Site iconSite icon Janayugom Online

കാൻസർ ചികിത്സയ്ക്ക് ഇനി ചെലവ് കുറയും; ഇടനിലക്കാരില്ലാതെ മരുന്ന് ലഭ്യമാക്കാൻ ആരോഗ്യവകുപ്പിന്റെ കരുണ്യസ്പർശം

cancercancer

നിര്‍ധനരായ കാൻസർ രോഗികൾക്ക് സർക്കാരിന്റെ കാരുണ്യസ്പർശം. ചികിത്സക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ രോഗികൾക്ക് ലഭ്യമാക്കാനുള്ള സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്സ് പദ്ധതി ആലപ്പുഴ മെഡിക്കൽ കോളജിൽ ആരംഭിച്ചു. കാരുണ്യ ഫാർമസികളിലെ പ്രത്യേക കൗണ്ടറുകൾ വഴിയാണ് മരുന്നുകൾ വിതരണം നടക്കുന്നത്. ആലപ്പുഴ കൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളജ്, ഗവൺമെന്റ് കൊല്ലം വിക്ടോറിയ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ്, ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി, എറണാകുളം മെഡിക്കൽ കോളജ്, തൃശൂർ മെഡിക്കൽ കോളജ്, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി, കണ്ണൂർ പരിയാരം മെഡിക്കൽ കോളജ്, കാസർഗോഡ് ജനറൽ ആശുപത്രി എന്നിവിടങ്ങളിലും പദ്ധതി ആരംഭിച്ച് കഴിഞ്ഞു. 

കാരുണ്യ ഫാർമസികളിലൂടെ വിതരണം ചെയ്യുന്ന 250 ഓളം ബ്രാൻഡഡ് ഓങ്കോളജി മരുന്നുകളാണ് കുറഞ്ഞ വിലയ്ക്ക് നൽകുന്നത്. ഇതിനായി പ്രത്യേകം ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്. രണ്ടു ശതമാനം സേവന ചെലവ് മാത്രം ഈടാക്കിക്കൊണ്ടും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് ലഭിക്കുന്ന ലാഭം പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുമാകും ഈ കൗണ്ടറുകൾ പ്രവർത്തിക്കുക. 26 ശതമാനം മുതൽ 96 ശതമാനം വരെ വിലക്കുറവ് മരുന്നുകൾക്കുണ്ടാവും. വിപണിയിൽ ഏകദേശം ഒന്നേമുക്കാൽ ലക്ഷം രൂപ വിലവരുന്ന മരുന്ന് 93 ശതമാനം വിലക്കുറവിൽ 11,892 രൂപയ്ക്ക് രോഗികൾക്ക് ലഭിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ആദ്യത്തെ സീറോ പ്രോഫിറ്റ് പ്രത്യേക കൗണ്ടർ ആരംഭിച്ചത്. വിപണി വിലയിൽ നിന്ന് 10 മുതൽ 93 ശതമാനം വരെ വിലക്കുറവിൽ കാരുണ്യ ഫാർമസിയിലൂടെ എണ്ണായിരത്തിൽപ്പരം ബ്രാൻഡഡ് മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. 

നിലവിൽ കേരളത്തിലുടനീളം 75 കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികൾ പ്രവർത്തിക്കുന്നു. ഇവയിൽ ഏഴെണ്ണം 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ്. ഏറ്റവും വിലകുറച്ചാണ് കാരുണ്യ ഫാർമസികൾ വഴി മരുന്നുകൾ നൽകുന്നത്. ഇത് കൂടാതെയാണ് കാൻസറിനുള്ള മരുന്നുകൾ പൂർണമായും ലാഭം ഒഴിവാക്കി നൽകുന്നത്. കാൻസർ ചികിത്സാ ചെലവ് ചുരുക്കുന്നതിൽ രാജ്യത്തിനാകെ മാതൃകയാകുന്ന ഒരു ചുവടുവെയ്പ്പാണ് കാരുണ്യ സ്പർശം. കാൻസർ ചികിത്സയ്ക്കുള്ള ബഹുഭൂരിപക്ഷം മരുന്നുകളും സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ് കൗണ്ടറുകൾ വഴി ലഭ്യമാക്കുന്നതിലൂടെ കാൻസർ മരുന്ന് വിപണിയിൽ സർക്കാർ നടത്തുന്ന നിർണായക ഇടപെടലാകും പുതിയ പദ്ധതി. 

Exit mobile version