Site iconSite icon Janayugom Online

ഒരു കുമ്പസാരം പ്രതീക്ഷിക്കാമോ…!

ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭാംഗങ്ങള്‍ ഈ വര്‍ഷത്തെ വലിയ നോമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാല്പത് നോമ്പ് ഈ വാരം ആരംഭിക്കുകയാണ്. പൗരസ്ത്യസഭകള്‍ തിങ്കളാഴ്ച ആരംഭിക്കുമ്പോള്‍ പാശ്ചാത്യ ക്രൈസ്തവര്‍ അത് ബുധനാഴ്ചയാണ് ആരംഭിക്കുന്നത്. തന്റെ മൂന്ന് വര്‍ഷം നീണ്ടുനിന്ന പൊതുസമൂഹത്തിലെ ഇടപെടലിന് മുന്നോടിയായി യേശു നിര്‍വഹിച്ച നോമ്പാചരണമാണ് ഇത് എന്ന് സഭ പഠിപ്പിക്കുന്നു. യേശു തന്റെ പ്രവര്‍ത്തനാരംഭത്തിലാണ് ഇത് നിര്‍വഹിച്ചത് എങ്കില്‍ അനുയായികളായ ക്രൈസ്തവര്‍ തങ്ങളുടെ ജീവിതപാതയിലാണ് വര്‍ഷംതോറും ഇതാവര്‍ത്തിച്ച് ആചരിക്കുന്നത്. അതുപോലെ യേശുവിന്റെ കുരിശുമരണത്തിന്റെ അനുസ്മരണത്തോടനുബന്ധിച്ചാണ് ഇത് ആചരിക്കുന്നത് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ഇനിയുമൊരു വ്യത്യാസം ഇക്കാര്യത്തിലുണ്ട്. പാശ്ചാത്യസമൂഹം യേശുവിന്റെ കുരിശിലെ മരണത്തിന് അത്യധികം പ്രാധാന്യം നല്‍കുമ്പോള്‍ പൗരസ്ത്യ ക്രൈസ്തവ സമൂഹം ഉയിര്‍പ്പിനാണ് മരണത്തെക്കാള്‍ പ്രാമുഖ്യം കല്പിക്കുന്നത്. ഇത് പ്രകടമാകുന്നത് ആരാധനക്ക് ഉപയോഗിക്കുന്ന കുരിശിന്റെ രൂപ വ്യത്യാസത്തിലാണ്.


ഇതുകൂടി വായിക്കൂ: വിദ്യാരഹിത അഭ്യാസനയം 2020


പാശ്ചാത്യര്‍ ക്രൂശിത രൂപമുള്ള കുരിശുപയോഗിക്കുമ്പോള്‍ പൗരസ്ത്യര്‍ രൂപമില്ലാത്ത കുരിശാണ് ഉപയോഗിക്കുന്നത്. എന്ന് ആരംഭിച്ചാലും ഏത് വിധത്തിലുള്ള കുരിശ് ഉപയോഗിച്ചാലും ഈ നോമ്പിന്റെ ലക്ഷ്യം ഒന്നുതന്നെയാണ്. സ്വയം പരിശോധനയിലൂടെ തിരുത്തലിന്റെയും പരിവര്‍ത്തനത്തിന്റെയും മാര്‍ഗത്തില്‍ വിമോചിതരാവുക അഥവാ ഉയിര്‍പ്പില്‍ പങ്കാളികളാവുക എന്നതുതന്നെ. യേശുവിന്റെ മനുഷ്യത്വം സാര്‍വദേശീയ‑കാലിക മനുഷ്യത്വത്തിന്റെ ശുദ്ധ രൂപമാണ് എന്നാണ് ക്രൈസ്തവ വിശ്വാസം. ഈ മനുഷ്യത്വം കാലവും പ്രകൃതിയും ഉയര്‍ത്തുന്ന എല്ലാ വെല്ലുവിളികളെയും നേരിട്ട്, വിജയിയായി ശുദ്ധ മനുഷ്യത്വത്തിന്റെ പൂര്‍ണതയെ പുല്‍കുന്നതിന്റെ മുന്നോടിയാണ് യേശുവിന്റെ ഉയിര്‍പ്പ് എന്നും വിശ്വസിക്കുന്നു. ഇവിടെ മനുഷ്യന്‍ നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിയേണ്ടതുണ്ട്. യേശു തന്റെ ജീവിതത്തില്‍ തിരിച്ചറിഞ്ഞ വെല്ലുവിളികളില്‍ പ്രധാനപ്പെട്ടവ മതത്തിന്റെ അപ്രമാദിത്തം, അധികാരഭ്രമം, മതമേധാവികളുടെ ഏകപക്ഷീയത, സമൂഹത്തില്‍ മതവും സാമൂഹിക സ്ഥാപനങ്ങളും സൃഷ്ടിക്കുന്ന മനുഷ്യര്‍ക്കിടയിലെ വേലിക്കെട്ടുകള്‍, ഉച്ചനീചത്വങ്ങള്‍, മാനുഷിക മൂല്യങ്ങളുടെ ശോഷണം, അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള അക്രമം, മാനവസാഹോദര്യത്തെ നിഷേധിക്കല്‍, സമ്പന്നരുടെ ധനമോഹവും ധാര്‍ഷ്ട്യവും, മനുഷ്യനെ നിഷേധിക്കുന്ന അധാര്‍മ്മിക ഭാവങ്ങള്‍, അടിമത്തത്തിന്റെ വ്യാപനം തുടങ്ങിയവയാണ്. ഇവയെല്ലാം മൂന്ന് വര്‍ഷം നീണ്ടുനിന്ന പൊതുജീവിതത്തില്‍ നേരിട്ട് അതിജീവിച്ചയാള്‍ മറ്റൊരു ലോകസൃഷ്ടിയാണ് ലക്ഷ്യം വച്ചത്. തീര്‍ച്ചയായും ഈ പ്രതിബന്ധങ്ങളെ നേരിട്ടതിന്റെ പ്രതിഫലമായി തനിക്ക് ലഭിച്ചത് രക്തസാക്ഷിത്വമാണ്. പക്ഷെ ആ മരണം അദ്ദേഹത്തെ ലോകമനുഷ്യത്വത്തിന്റെ മനസിലേക്ക് നിത്യ സ്മരണയായി ഉയിര്‍പ്പിക്കുകയായിരുന്നു എന്ന് ലോകപ്രസിദ്ധ ക്രൈസ്തവ ദൈവശാസ്ത്രജ്ഞന്‍ ആല്‍ഫ്രഡ് നോര്‍ത്ത് വൈറ്റ്ഹെഡ് സമര്‍ത്ഥിക്കുന്നു. വെല്ലുവിളികളെ നേരിടുന്ന മനുഷ്യന്‍ മനുഷ്യത്വത്തിന്റെ മനസിലേക്ക് പ്രവേശിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്. ഇതായിരുന്നു യേശുവിന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ഉള്ളടക്കവും ശൈലിയും. തന്റെ മതത്തിലെ അധികാരി വര്‍ഗത്തിന്റെ നിഷേധഭാവങ്ങളെ അദ്ദേഹം നിരന്തരമായി ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്തു. മതവും സമൂഹവും അകറ്റിനിര്‍ത്തിയിരുന്നവരെ അദ്ദേഹം ആലിംഗനം ചെയ്തു. ധനമോഹികളെ കുറ്റാരോപിതരാക്കുകയും പരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. സ്ത്രീകളുടെ സമൂഹത്തിലെ തുല്യാവകാശം നടപ്പാക്കി. ഉയിര്‍പ്പിലൂടെ വിമോചനത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്തു. യേശുവിനെ ഒരു മതസ്ഥാപകനായി കുത്തകവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോഴും അദ്ദേഹം മനുഷ്യസന്തതി എന്ന സ്വയം വിശേഷണത്തിലൂടെ തന്നെത്തന്നെ സകല കാല‑ദേശ മനുഷ്യര്‍ക്കും പങ്കാളിയാക്കിത്തീര്‍ത്തു.


ഇതുകൂടി വായിക്കൂ: സംഭവം ഒന്ന് കണ്ടെത്തലുകൾ രണ്ട്


യേശു ജീവിച്ചിരുന്നിട്ട് 20 നൂറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ അനുയായികള്‍ എന്ന് അവകാശപ്പെടുന്നവര്‍ക്കുപോലും അദ്ദേഹത്തിന്റെ സന്ദേശത്തെ സ്വയം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം പൊതുസമൂഹത്തില്‍ അനേകര്‍ക്ക് ഇത് സാധിച്ചിട്ടുണ്ട് താനും. ഇവിടെയാണ് മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ പ്രാര്‍ത്ഥന സംഗതമാകുന്നത്. ‘ഭയമില്ലായ്മയില്‍ ശിരസുയര്‍ത്തിപ്പിടിച്ച് സ്വതന്ത്ര ചിന്തയോടെ വിഭാഗീയതയ്ക്കപ്പുറത്ത് സത്യത്തിന്റെ പ്രകടരൂപമായ വാക്കുകളിലൂടെ പൂര്‍ണതയുടെ മഹാവിഹായസിലേക്ക്, യുക്തിരാഹിത്യത്തിന്റെ മരണകരമായ അവസ്ഥയില്‍ നിന്നും വിമോചിതമായി വിശാലമായ ചിന്താധാരയിലേക്ക്, പ്രവൃത്തിമാര്‍ഗത്തിലേക്ക്, സ്വതന്ത്രമായി പ്രവേശിക്കാന്‍ എന്റെ നാടിനാവട്ടെ’ എന്നാണദ്ദേഹം പ്രാര്‍ത്ഥിച്ചത്. ഇതിന്റെ കര്‍മ്മരൂപത്തിന്റെ മുന്നണിപ്പടയാളി ആയിരുന്ന മഹാവ്യക്തിയെയാണ് നാം രാഷ്ട്രപിതാവ് എന്ന് വിളിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെയും മതതീവ്രതയുടെ അന്ധതയില്‍ ചിലര്‍ കൊല്ലുകയായിരുന്നു. സ്വയംപരിശോധനയ്ക്കും തിരുത്തലിനുമുള്ള നാളുകളായിട്ടാണ് ക്രൈസ്തവര്‍ നോമ്പുകാലത്തെ കാണുന്നത്. വിശ്വാസികള്‍ തങ്ങളുടെ പാപ പ്രവൃത്തികളില്‍ നിന്ന് കുമ്പസാരത്തിലൂടെ മോചനം നേടി പുതുക്കം പ്രാപിച്ച് വിമോചിതരാകണം എന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഇവിടെയാണ് കാലികപ്രസക്തിയുള്ള ഒരു ചോദ്യം ഉയരുന്നത്. കുമ്പസാരവും പാപമോചനവും എന്നത് ക്രിസ്ത്യാനിക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ട സദ്ഗുണങ്ങളാണോ. മുന്നോട്ട് സഞ്ചരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു വ്യക്തിക്കും സമൂഹത്തിനും ഇവ രണ്ടും കൂടിയേ തീരൂ എന്നതാണ് സത്യം. മതതീവ്ര നിലപാടിന്റെ അന്ധതയില്‍ ധന-അധികാര മോഹികള്‍ക്ക് സ്വതന്ത്ര ഇടപെടലിനും ചൂഷണത്തിനും സാഹചര്യമൊരുക്കുന്ന, വിഭാഗീയത പ്രോത്സാഹിപ്പിക്കുന്ന ഭാരതത്തിന്റെ മുഖ്യ ഭരണാധികാരിക്ക്, യേശുവിന്റെയല്ല, മഹാകവി ടാഗോറിന്റെയെങ്കിലും സ്വപ്നത്തിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയുമോ എന്ന ചോദ്യം അനുബന്ധമായി ഉയരുന്നു. ഈ പശ്ചാത്തലത്തില്‍ ബിബിസിയുടേത് പോയിട്ട് പാര്‍ലമെന്റ് അംഗങ്ങളായ മഹുവാ മോയിത്ര, ബിനോയ് വിശ്വം തുടങ്ങിയവര്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ ചേര്‍ത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നമ്മുടെ പ്രധാനമന്ത്രി ഇക്കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടത്തിയ 85 മിനിറ്റ് പ്രസംഗത്തില്‍ ഒരു മറുപടിയും ഉണ്ടായില്ല എന്നത് അതീവ ഗൗരവമുള്ള വിഷയമായി അവശേഷിക്കുന്നു. ബംഗാളില്‍ നിന്നുള്ള പാര്‍ലമെന്റംഗം ഡെറിക് ഒബ്രിയന്‍, ‘നാടിന്റെ പ്രസക്തമായ വിഷയങ്ങളായ തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക കുംഭകോണം, സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്രോതസ് തടയല്‍, മതസൗഹാര്‍ദം എന്നിവയ്ക്കും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ മറുപടി പറഞ്ഞില്ല, പകരം ഒച്ചയും ക്രോധവും മാത്രമാണ് താന്‍ കേട്ടത്’ എന്ന് ഒരു മാധ്യമത്തിന് നല്‍കിയ കുറിപ്പില്‍ പറയുന്നു. ഇവിടെയാണ് ഒരു സാധാരണ പൗരന്റെ ചോദ്യം ഉയരുന്നത്: അല്ലയോ മഹാനുഭാവാ, അങ്ങ് ലോകമെമ്പാടുമുള്ള കോടിക്കണക്കായ മനുഷ്യരോടൊപ്പം ഈ നോമ്പുകാലത്ത് ഈ രാജ്യത്തെ ജനങ്ങളുടെ മുന്‍പില്‍, ഈ നാടിനെ മതപരമായി വിഭജിച്ചതിന്, രാജ്യത്തിന്റെ സമ്പത്ത് കവരാന്‍ സുഹൃത്തുക്കളായ കുത്തകകളെ അനുവദിച്ചതിന്, മനുഷ്യന്‍ മനുഷ്യനെ വിശ്വാസത്തിന്റെ പേരില്‍ കൊലചെയ്യാന്‍ സാഹചര്യമൊരുക്കുന്നതിന് തുടങ്ങി കഴിഞ്ഞ് ആറേഴ് വര്‍ഷത്തെ ജനദ്രോഹ നടപടികള്‍ക്ക്, ഒരു കുമ്പസാരം നടത്തുമോ? വിശ്വമഹാകവി ഉദ്ദേശിച്ച സ്വാതന്ത്ര്യത്തിലേക്ക് ഈ നാട് പുരോഗമിക്കാന്‍!.

Exit mobile version