Site iconSite icon Janayugom Online

ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ക്കുണ്ടെങ്കില്‍ പൊതുവിഭാഗത്തിലും നിയമിക്കാം: സുപ്രീം കോടതി

പൊതുവിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളേക്കാള്‍ മാര്‍ക്ക് നേടിയ സംവരണവിഭാഗം ഉദ്യോഗാര്‍ത്ഥി, പൊതുവിഭാഗത്തില്‍ നിയമനം ലഭിക്കാന്‍ അര്‍ഹനാണെന്ന്‌ സുപ്രീം കോടതി. അങ്ങനെ വരുമ്പോള്‍ സംവരണ ക്വാട്ടയില്‍ ഒഴിവുവരുന്ന സീറ്റുകളില്‍ അതേ വിഭാഗത്തിലെ ബാക്കിയുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ബിഎസ്എന്‍എല്ലിലെ നിയമനവുമായി ബന്ധപ്പെട്ട രാജസ്ഥാന്‍ ഹൈക്കോടതിയുടെ 2014ലെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് ജസ്റ്റിസ് എം ആര്‍ ഷാ, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. അജ്മീറിലെ സെക്കന്‍ഡറി സ്വിച്ചിങ് ഏരിയ തസ്തികയിലേക്കുള്ള 12 ഒഴിവുകളിലേക്ക് നടന്ന പരീക്ഷയും നിയമനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി വിധി.

പൊതുവിഭാഗത്തിന് 40 ശതമാനവും സംവരണ വിഭാഗത്തിന് 33 ശതമാനവുമായിരുന്നു ചുരുങ്ങിയ യോഗ്യതാ മാര്‍ക്ക്. എന്നാല്‍ പൊതുവിഭാഗത്തില്‍ ആര്‍ക്കും 40 ശതമാനത്തിന് മേല്‍ ലഭിച്ചില്ലെന്ന് മാത്രമല്ല ഒബിസി വിഭാഗക്കാരായ നാലുപേര്‍ക്ക് 40 ശതമാനത്തോടടുപ്പിച്ച് മാര്‍ക്ക് ലഭിക്കുകയും ചെയ്തു. പൊതുവിഭാഗത്തില്‍ ആര്‍ക്കും 40 ശതമാനം ലഭിക്കാത്തതിനാല്‍ എല്ലാ വിഭാഗക്കാര്‍ക്കും യോഗ്യതാ മാനദണ്ഡത്തില്‍ പത്ത് ശതമാനത്തിന്റെ കുറവ് വരുത്തി.

ഒബിസി വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ക്ക് പൊതുവിഭാഗത്തില്‍ നിയമനം ലഭിച്ചവരേക്കാള്‍ മാര്‍ക്കുണ്ടായിരുന്നതിനാല്‍ അവരെ ജനറലില്‍ നിയമിക്കണമെന്നും അങ്ങനെ സംവരണ ക്വാട്ടയില്‍ ഒഴിവുവരുന്ന സീറ്റുകളില്‍ തങ്ങളെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഒബിസി പട്ടികയില്‍ തൊട്ടു താഴെയുള്ള രണ്ടുപേര്‍ കോടതിയിലെത്തി. ഇക്കാര്യം ബിഎസ്എന്‍എല്‍ എതിര്‍ത്തുവെങ്കിലും പരാതിക്കാരുടെ വാദം ട്രൈബ്യൂണലും തുടര്‍ന്ന് ഹൈക്കോടതിയും അംഗീകരിക്കുകയായിരുന്നു. ഇതിനെതിരെയാണ് ബിഎസ്എന്‍എല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഹൈക്കോടതി ഉത്തരവ് ശരിവച്ച സുപ്രീം കോടതി ഒബിസി വിഭാഗക്കാരായ രണ്ട് പരാതിക്കാരെയും പൊതുവിഭാഗത്തില്‍ നിയമിക്കാന്‍ ഉത്തരവിട്ടെങ്കിലും നേരത്തെ നിയമിച്ച ജനറല്‍ വിഭാഗക്കാരായ രണ്ട് പേരെ പുറത്താക്കരുതെന്നും നിര്‍ദേശിച്ചു.

Eng­lish Sum­ma­ry: Can­di­dates can also be appoint­ed in the gen­er­al cat­e­go­ry if they have marks: Supreme Court

You may like this video also

Exit mobile version