Site iconSite icon Janayugom Online

ആറ്റിങ്ങലും പോത്തന്‍കോട്ടുമുള്ളവര്‍ കയറരുതെന്ന് പറയാന്‍ പറ്റുമോ?; ഇ ബസ് വിവാദത്തില്‍ മറുപടിയുമായി ഗതാഗതമന്ത്രി

ഇലക്ട്രിക് ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ വിവി രാജേഷിന് മറുപടിയുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം ലഭിച്ച വണ്ടികള്‍ മറ്റു ജില്ലകളിലേക്ക് കൊണ്ടുപോയിട്ടില്ല. വണ്ടികളെല്ലാം തിരുവനന്തപുരത്ത് തന്നെയാണ് ഓടുന്നതെന്ന് മന്ത്രി പറഞ്ഞു. 113 ബസുകളില്‍ മൂന്നോ നാലോ ബസുകള്‍ മാത്രമാണ് നഗരപരിധിക്ക് പുറത്തേക്ക് പോകുന്നത്. ബസുകള്‍ വേണമെന്ന് മേയര്‍ എഴുതി തന്നാല്‍ 24 മണിക്കൂറിനകം 113 ബസുകളും തിരിച്ചു നല്‍കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

ബസുകള്‍ കോര്‍പ്പറേഷന് ഇഷ്ടമുള്ള സ്ഥലങ്ങളില്‍ കൊണ്ടിടാം, ഓടിക്കാം. എന്നാല്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഇടാന്‍ അനുവദിക്കില്ല. ഈ ബസ് നല്‍കിയാല്‍ സര്‍ക്കാര്‍ പകരം 150 പുതിയ ബസുകള്‍ കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു. എന്തായാലും, നെടുമങ്ങാട് താമസിക്കുന്നവരേയും ആറ്റിങ്ങല്‍ താമസിക്കുന്നവരേയും നെയ്യാറ്റിന്‍കര താമസിക്കുന്നവരേയും പോത്തന്‍കോട് താമസിക്കുന്നവരേയും വണ്ടിയില്‍ കേറ്റാന്‍ പാടില്ലെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. അങ്ങനെ പറയുകയുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആര്‍ടിസി ഓടിച്ചുകൊണ്ടിരിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍പ്പെട്ട 113 ബസുകളാണ്. 50 എണ്ണം കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ളതാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കേന്ദ്രവിഹിതം 500 കോടി രൂപയാണ്. സംസ്ഥാന വിഹിതം 500 കോടിയാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ 137 കോടി രൂപയും ചെലവഴിച്ചു. കോര്‍പ്പറേഷന്റെ പണവും സംസ്ഥാന വിഹിതവും സംസ്ഥാന ഖജനാവില്‍ നിന്നുള്ളതാണ്. അതുകൊണ്ടു തന്നെ പദ്ധതിയുടെ 60 ശതമാനം തുകയും സംസ്ഥാന സര്‍ക്കാരിന്റേതാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാങ്ങിത്തന്നു എന്നു പറയുന്നതും, കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി എന്നും പറയുന്നത് ശരിയല്ല. 

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ വികസനങ്ങളുടെ ഭാഗമായി വാങ്ങിയതാണ് 11 വാഹനങ്ങളും. കെഎസ്ആര്‍ടിസി വാങ്ങിയ 50 വാഹനങ്ങളില്‍ കോര്‍പ്പറേഷന് ഒരു കാര്യവുമില്ല. 113 വാഹനങ്ങളുമായി ത്രികക്ഷി കരാറാണുള്ളത്. സ്മാര്‍ട്ട് സിറ്റി, കോര്‍പ്പറേഷന്‍, സ്വിഫ്റ്റ് എന്നീ മുന്നു കമ്പനികള്‍ തമ്മിലാണ് കരാര്‍. എഗ്രിമെന്റിലെ ഒരു ക്ലോസുണ്ട്. അതില്‍ വാഹനം ഓടുന്നതുമായി ബന്ധപ്പെട്ട് ഉപദേശക സമിതിയുണ്ട്. ഈ സമിതിയില്‍ മേയര്‍ അധ്യക്ഷനാകണമെന്ന് പറയുക മാത്രമേ ചെയ്തിട്ടുള്ളൂ. ഈ വാഹനങ്ങളിലെ ഡ്രൈവര്‍, കണ്ടക്ടര്‍, ടിക്കറ്റ് മെഷീന്‍ തുടങ്ങി സര്‍വ സാധനങ്ങളും കെഎസ്ആര്‍ടിസിയുടേതാണ്.

താന്‍ ചുമതലയേല്‍ക്കുമ്പോള്‍ ഈ വണ്ടികളുടെ സ്ഥിതി വളരെ മോശമായിരുന്നു. ഒരു വണ്ടിയുടെ വരുമാനം 2500 രൂപ മാത്രമായിരുന്നു. പ്രത്യേക പ്ലാനിങ്, ഷെഡ്യൂളിങ് അടക്കം നടപ്പാക്കിയതോടെ ഇന്ന് 9000 രൂപ ശരാശരി വരുമാനം ലഭിക്കുന്നുണ്ട്. കെഎസ്ആര്‍സിയുടെ വരുമാന വര്‍ധനവ് സംസ്ഥാനമൊട്ടാകെയാണ്. എല്ലാ ഡിപ്പോകളും ലാഭത്തിലാക്കിയെന്ന് കെഎസ്ആര്‍ടിസി സിഎംഡി തന്നെ പറഞ്ഞിട്ടുണ്ട്. ഈ വാഹനത്തിന്റെ മെയിന്ററന്‍സ് വളരെ ചെലവേറിയതാണ്. അഞ്ചാം വര്‍ഷം ഈ വണ്ടിയുടെ ബാറ്ററി മാറ്റാന്‍ 28 ലക്ഷം രൂപയാണ് വേണ്ടി വരുന്നത്. ഈ തുകയ്ക്ക് ഡീസല്‍ മിനി ബസ് ലഭിക്കുമെന്ന് ഓര്‍ക്കണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

Exit mobile version