Site icon Janayugom Online

വെയിറ്റിങ് ലിസ്റ്റ് റദ്ദാക്കല്‍: മൂന്ന് വര്‍ഷം റെയില്‍വേ നേടിയത് 1230 കോടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വെയിറ്റിങ് ലിസ്റ്റ് റദ്ദാക്കലിന്റെ പേരില്‍ ഇന്ത്യന്‍ യാത്രക്കാരില്‍ നിന്ന് റെയില്‍വേ പിഴിഞ്ഞെടുത്തത് 1229.85 കോടി രൂപ. വിവരാവകാശ പ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടിയായാണ് 2021 മുതല്‍ 24 ജനുവരി വരെയുള്ള കണക്കുകള്‍ റെയില്‍വേ പുറത്തുവിട്ടത്. മധ്യപ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകന്‍ വിവേക് പാണ്ഡെയാണ് വിവരാവകാശം സമര്‍പ്പിച്ചത്. ടിക്കറ്റ് റദ്ദാക്കലിലൂടെ റെയില്‍വേക്ക് ലഭിക്കുന്ന വരുമാനം പ്രതിവര്‍ഷം വര്‍ധിക്കുകയാണെന്നും മന്ത്രാലയത്തിന്റെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

2021ല്‍ 2.53 കോടി ടിക്കറ്റുകളാണ് വെയിറ്റിങ് ലിസ്റ്റില്‍ നിന്ന് റദ്ദാക്കിയത്. 248.68 കോടിയാണ് ഇതിലൂടെ ലഭിച്ച വരുമാനം. 2022ല്‍ എണ്ണം 4.6 കോടിയായി. 439.16 കോടി റെയില്‍വേക്ക് ഇതില്‍ നിന്ന് ലഭിച്ചു. കഴിഞ്ഞ വര്‍ഷം 5.26കോടി ടിക്കറ്റാണ് റദ്ദാക്കിയത്. വരുമാനം 505 കോടിയായി വര്‍ധിക്കുകയും ചെയ്തു. ഈ വര്‍ഷം ജനുവരിയില്‍ മാത്രം 45.86 ലക്ഷം ടിക്കറ്റുകളാണ് റദ്ദാക്കിയത്. 43 കോടി രൂപയാണ് റെയില്‍വേ നേടിയത്.

യാത്രക്കാരെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ നിലവിലെ ശേഷിയില്‍ റെയില്‍വേക്ക് കഴിയുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണെന്ന് റെയില്‍വെ മുന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ വാഗ്ദാനം ചെയ്ത് യാത്രക്കാരെ വഞ്ചിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 18 കോച്ചുള്ള ടെയിനിന്റെ 720 സ്ലീപ്പറുകളാണുണ്ടാകുക. എന്നാല്‍ റെയില്‍വെ 600 പേരുടെ വെയിറ്റിങ് ലിസ്റ്റാണ് തയ്യാറാക്കുന്നത്. ഇത്രയധികം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള യാതൊരു മാര്‍ഗവും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിനും 17നും ഇടയിലുള്ള ദീപാവലി അവധി ദിവസങ്ങളില്‍ 96.18 ലക്ഷം ടിക്കറ്റുകളാണ് റദ്ദാക്കിയത്. സീറ്റ് ഉറപ്പിച്ചവര്‍, ഒഴിവുവരുന്ന ഒരു സീറ്റില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ആര്‍എസി, വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ ഉള്‍പ്പെടെയാണ് യാത്ര റദ്ദാക്കിയത്. ഇതില്‍ 47.82 ലക്ഷവും വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരായിരുന്നു. ഏകദേശം 49 ശതമാനം. ഈ ഒരാഴ്ച കൊണ്ടുമാത്രം 10.37 കോടി രൂപ വരുമാനം ലഭിച്ചു.

വെയിറ്റിങ്, ആര്‍എസി പട്ടികയില്‍ ഉള്‍പ്പെടുകയും ടിക്കറ്റ് ഉറപ്പാകാതിരിക്കുകയും ചെയ്യുന്നവരില്‍ നിന്ന് ടിക്കറ്റ് റദ്ദാക്കാനായി 60 രൂപയാണ് റെയില്‍വെ ഈടാക്കുന്നത്. ഇ സേവനത്തിലൂടെയാണ് ടിക്കറ്റ് എടുത്തതെങ്കില്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജും റദ്ദാക്കുന്ന സമയത്ത് മടക്കി നല്‍കാറില്ല. യുപിഐ, ഇന്റര്‍നെറ്റ്, ഡെബിറ്റ്കാര്‍ഡ് സേവനങ്ങള്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്ന് 20 രൂപയാണ് അധികമായി ഈടാക്കുന്നത്.

Eng­lish Sum­ma­ry: Can­cel­la­tion of wait­ing list: Rail­ways earned 1230 crores in three years
You may also like this video

Exit mobile version