവര്‍ക്കും നീറ്റ് പരീക്ഷ എഴുതാനാകും.
ദേശീയ മെഡിക്കല്‍ കമ്മിഷന്റെ പുതിയ ഉത്തരവ് മെഡിക്കല്‍ വിദ്യാഭ്യാസത്തെ സമ്പൂര്‍ണമായി വാണിജ്യവല്‍ക്കരിക്കാനും സ്വകാര്യവല്‍ക്കരിക്കാനും ലക്ഷ്യമിട്ടുകൊണ്ടാണെന്ന് എഐഎസ്എഫ് ദേശീയ പ്രസിഡന്റ് വിക്കി മഹേശരിയും ജനറല്‍ സെക്രട്ടറി ദിനേഷ് ശ്രീരംഗരാജും പ്രതികരിച്ചു. പൗരന്മാരുടെ ആരോഗ്യസുരക്ഷയും ഭാവിയും തുലാസില്‍‍ വച്ചുകൊണ്ടാണ് പുതിയ പരിഷ്കാരമെന്നും നീക്കം പിന്‍വലിക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു. 

നിലവില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പേരില്‍ സ്വകാര്യ കോച്ചിങ് സെന്ററുകള്‍ കനത്ത സാമ്പത്തിക ബാധ്യതയും മാനസിക സമ്മര്‍ദവുമാണ് ഓ­രോ വിദ്യാര്‍ത്ഥികള്‍ക്കു മേലും ചുമത്തുന്നത്. ബയോളജി പഠിക്കാതെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ക്കും എംബിബിഎസ് പഠിക്കാമെന്ന അവസ്ഥവന്നാല്‍ മേഖല വാണിജ്യവല്‍ക്കരിക്കപ്പെടുകയും നിലവാരം കുറയുകയും ചെയ്യും. ഇത് രാജ്യത്തിന്റെ ആരോഗ്യസംവിധാനം തന്നെ തകരാന്‍ കാരണമാകുമെന്നും എഐഎസ്എഫ് ആരോപിച്ചു.
നേരത്തെ പ്രാക്ടിക്കലോട് കൂടി ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ ബയോടെക്‌നോളജി, ഇംഗ്ലീഷ് എന്നി വിഷയങ്ങള്‍ 11,12 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമാണ് നീറ്റ് പരീക്ഷയ്ക്ക് യോഗ്യതയുണ്ടായിരുന്നത്.
കൂടാതെ റെഗുലര്‍ സ്ട്രീമില്‍ പഠിച്ച് പരീക്ഷ പാസായവര്‍ക്ക് മാത്രമായിരുന്നു യോഗ്യതാ പരീക്ഷ എഴുതാന്‍ കഴിയുക.

Eng­lish Sum­ma­ry: can appear in NEET with­out study­ing Biol­o­gy Plus two

You may also like this video

Exit mobile version