Site iconSite icon Janayugom Online

കുട്ടികളിലെ കാൻസര്‍; അറിഞ്ഞിരിക്കേണ്ടത്

പ്രായഭേദമന്യേ എല്ലാവരിലും ബാധിക്കാവുന്ന രോഗമാണ് കാൻസർ. കുട്ടികളിലെ കാൻസർ താരതമ്യേന അപൂർവമാണെങ്കിലും ഇതൊരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ്. മൊത്തം കാന്‍സര്‍ രോഗികളില്‍ മൂന്ന് മുതൽ നാല് ശതമാനം വരെ കുട്ടികളാണ്. ഒന്ന് മുതൽ 19 വയസുവരെയുള്ള കുട്ടികളിൽ ശരാശരി 3,00,000 പേർ കാൻസർ ബാധിതരാവുന്നു. ലോകത്തിൽ ഓരോ മൂന്ന് മിനിറ്റിലും ഒരു കുട്ടി രോഗബാധിതരാകുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ ശാസ്ത്ര സാങ്കേതികവിദ്യ കൈവരിച്ച നേട്ടം കാൻസർ ബാധിതരായ കുട്ടികളുടെ കാര്യത്തില്‍ ആശാവഹമായ പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്.
കുട്ടികളിൽ സാധാരണമായി കണ്ടുവരുന്നത് അക്യൂട്ട് ലുക്കീമിയയാണ്. കേന്ദ്ര നാഡീവ്യൂഹം മുഴകൾ, ലിംഫോമ, വിൽംസ് ട്യൂമർ, ന്യൂറോബ്ലാസ്റ്റോമ, ഓസ്റ്റിയോസാർക്കോമ പോലുള്ള അസ്ഥി മുഴകൾ എന്നിവയാണ് മറ്റുള്ളവ. കുട്ടികളിൽ കാൻസര്‍ ഉണ്ടാകുന്നതിന്റെ കാരണം കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ജനിതകമാറ്റങ്ങളും പാരിസ്ഥിതിക ഘടകങ്ങളും ഒരു പങ്കുവഹിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

കാന്‍സർ കുട്ടികളിൽ ഉണ്ടാക്കുന്ന ഒരുപാട് ലക്ഷണങ്ങളുണ്ട്. ശരീരഭാരം കുറയുക, വിളർച്ച, ക്ഷീണം, സന്ധികളിൽ നീര് അല്ലെങ്കിൽ വേദന, അണുബാധ മൂലമുണ്ടാകുന്ന പനി, അമിതമായ തലവേദന എന്നിവയെല്ലാം ഉൾപ്പെടുന്നു. വയറിലും കഴുത്തിലും ഉണ്ടാകുന്ന മുഴ എന്നിവയും ഇതിൽ ഉൾപ്പെടും. കുട്ടികളിൽ എന്തെങ്കിലും അസാധാരണമായ ലക്ഷണങ്ങൾ കണ്ടാൽ മാതാപിതാക്കളും പരിചരിക്കുന്നവരും വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. കാരണം നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും ഫലം മെച്ചപ്പെടുത്തും. പീഡിയാട്രിക് കാൻസർ ഉടലെടുക്കുവാൻ പ്രത്യേകമായ ഒരു കാരണമില്ല. ജനിതകമായ കാരണങ്ങൾ, പാരിസ്ഥിതിക വിഷവസ്തുക്കളുമായുള്ള സമ്പർക്കം, ചില രീതിയിലുള്ള അണുബാധകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാവാം. കുട്ടികളിൽ കാൻസർ രൂപപ്പെടുവാൻ റേഡിയേഷനുകൾ പ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. നിലവിൽ, ഗർഭകാലത്തെ കാൻസർ തടയുവാൻ മാർഗങ്ങളില്ല. എങ്കിലും, ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിലൂടെയും ദോഷകരമായ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുന്നതിലൂടെയും പതിവായി വൈദ്യപരിശോധന നടത്തുന്നതിലൂടെയും സ്ത്രീകൾക്ക് കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുവാൻ സാധിക്കും.

പരിചയസമ്പന്നരായ വിദഗ്ധരുടെ പരിചരണമാണ് പീഡിയാട്രിക് കാൻസറിന് ആവശ്യം. സോളിഡ് ട്യൂമറിന് കീമോതെറാപ്പി, ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, മജ്ജ അല്ലെങ്കിൽ സ്റ്റെം സെൽ മാറ്റിവയ്ക്കൽ എന്നിവയുൾപ്പെടെ മൾട്ടി ഡിസിപ്ലിനറി ടീം മാനേജ്മെന്റ് ആവശ്യമാണ്. ഏതെങ്കിലും അവയവങ്ങളിലോ പേശികളിലോ ഉള്ള കാൻസറിന്റെ മുഴകൾ നേരത്തെ കണ്ടുപിടിച്ചാൽ ശസ്ത്രക്രിയയിലൂടെ വേഗം സുഖപ്പെടുത്താം. എന്നാൽ മുഴകൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെങ്കിൽ കീമോതെറാപ്പിയോ റേഡിയേഷനോ ആവശ്യമായി വന്നേക്കും. പ്രത്യേകമായ പരിചരണത്തിലൂടെ കുട്ടികളിലെ കാൻസർ ഭേദമാക്കാം. നേരത്തെയുള്ള തിരിച്ചറിയലും ദ്രുതഗതിയിലുള്ള രോഗനിർണയവും ഫലം മെച്ചപ്പെടുവാൻ ആവശ്യമാണ്. ആദ്യ രണ്ട് വർഷത്തിലെ തെറാപ്പിയിൽ രോഗം ആവർത്തിക്കുവാനുള്ള സാധ്യതയുണ്ട്. അതിനാൽ തുടർച്ചയായുള്ള പരിചരണം ആവശ്യമാണ്. ചികിത്സയ്ക്കുശേഷം കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കണം. വൈകിയുള്ള രോഗനിർണയവും ചികിത്സയും മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി മാതാപിതാക്കളെ ബോധവാന്മാരാക്കണം.

(കോഴിക്കോട് ആസ്റ്റർ മിംസ്
പീഡിയാട്രിക്ക് ഹേമറ്റോ ഓങ്കോളജി
കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)

Exit mobile version