Site iconSite icon Janayugom Online

ഇന്ത്യയില്‍ യുവാക്കള്‍ക്കിടയില്‍ ക്യാന്‍സര്‍ വര്‍ധിക്കുന്നതായി പഠനം

ഇന്ത്യയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ കാൻസര്‍ വര്‍ധിച്ചുവരുന്നതായി പഠനം. കാൻസര്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്നത് 20 നും 40 വയസിന് താഴെയുള്ള പുരുഷന്മാരിലും സ്ത്രീകളിലുമാണെന്നാണ് കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷൻ നടത്തിയ പഠനം വ്യക്തമാക്കുന്നത്. മാർച്ച് ഒന്നിനും മേയ് 15 നും ഇടയിൽ ഫൗണ്ടേഷന്റെ ക്യാൻസർ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച ഇന്ത്യയിലുടനീളമുള്ള 1,368 കാൻസർ രോഗികളിലാണ് പഠനം നടത്തിയത്. 40 വയസിന് താഴെയുള്ള കാൻസർ രോഗികളിൽ 60 ശതമാനവും പുരുഷന്മാരാണെന്ന് പഠനം വ്യക്തമാക്കുന്നു.

തലയിലും കഴുത്തിലുമുള്ള അർബുദങ്ങളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്(26ശതമാനം). വൻകുടൽ, ആമാശയം, ദഹനനാളത്തിലെ അർബുദം എന്നിവ 16 ശതമാനം, സ്തനാർബുദം 15 ശതമാനവും രക്താർബുദം ഒമ്പത് ശതമാനവുമാണ്. ഇന്ത്യയിൽ കണ്ടെത്തിയ കേസുകളില്‍ 27 ശതമാനവും കാൻസറിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലാണെന്നും 63 ശതമാനം മൂന്ന്, നാല് ഘട്ടങ്ങളിലാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ഹെല്‍പ് ലൈൻ നമ്പർ ആരംഭിച്ചതുമുതൽ, ഇന്ത്യയിലുടനീളമുള്ള കാൻസർ രോഗികൾക്കുള്ള പിന്തുണാ സംവിധാനമാണിതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ദിവസവും നൂറുകണക്കിന് കോളുകൾ ലഭിക്കുന്നുണ്ടെന്നും കാൻസർ മുക്ത് ഭാരത് കാമ്പെയ്‌നിന്റെ തലവനായ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും സീനിയർ ഓങ്കോളജിസ്റ്റുമായ ഡോ. ആശിഷ് ഗുപ്ത പറഞ്ഞു.

യുവാക്കൾക്കിടയിൽ കാൻസർ കേസുകൾ വർധിക്കുന്നതിന് പിന്നിൽ മോശം ജീവിതശൈലിയാണെന്ന് അദ്ദേഹം പറഞ്ഞു. അമിതവണ്ണം , ഭക്ഷണ ശീലങ്ങളിലെ മാറ്റം, അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണത്തിന്റെ ഉപഭോഗം, ഉദാസീനമായ ജീവിതശൈലി എന്നിവ കാൻസർ സാധ്യത കൂട്ടുന്ന അപക​ട ഘടകങ്ങളാണെന്ന് ആശിഷ് ഗുപ്ത പറഞ്ഞു. യുവതലമുറയിൽ കാൻസർ സാധ്യത തടയാൻ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം ഒഴിവാക്കുകയും വേണമെന്നും അദ്ദേഹം പറയുന്നു. നേരത്തെയുള്ള കണ്ടെത്തലിലൂടെ കാൻസർ രോഗബാധയും ആഘാതവും കുറയ്ക്കുകയാണ് കാൻസർ മുക്ത് ഭാരത് കാമ്പയിൻ ലക്ഷ്യമിടുന്നതെന്നും ഡോ. ഗുപ്ത പറഞ്ഞു. 

Eng­lish Summary:Cancer on the rise among young peo­ple in India, study finds
You may also like this video

Exit mobile version